Connect with us

Malappuram

നവകേരള സദസ്സില്‍ ജനകീയ പ്രശ്നങ്ങളുന്നയിച്ച് ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം ജില്ലയിലെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പ്രശ്നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി

Published

|

Last Updated

മലപ്പുറം | കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള പ്രഭാത സദസ്സില്‍ ജില്ലയിലെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പ്രശ്നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍.

കേരളത്തിലെ വിദ്യാഭ്യാസ സ്‌കെയിലില്‍ പ്രഥമ സ്ഥാനത്തുള്ള മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ ക്ലാസുകളില്‍ എഴുപത് വിദ്യാര്‍ഥികള്‍ വരെ ഒരുമിച്ചിരുന്ന് പഠിക്കേണ്ടി വരുന്നു. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തണം. കൂടാതെ ജില്ലക്ക് ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജും ബി എഡ് കോളേജും അടിയന്തരമായി അനുവദിക്കണം.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഉപകരണങ്ങളോ സൗകര്യങ്ങളോ ഫാക്കല്‍റ്റിയോ ഇല്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയ ഖലീല്‍ തങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംവിധാനങ്ങളോടും കൂടിയ തലത്തിലേക്ക് മഞ്ചേരി മെഡിക്കല്‍ കോളജിനെ ഉയര്‍ത്തണമെന്ന ആവശ്യവും ഉന്നയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാന്‍ സാധിക്കാത്തതാണ്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവണം.

പോക്സോ നിയമത്തെ ചൂഷണം ചെയ്ത് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതിന്റെ ഭാഗമായി ജയിലില്‍ കിടക്കുന്ന നിരപരാധികളുടെ എണ്ണം നാലായിരത്തിന് മുകളിലാണെന്ന് കണക്കുകള്‍ സഹിതം അദ്ദേഹം വ്യക്തമാക്കി. അവരുടെ അധ്യാപനവും കുടുംബ ജീവിതവുമാണ് ഇതോടെ താറുമാറാകുന്നത്. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഖലീല്‍ തങ്ങള്‍ ഉണര്‍ത്തി. വളരെ ന്യായമായ ആവശ്യങ്ങളാണിതെന്നും അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

പ്രളയം, ഓഖി, നിപ, കാലവര്‍ഷക്കെടുതി, കൊവിഡ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ കൃത്യമായ ഏകോപനത്തിലൂടെ അതിജീവിച്ച സര്‍ക്കാരിനെ ഖലീല്‍ ബുഖാരി തങ്ങള്‍ പ്രത്യേകം പ്രശംസിക്കുകയും ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുന്ന ഒരു മന്ത്രിസഭ തുല്യതയില്ലാത്തതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

 

Latest