Connect with us

From the print

ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട്: സമയമാറ്റം ഇപ്പോഴില്ല; മുഴുവന്‍ ശിപാര്‍ശകളും നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കമ്മിറ്റിയുടെ പ്രധാന ശിപാര്‍ശകളിലൊന്നായ സ്‌കൂള്‍ സമയമാറ്റം ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശനിയാഴ്ച പ്രവൃത്തി ദിവസവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കരണത്തിനായി ഖാദർ കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ടിലെ മുഴുവന്‍ ശിപാര്‍ശകളും നടപ്പാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കമ്മിറ്റിയുടെ പ്രധാന ശിപാര്‍ശകളിലൊന്നായ സ്‌കൂള്‍ സമയമാറ്റം ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശനിയാഴ്ച പ്രവൃത്തി ദിവസവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശിപാര്‍ശകള്‍ക്കായി നിയോഗിച്ച ഖാദര്‍ കമ്മിറ്റി ശിപാര്‍ശയുടെ ഒരു ഭാഗത്തിന് മാത്രമാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. മുഴുവന്‍ ശിപാര്‍ശകളും നടപ്പാക്കില്ല. അതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. സ്‌കൂള്‍ സമയമാറ്റം നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അജൻഡയിലില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് സ്‌കൂള്‍ സമയം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയായി പുനഃക്രമീകരിക്കണമെന്നായിരുന്നു ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് സര്‍ക്കാറിന് മുന്നില്‍വെച്ച പ്രധാന ശിപാര്‍ശ. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു. നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒമ്പതര മുതല്‍ മൂന്നര വരെയോ പത്ത് മുതല്‍ നാല് വരെയോ ആണ് പ്രവര്‍ത്തിക്കുന്നത്. ഈ സമയത്തില്‍ മാറ്റം വരുത്തുന്നത് നിലവില്‍ അജൻഡയിലില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.

അതേസമയം, സമരം ചെയ്യുന്ന സംഘടനകള്‍ എന്താണ് അധ്യാപകരെ ബാധിക്കുന്ന പ്രശ്‌നങ്ങളെന്ന് ചൂണ്ടിക്കാണിച്ചാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കിയിട്ടുണ്ട്. ശനിയാഴ്ചകളിലെ പ്രവൃത്തി ദിവസം സംബന്ധിച്ച് ചര്‍ച്ച ചെയ്ത് പുതിയ കലൻഡര്‍ തയ്യാറാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ശാന്തമായ അന്തരീക്ഷത്തില്‍ വിദ്യാഭ്യാസ രംഗം പോകണമെന്നാണ് ഉദ്ദേശിക്കുന്നത്. അധ്യാപകരുടെ സഹകരണം വേണം. ശനിയാഴ്ച പ്രവൃത്തി ദിനം സംബന്ധിച്ച് രണ്ട് സിംഗിള്‍ ബഞ്ചുകള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞതാണ് അത്ഭുതപ്പെടുത്തുന്നത്. അപ്പീല്‍ പോകാന്‍ നിലവില്‍ തീരുമാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Latest