Kerala
അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കെ ജി എം സി ടി എ
വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്പെൻഷൻ നിർഭാഗ്യകരമാണെന്നും കെ ജി എം സി ടിഎ
കോഴിക്കോട് | അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ – കെ ജി എം സി ടി എ. കുഞ്ഞിന്റെ നാക്കിൻ്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്പെൻഷൻ നിർഭാഗ്യകരമാണെന്നും കെ ജി എം സി ടിഎ കോഴിക്കോട് മെഡിക്കൽ കോളജ് യൂണിറ്റ് ഭാരവാഹികളായ ഡോ. കൃഷ്ണൻ സി, ഡോ. അബ്ദുൽ ബാസിത് എന്നിവർ വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. നാക്കിനടിയിലെ ചെറിയ വൈകല്യം ആയതിനാൽ ഇത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാറില്ല. നാവിലെ കെട്ട് അഴിച്ചു കൊടുക്കാതെ ഇരുന്നാൽ ഇപ്പോൾ പ്രതൃക്ഷ പ്രശ്നങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ അത് സംസാര വൈകല്യത്തിന് കാരണമാകാം എന്നുള്ളതിനാലും സംസാരം പൂർണ്ണമായി വികസിച്ചു കഴിഞ്ഞാൽ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടായതിനാലും ഇതിന് പ്രഥമ പരിഗണന നൽകി കുട്ടിയെ ആ ശസ്ത്രക്രിയക്ക് പോസ്റ്റ് ചെയ്യുക ആയിരുന്നുവെന്ന് കെ ജി എം സി ടി എ പത്രക്കുറിപ്പിൽ അറിയിച്ചു.
ടങ്ക് ടൈ (Tongue tie) ഇല്ലാത്ത കുട്ടികളിൽ ഈ ശസ്ത്രക്രിയ സാധ്യമല്ല എന്നുള്ളതും ശ്രദ്ധേയമാണ്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ആറാം വിരലിൻ്റെ ശസ്ത്രക്രിയ ഇപ്പോൾ തന്നെ ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാൽ അതും അപ്പോൾ തന്നെ ചെയ്യുകയായിരുന്നു. നാക്കിൻ്റെ താഴെ പാട പോലെ കാണുന്ന (tongue tie) നാക്കിലെ കെട്ട് ആണ്. ഇതാണ് ശസ്ത്രക്രിയ ചെയ്തു മാറ്റിയത്. ഇത് ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തുവെന്നും ഡോക്ടർമാരുടെ സംഘന അറിയിച്ചു.
പ്രതികൂലമായ സാഹചര്യങ്ങളിലും സ്തുത്യർഹമായ സേവനം നൽകുന്ന മെഡിക്കൽ കോളേജ് ടീചർമാരുടെ ആത്മവീര്യം തകർക്കുന്നതാകരുത് ഇത്തരം നടപടികൾ. ഒരു പാട് നിരാലംബരായ രോഗികളുടെ അത്താണിയായ സ്ഥാപനത്തിൻ്റെ സത്പേരിന് കളങ്കം സൃഷ്ടിക്കുന്ന പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ വിട്ടു നിൽക്കണമെന്നും കെ ജി എം സി ടി എ അഭ്യർഥിച്ചു.