Kasargod
കീം എന്‍ട്രന്‍സ്: നീലേശ്വരം സ്വദേശിക്ക് എസ് സി വിഭാഗത്തില്‍ സംസ്ഥാനത്ത് രണ്ടാം റാങ്ക്
നിലവില്‍ ഹൃദിന്‍ കോഴിക്കോട് എന്‍ഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രവേശനം നേടിയിട്ടുണ്ട്.

നീലേശ്വരം | കീം എന്‍ട്രന്‍സ് പരീക്ഷയില്‍ എസ് സി വിഭാഗത്തില്‍ സംസ്ഥാനത്ത് രണ്ടാം റാങ്ക് നീലേശ്വരത്ത്. നീലേശ്വരം പേരോല്‍ ആരാധനാ ഓഡിറ്റോറിയത്തിന് സമീപം സാജ് നിവാസിലെ ഹൃദിന്‍ എസ് ബിജുവിനാണ് ഈ നേട്ടം. 600ല്‍ 536 മാര്‍ക്ക് കരസ്ഥമാക്കിയ ഹൃദിന്‍ പൊതുവിഭാഗത്തില്‍ 319-ാം റാങ്കും നേടി.
കണ്ണൂര്‍ എയര്‍പോര്‍ട്ട് കാലാവസ്ഥാ വിഭാഗം ഉദ്യോഗസ്ഥന്‍ നീലേശ്വരം പേരോല്‍ ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ വി ബിജുവിന്റെയും ഉപ്പിലിക്കൈ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ജി എസ് ശ്വേതയുടെയും ഏക മകനാണ്. നീലേശ്വരം പഞ്ചായത്ത് അംഗവും അനൗണ്‍സറും സംഘാടകനുമായിരുന്ന പരേതനായ വി നാരായണന്‍ മാസ്റ്ററുടെ കൊച്ചുമകനും കൂടിയാണ് ഹൃദിന്‍.
നിലവില്‍ ഹൃദിന്‍ കോഴിക്കോട് എന്‍ഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഐഐടിയാണ് തന്റെ ലക്ഷ്യമെന്നും അതിനാല്‍ ഒരുവര്‍ഷം ജെഇഇ പരീക്ഷയ്ക്കായി പരിശീലനം നടത്താനാണ് തീരുമാനമെന്നും ഹൃദിന്‍ പറയുന്നു. കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍ (സൈലം ഇന്റഗ്രേറ്റഡ്) വിദ്യാര്‍ഥിയായിരുന്ന ഹൃദിന്‍ സിബിഎസ്ഇ പ്ലസ്ടു സയന്‍സ് പരീക്ഷയില്‍ 96% മാര്‍ക്ക് നേടിയിരുന്നു. നീലേശ്വരം സെന്റ് പീറ്റേഴ്സ് ഐസിഎസ്ഇ സ്‌കൂളില്‍ നിന്നും 90 ശതമാനം മാര്‍ക്കോടെയാണ് പത്താംക്ലാസ് പാസായത്.