kg george
മലയാള സിനിമക്ക് നവീന ഭാഷയും കരുത്തും നല്‍കിയ കെ ജി ജോര്‍ജ്
മലയാള സിനിമ സുവര്‍ണ കാലഘട്ടമായി കരുതുന്ന എണ്‍പതുകളില്‍ കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന കെ ജി ജോര്‍ജ് പ്രതിഭയുടെ തിളക്കം പ്രകടമാക്കി
പുതിയ തലമുറയ്ക്ക് എക്കാലത്തും പാഠപുസ്തകമാക്കാവുന്ന വിധം സിനിമയുടെ വ്യാകരണം ചമച്ച ചലച്ചിത്രകാരനാണ് കെ ജി ജോര്‍ജിന്റെ വേര്‍പാടോടെ ഓര്‍മയാവുന്നത്. മലയാള സിനിമക്ക് നവീന ഭാഷയും കരുത്തും നല്‍കി സുപ്രധാനമായ സ്ഥാനം ഉറപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. പുതുതലമുറയില്‍ സിനിമയെ ക്രാഫ്റ്റ് കൊണ്ടു സമ്പന്നമാക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു തുടങ്ങിയവരുടെയെല്ലാം വേരുകള്‍ കെ ജി ജോര്‍ജിലാണെന്നു കാണാം.
മലയാള സിനിമ സുവര്‍ണ കാലഘട്ടമായി കരുതുന്ന എണ്‍പതുകളില്‍ കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന കെ ജി ജോര്‍ജ് പ്രതിഭയുടെ തിളക്കം പ്രകടമാക്കി. മലയാള സിനിമയില്‍ ദൃശ്യങ്ങളുടെ പുതുക്കിയ ഭാഷ അദ്ദേഹം സൃഷ്ടിച്ചു. കഥയും കഥാ പരിസരവും അതുവരെ സഞ്ചരിച്ച വഴികളില്‍ നിന്നു സമ്പുഷ്ടമായ മറ്റൊരുവഴിയിലെത്തി. സിനിമ ആസ്വാദനത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ചതിലും കെ ജി ജോര്‍ജ് പ്രധാന പങ്കുവഹിച്ചു.
ഇന്നു ന്യൂജന്‍ സിനിമയുടെ ചലച്ചിത്ര ഭാഷയില്‍ കെ ജി ജോര്‍ജിന്റെ സ്വാധീനം മാറ്റി നിര്‍ത്താനാവില്ല. മലയാള സിനിമ അതുവരെ കണ്ടു ശീലിച്ച കാഴ്ചയും പ്രമേയവും മാറ്റിപ്പണിയാന്‍ ധൈര്യം കാണിച്ചു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. അതുവരെ കെട്ടിയ കുറ്റിയില്‍ കറങ്ങി സിനിമ ശീലിച്ചുപോന്ന ആവര്‍ത്തനങ്ങളുടെ മടുപ്പില്‍ നിന്നു ആസ്വാദകനെ മോചിപ്പിച്ചു പുതിയ ദൃശ്യാനുഭവങ്ങള്‍ പകരാന്‍ കെ ജി ജോര്‍ജിനായി. നാലു പതിറ്റാണ്ടു നീണ്ട അദ്ദേഹത്തിന്റെ സിനിമാ ജീവിതം പാഠപുസ്തകമായിത്തീരുന്നത് അങ്ങനെയാണ്.
പുതിയ ആഖ്യാന ശൈലിയും ദൃശ്യ പരിചരണവും പിന്തുടര്‍ന്ന അദ്ദേഹം കമേഴ്സ്യല്‍ വിജയത്തിന്റെ കളങ്ങളില്‍ ഒതുങ്ങി നില്‍ക്കാന്‍ തയ്യാറായിരുന്നില്ല. മലയാള സിനിമയുടെ മുഖച്ഛായ വിശ്വോത്തരമായി പുനര്‍നിര്‍മിക്കണമെന്ന ഉറച്ച ധാരണയോടെ അന്നത്തെ നവ തലമുറ സംവിധായകരില്‍ പ്രമുഖനായി അദ്ദേഹം ധൈര്യസമേതം മുന്നോട്ടുവന്നു. സമീപനത്തിലും സാങ്കേതികതയിലുമെല്ലാം കൊണ്ടുവന്ന പുതുമയിലൂടെയാണ് അദ്ദേഹം സിനിമയുടെ ഭാഷയവും വ്യാകരകണവും പരിഷ്‌കരിച്ചത്.
തന്റെ ഓരോ സിനിമയിലും അദ്ദേഹം വ്യത്യസ്ഥമായ അവതരണ രീതികള്‍ സ്വീകരിച്ചു. പശ്ചാത്തലവും ശൈലിയുമെല്ലാം അതിനായി വ്യതിരിക്തമാക്കി. 1976 ല്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായ സ്വപ്‌നാടനം മുതല്‍ അവസാനത്തെ ഇളവങ്കോട് ദേശം വരെയുള്ള സിനിമകളിലെല്ലാം മികച്ച ശില്‍പ്പിയുടെ കൈയ്യടക്കം അദ്ദേഹം പ്രകടമാക്കി. ആസ്വാദകന്റെ ബോധ നിലവാരത്തിനു പിന്നാലെ സിനിമയുടെ സ്രഷ്ടാക്കള്‍ സഞ്ചരിക്കുകയല്ല, പുതിയ അനുഭവങ്ങളിലേക്കും അനുഭൂതികളിലേക്കും ആസ്വാദകനെ നയിക്കുകയാണു പ്രിതിഭാശാലികള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം തെളിയിച്ചു. അന്നു കെ ജി ജോര്‍ജ് ഒരുക്കിയ നിമികളില്‍ ഇന്നും പുതുമകള്‍ ദര്‍ശിക്കാന്‍ കഴിയുന്നത് പ്രതിഭാ ശാലിയുടെ കരസ്പര്‍ശനം തന്നെയാണെന്നു വ്യക്തമാവും.
ഇന്നു മലയാള സിനിമയുടെ സ്വാഭാവികതയായി വിശേഷിപ്പിക്കുന്ന സംഭാഷണ രീതികളുടേയും സാന്ദര്‍ഭികമായി അടര്‍ന്നു വീഴുന്ന തമാശകളുടേയുമെല്ലാം പൂര്‍വ രൂപം കെ ജി ജോര്‍ജിന്റെ സിനിമകളില്‍ കാണാം. സ്വപ്‌നാടത്തിന് ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സോമനും മല്ലികയും മികച്ച സഹനടനും സഹനടിക്കുമുള്ള സംസ്ഥാന അവാര്‍ഡുകളും നേടി. എന്നിട്ടും സ്വയം ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത അദ്ദേഹം പുലര്‍ത്തി. പ്രമേയ പരമായ വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം നടത്തിയ അന്വേഷണമായിരുന്നു ആ പ്രതിഭയുടെ കരുത്ത്. എന്നും ഒരു ന്യൂജന്‍ സിനിമയുടെ പ്രസരിപ്പ് അദ്ദേഹത്തിന്റെ സിനിമകള്‍ക്കുണ്ടായിരുന്നു. കമ്പോള സിനിമയുടെ സൂത്രവാക്യങ്ങള്‍ക്കു വഴങ്ങാതെ നിന്നതുകൊണ്ടുമാത്രം സ്വപ്നാടത്തിനു ശേഷം ഒരുക്കിയ 1977 ലെ വ്യാമോഹവും തുടര്‍ന്നുവന്ന മണ്ണ്, ഇനി അവള്‍ ഉറങ്ങട്ടെ, ഓണപ്പുടവ തുടങ്ങിയ ചിത്രങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയില്ല. ഇളയരാജയെന്ന സംഗീത പ്രതിഭ മലയാളത്തില്‍ എത്തിയ ചിത്രമായിരുന്നു വ്യാമോഹം. ചെയ്ത സിനിമകളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പു ചാര്‍ത്താന്‍ ശ്രമിച്ചു എന്നതാണ് അദ്ദഹത്തിന്റെ സിനിമകളെ എക്കാലത്തേയും പാഠപുസ്തകമായി നിലനിര്‍ത്തുന്നത്.