Kerala
ഖലീല്‍ ബുഖാരി തങ്ങളുടെ 'ജീവിതം ഇതുവരെ'; പുസ്തക ചര്‍ച്ച പ്രൗഢമായി
പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ കഥ. കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ബുക്ക് ടോക്ക് ഉദ്ഘാടനം ചെയ്തു.

മഅ്ദിന്‍ ക്യാമ്പസില്‍ നടന്ന സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ആത്മകഥ 'ജീവിതം ഇതുവരെ' പുസ്തക ചര്‍ച്ച കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു
സ്വലാത്ത് നഗര്‍ | സാമൂഹിക പ്രവര്‍ത്തകനും വിദ്യാഭ്യ വിചക്ഷണനും ആത്മീയ നേതൃത്വവുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ആത്മകഥ ‘ജീവിതം ഇതുവരെ’ പുസ്തക ചര്‍ച്ച പ്രൗഢമായി. മഅ്ദിന്‍ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ധീരമായ ഇടപെടലുകളെ കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. മഅ്ദിന്‍ അക്കാദമി എന്ന വൈജ്ഞാനിക വിഹായസ്സിന് നാന്ദി കുറിച്ച് ലോകഹൃദയങ്ങളുടെ നെറുകയിലെത്തിച്ചത് തങ്ങളുടെ നിതാന്ത പരിശ്ര
മം കൊണ്ടായിരുന്നു. കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ബുക്ക് ടോക്ക് ഉദ്ഘാടനം ചെയ്തു.
ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ ശാക്തീകരിക്കാനുള്ള ഖലീല്‍ ബുഖാരി തങ്ങളുടെ പ്രതിബദ്ധത പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ ജനനം മുതല്‍ ഇതുവരെയുള്ള യാത്ര, വിദ്യാഭ്യാസം, സാമൂഹിക സേവനം, സംഘടനാ നേതൃത്വം, ആത്മീയ മാര്‍ഗദര്‍ശനം തുടങ്ങിയ മേഖലകളിലെ അനന്യമായ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം ഏറെ വായിക്കപ്പെടേണ്ടതാണെന്ന് യു ടി ഖാദര്‍ പറഞ്ഞു.
മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ എഴുത്ത് നിര്‍വഹിച്ചത് മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റര്‍ ആര്‍ ഗിരീഷ് കുമാറാണ്.
1986ല്‍ മലപ്പുറം കോണോംപാറയില്‍ മസ്ജിദുന്നൂറില്‍ ഒരു സാധാരണ മതപണ്ഡതനായി സേവനമാരംഭിച്ച ഖലീല്‍ ബുഖാരി തന്റെ ദീര്‍ഘവീക്ഷണം കൊണ്ടും സാമൂഹിക ജാഗരണം കൊണ്ടും പെട്ടെന്ന് തന്നെ ശ്രദ്ധേയനായി. വിദ്യാഭ്യാസപരമായും സാമൂഹികമായും ആദര്‍ശപരമായുമെല്ലാം നേതൃശൂന്യമായിരുന്ന മലപ്പുറം ദേശത്തിന് ഇവകള്‍ക്കെല്ലാമുള്ള പ്രതിവിധിയായിരുന്നു സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ രംഗപ്രവേശം (ഖലീല്‍ തങ്ങള്‍).
ഇന്ന് വിദ്യാഭ്യാസ കേരളത്തിലെ പ്രഥമ സ്ഥാനത്തുള്ള മലപ്പുറം ജില്ലക്ക് ഈ മേഖലയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കേണ്ട കാലമുണ്ടായിരുന്നു. ഖലീല്‍ തങ്ങളടക്കമുള്ള മതപണ്ഡിതരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമമാണ് പിന്നിലായിരുന്ന ജില്ലയെ ഉയര്‍ത്തിയത്. ആത്മീയതയിലും ധാര്‍മിക ബോധത്തിലും ഊന്നി സാമൂഹിക ജാഗരണം നടത്തുക എന്നതാണ് ഖലീല്‍ തങ്ങളുടെ പ്രവര്‍ത്തന രീതി. ഇതിനോടകം തന്നെ ലോകത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായെല്ലാം വിദ്യാഭ്യാസ വിനിമയ കരാറില്‍ ഏര്‍പ്പടാന്‍ മഅ്ദിന്‍ അക്കാദമിക്ക് സാധിച്ചിട്ടുണ്ട്. അറുപതില്‍ പരം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഖലീല്‍ തങ്ങള്‍ക്ക് ഈ രാജ്യങ്ങളിലും ലോകത്ത് മറ്റനേകം രാഷ്ട്രങ്ങളിലും മഅ്ദിനില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ ശൃംഖല കൂട്ടായുണ്ട്. ലോകത്ത് അറിയപ്പെട്ട 500 മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ വര്‍ഷങ്ങളായി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഇടം പിടിച്ചുവരുന്നു.
മലപ്പുറം മണ്ഡലം എം എല്‍ എ. പി ഉബൈദുല്ല, വണ്ടൂര്‍ മണ്ഡലം എം എല്‍ എ. എ പി അനില്‍കുമാര്‍, കൊണ്ടോട്ടി മണ്ഡലം എം എല്‍ എ. ടി വി ഇബ്‌റാഹീം, മുന്‍ എം എല്‍ എ. അഡ്വ. കെ എന്‍ എ ഖാദര്‍, സി പി എം ജില്ലാ സെക്രട്ടറി വി പി അനില്‍, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍, ഇ സ്വലാഹുദ്ധീന്‍, മലപ്പുറം പ്രസ്സ് ക്ലബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍, മലപ്പുറം പ്രസ്സ് ക്ലബ് സെക്രട്ടറി വി പി നിസാര്‍, മാധ്യമ പ്രവര്‍ത്തകന്‍ ശംസുദ്ധീന്‍ മുബാറക്ക് പ്രസംഗിച്ചു. എഴുത്ത് നിര്‍വഹിച്ച ആര്‍ ഗിരീഷ്‌കുമാറിന് സ്‌നേഹാദരം നല്‍കി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. നുഐമാന്‍ ആമുഖഭാഷണം നടത്തി. മഅ്ദിന്‍ അക്കാദമി ഗ്ലോബല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഉമര്‍ മേല്‍മുറി സ്വാഗതവും മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ആര്‍ ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.