Alappuzha
ഖാലിദിയ സ്‌ഫോടനം; ശ്രീകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
രാത്രി ഒമ്പതിന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക.
അബൂദബി | ഖാലിദിയ സ്ഫോടനത്തില്‍ മരണപ്പെട്ട ആലപ്പുഴ ചെങ്ങന്നൂര്‍ വെണ്‍മണി ചാങ്ങമല പാലത്തിട്ട മലയില്‍ വീട്ടില്‍ ശ്രീകുമാറിന്റെ (43) മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി ഒമ്പതിന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. അബൂദബി ഖയാമത്ത് കമ്പനിയില്‍ ഫെബ്രുവരിയിലാണ് ശ്രീകുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. ജോലിക്കിടെ തൊട്ടടുത്ത കെട്ടിടത്തിലുണ്ടായ പൊട്ടിത്തെറിയില്‍ ജനലിലൂടെ തെറിച്ചുവീണ ലോഹക്കഷ്ണം ശ്രീകുമാറിന്റെ ശരീരത്തില്‍ തുളച്ചുകയറുകയായിരുന്നു. ഗുരുതര പരുക്കേറ്റ ശ്രീകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാത്രി ഷെഡ്യൂളില്‍ ജോലി ചെയ്യേണ്ടിയിരുന്ന ശ്രീകുമാറിന് അപ്രതീക്ഷിതമായി രാവിലെ ജോലിക്ക് കയറേണ്ടി വന്നതിനിടെയാണ് പാചക വാതക സംഭരണി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകട ദിവസം പ്രത്യേകമായി പകല്‍ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു. കുറച്ചുനാള്‍ നാട്ടില്‍ കഴിഞ്ഞ ശേഷം ഫെബ്രുവരിയിലാണ് വീണ്ടും ജോലിക്കായി അബൂദബിയില്‍ എത്തിയത്.
രാമകൃഷ്ണന്‍ നായര്‍-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കൃഷ്ണകുമാരി. മക്കള്‍: അനുശ്രീ, ധനുശ്രീ. സഹോദരങ്ങള്‍: നന്ദകുമാര്‍ (ദുബൈ), ശ്രീകുമാരി (അധ്യാപിക, ചിന്മയ സ്‌കൂള്‍ ചെങ്ങന്നൂര്‍). സ്ഫോടനത്തില്‍ മരിച്ച രണ്ടാമത്തെ മലയാളി കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കൊളവയല്‍ കാറ്റാടിയിലെ മേസ്ത്രി ദാമോദരന്റെ മകന്‍ ധനേഷിന്റെ (32) മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടുപോകും.