Ongoing News
ഫുജൈറ ഭരണകൂടത്തിന്റെ മീലാദാഘോഷ പരിപാടിയില്‍ അതിഥിയായി ഖലീല്‍ ബുഖാരി തങ്ങള്‍
ഫുജൈറ കിരീടാവകാശിയുടെ രക്ഷാകര്‍തൃത്വത്തില്‍ സാസ്‌കാരിക യുവജന മന്ത്രാലയവുമായി സഹകരിച്ച് പ്രവാചകന്റെ ജീവ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളും ധാര്‍മിക മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു.
ഫുജൈറ / മലപ്പുറം | പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് ഫുജൈറ ഭരണകൂടത്തിനു കീഴില്‍ സംഘടിപ്പിച്ച അല്‍ ബദ്ര്‍ ഫെസ്റ്റിവലില്‍ അതിഥിയായി സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മീലാദ് പരിപാടിക്കെത്തിയ ഖലീല്‍ ബുഖാരി തങ്ങളെ ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി സ്വീകരിച്ചു.
ഫുജൈറ കിരീടാവകാശിയുടെ രക്ഷാകര്‍തൃത്വത്തില്‍ സാസ്‌കാരിക യുവജന മന്ത്രാലയവുമായി സഹകരിച്ച് പ്രവാചകന്റെ ജീവ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളും ധാര്‍മിക മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. ഫുജൈറ ക്രിയേറ്റീവ് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യു.എ.ഇ, ഈജിപ്ത്, ഒമാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുടെ ദഫ്, കലാപ്രദര്‍ശനങ്ങള്‍ ശ്രദ്ധേയമായി. അല്‍ ബദ്‌റിന്റെ ഭാഗമായി ഫുജൈറ കിരീടവകാശി സ്‌പോണ്‍സര്‍ ചെയ്ത സ്‌കോളര്‍ഷിപ്പ് ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു. അറബി കലിഗ്രഫി, കലിഗ്രഫി പെയിന്റിംഗുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവാചക ജീവചരിത്രത്തെ കുറിച്ചുള്ള കഥ പറച്ചില്‍ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.
കാരുണ്യവും സ്‌നേഹവുമാണ് പ്രവാചകര്‍ മുഹമ്മദ് നബി ജീവിച്ച് കാണിച്ചതെന്നും മീലാദ് ആഘോഷങ്ങള്‍ പ്രവാചക സന്ദേശങ്ങള്‍ പഠിക്കാനും പകര്‍ത്താനും കാരണമാകുമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ഏറ്റവും മികച്ച രീതിയില്‍ മീലാദാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഫുജൈറ ഭരണകൂടത്തെ തങ്ങള്‍ പ്രശംസിച്ചു.