Kerala
വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം: ഖലീല്‍ ബുഖാരി തങ്ങള്‍
"18 തികഞ്ഞാല്‍ വിവാഹം കഴിച്ചയക്കണമെന്ന് ആരും നിര്‍ബന്ധിക്കാറില്ല. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കണം"
മലപ്പുറം | രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും പ്രസ്തുത നിയമം വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. 18 തികഞ്ഞാല്‍ വിവാഹം കഴിച്ചയക്കണമെന്ന് ആരും നിര്‍ബന്ധിക്കാറില്ല. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കണം. ജാഗ്രതയാണ് കരുത്ത് എന്ന ശീര്‍ഷകത്തില്‍ കേരള മുസ്്‌ലിംജമാഅത്ത് മലപ്പുറത്ത് സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെന്‍ഡര്‍ ഈക്വാലിറ്റി എന്ന പേരില്‍ സമീപ കാലത്ത് അരങ്ങേറിയ നാടകങ്ങള്‍ പരിഷ്‌കൃത സമൂഹത്തോട് യോജിച്ചതല്ല. പുരുഷനും സ്ത്രീക്കും പ്രകൃതി പരമായിത്തന്നെ വ്യത്യാസമുണ്ട്. ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണിത്. പുരോഗമന വാദികളെന്ന പേരില്‍ മതത്തെ ഉപയോഗിച്ച് ചിലര്‍ നടത്തുന്ന വികല പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയണമെന്നും ശഹീദ്, ഹിജ്‌റ പോലുള്ളവയെ തെറ്റായി വ്യാഖ്യാനിച്ച് സമുദായത്തെ വൈകാരിക മേഖലകളിലേക്ക് തള്ളിവിടുന്നവരുടെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം പറഞ്ഞു.
അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കണമെന്നും മരണപ്പെട്ടവരുടെ പരലോക ഗുണത്തിനായി വഖ്ഫ് ചെയ്തവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് വിപരീതമായി ഉപയോഗപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല വിഷയാവാതരണം നടത്തി. ഊരകം അബ്ദുറഹ്മാന്‍ സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, ജില്ലാ സെക്രട്ടറി എ.അലിയാര്‍ വേങ്ങര, കൊന്നോല മുഹമ്മദ് ഇബ്‌റാഹീം, ദുല്‍ഫുഖാര്‍ അലി സഖാഫി, പി.സുബൈര്‍ കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.