Connect with us

Kerala

കെ ജി എം ഒ എ സമരം പിന്‍വലിച്ചു: തീരുമാനമെടുക്കാതെ പി ജി ഡോക്ടര്‍മാര്‍

അതേസമയം, മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാകുന്നതുവരെ ഡോക്ടര്‍മാര്‍ വി ഐ പി ഡ്യൂട്ടി ബഹിഷ്‌കരണം തുടരുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ടി എന്‍ സുരേഷ്.

Published

|

Last Updated

തിരുവനന്തപുരം | കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാന വ്യാപകമായി നടത്തിവന്ന സമരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പിന്‍വലിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ല, ജനറല്‍ ആശുപത്രികളില്‍ വരെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എയുടെ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാകുന്നതുവരെ ഡോക്ടര്‍മാര്‍ വി ഐ പി ഡ്യൂട്ടി ബഹിഷ്‌കരണം തുടരുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ടി എന്‍ സുരേഷ് അറിയിച്ചു. സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍സ്-പി ജി ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും സമരം പിന്‍വിലിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ല.

ഐ എം എയും കെ ജി എം സി ടി എയും സമരം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച നിയമ ഭേദഗതി ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ ്അറിയിച്ചത്.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ജോലിഭാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കാന്‍ സംസ്ഥാനതല കമ്മീഷന്‍ വേണമെന്ന ആവശ്യം ഹൗസ് സര്‍ജന്‍, പി ജി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇതുള്‍പ്പെടെ കാര്യങ്ങള്‍ പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ സാഹചര്യത്തില്‍ തുടര്‍ സമരം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് പി ജി ഡോക്ടര്‍മാരുടെ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. റുവൈസ് പറഞ്ഞു. ഓര്‍ഡിനന്‍സ് കൊണ്ടു മാത്രം പി ജി ഡോക്ടര്‍മാരുടെ പ്രശ്‌നം തീരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ചില കാര്യങ്ങളില്‍ അനുഭാവപൂര്‍ണമായ തീരുമാനങ്ങള്‍ ഉണ്ടായെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി എം നൂഹ് പറഞ്ഞു. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് സമരം പിന്‍വലിക്കുന്നതില്‍ തീരുമാനമായിട്ടില്ല. ഉറപ്പുകള്‍ എഴുതി കിട്ടണം എന്നതടക്കം അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ മറ്റു സംഘടനകളുമായി വിശദമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്നും നൂഹ് വ്യക്തമാക്കി.

 

Latest