Kerala
ഖലീല്‍ ബുഖാരി തങ്ങളുടെ ഇന്തോനേഷ്യന്‍ പര്യടനത്തിനു സമാപനം
63 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രഗത്ഭ പണ്ഡിതര്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു ഖലീല്‍ ബുഖാരി തങ്ങള്‍.
ജക്കാര്‍ത്താ | സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ഒരാഴ്ച നീണ്ടുനിന്ന ഇന്തോനേഷ്യന്‍ പര്യടനത്തിന് സമാപനം. ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഇസ്‌ലാമിക പണ്ഡിതസഭയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫി കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഖലീല്‍ തങ്ങള്‍ പ്രസിഡന്റ് ജോക്കോ വിദാദോ, പ്രതിരോധമന്ത്രി ഫെറാബോ ബോബിയാന്തോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സെന്‍ട്രല്‍ ജാവയില്‍ പതിനായിരങ്ങള്‍ തടിച്ചുകൂടിയ ആത്മീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണവും നടത്തി. വിശുദ്ധ ഇസ്‍ലാം ഒരു തരത്തിലുമുള്ള വിദ്വേഷങ്ങളെ അംഗീകരിക്കുന്നില്ലെന്നും സ്‌നേഹവും കരുണയുമാണ് ഇസ്‍ലാം വിഭാവനം ചെയ്യുന്നതെന്നും ആത്മീയതയിലൂടെ മാത്രമേ അത്യന്തിക വിജയം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഇന്തോനേഷ്യന്‍ സാദാത്തീങ്ങളുടെ സംഘടന ‘റാബിത്ത അലവിയ’ ആസ്ഥാനത്ത് നടന്ന സ്വീകരണ യോഗത്തിലും ഖലീല്‍ തങ്ങള്‍ സംബന്ധിച്ചു. ഇന്ത്യയിലും ഇന്ത്യനേഷ്യയിലും സയ്യിദ് കുടുംബങ്ങള്‍ നടത്തിയ നവോത്ഥാനങ്ങള്‍, സാദാത്ത് പരമ്പരകളുടെ പൈതൃക പാരമ്പര്യങ്ങള്‍ എന്നിവയെക്കുറിച്ച് സംഘടനാ മേധാവികളോട് ചര്‍ച്ച നടത്തി. ഈ രംഗത്ത് സാദാത്ത് അക്കാദമി ഉള്‍പ്പെടെയുള്ള ശ്രദ്ധേയമായ സംരംഭങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ മഅ്ദിന്‍ അക്കാദമിയെയും ചെയര്‍മാന്‍ ഖലീല്‍ തങ്ങളെയും റാബിത്ത മേധാവി ഹബീബ് തൗഫീഖ് അല്‍ സഖാഫ് പ്രശംസിച്ചു. ഈജിപ്ത് പ്രസിഡന്റ് മതകാര്യ ഉപദേഷ്ടാവ് ഡോ. ശൈഖ് ഉസാമ അസ്ഹരി മുഖ്യാതിഥിയായി.
പടിഞ്ഞാറന്‍ ജാക്കാര്‍ത്തയില്‍ വച്ച് നടന്ന സ്വീകരണ സമ്മേളനത്തില്‍ ആധുനിക ലോകത്ത് പ്രബോധകന്റെ ദൗത്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ ഇസ്തിഖ്‌ലാലില്‍ നടന്ന പ്രത്യേക സ്വീകരണത്തിലും പങ്കെടുത്തു. തലസ്ഥാനത്തെ വിവിധ കലാശാലകള്‍ സന്ദര്‍ശിച്ച ഖലീല്‍ തങ്ങള്‍ നിരവധി അഭിമുഖങ്ങളിലും ടി വി ചര്‍ച്ചകളിലും പങ്കെടുത്ത് സംസാരിച്ചു.
63 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രഗത്ഭ പണ്ഡിതര്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു ഖലീല്‍ ബുഖാരി തങ്ങള്‍. പര്യടനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച ഖലീല്‍ ബുഖാരി തങ്ങള്‍ക്ക് ഇന്തോനേഷ്യന്‍ ആഭ്യന്തര വകുപ്പിന് കീഴില്‍ യാത്രയയപ്പ് നല്‍കി.