Kuwait
ഖലീല്‍ തങ്ങള്‍ എത്തി; കുവൈത്ത് ഗ്രാന്‍ഡ് മൗലിദ് വ്യാഴാഴ്ച
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനോടനുബന്ധിച്ച് നടന്നു വരുന്ന ഗ്രാന്റ് മൗലിദ് കുവൈത്തിലെ ഏറ്റവും വലിയ മൗലിദ് സദസ്സുകളില്‍ ഒന്നാണ്.
കുവൈത്ത് സിറ്റി | ഐ സി എഫ് കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാന്റ് മൗലിദ് സദസ്സിന് നേതൃത്വം നല്‍കാന്‍ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ കുവൈത്തില്‍ എത്തി. ഐ സി എഫ്, ആര്‍ എസ് സി, കെ സി എഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഖലീല്‍ തങ്ങളെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനോടനുബന്ധിച്ച് നടന്നു വരുന്ന ഗ്രാന്റ് മൗലിദ് കുവൈത്തിലെ ഏറ്റവും വലിയ മൗലിദ് സദസ്സുകളില്‍ ഒന്നാണ്. ഇക്കൊല്ലത്തെ ഗ്രാന്റ് മൗലിദ് സെപ്തംബര്‍ 28 വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും. കുവൈത്ത് മുന്‍ മന്ത്രിയും വിഖ്യാത ഇസ്ലാമിക പണ്ഡിതനുമായ അന്തരിച്ച ഷെയ്ഖ് യൂസുഫ് ഹാഷിം അല്‍ രിഫാഈയുടെ മന്‍സൂരിയയിലെ വീട്ടു മുറ്റത്തെ വിശാലമായ ടെന്റിലാണ് ഗ്രാന്റ് മൗലിദ് സദസ്സ് നടക്കുന്നത്. ആയിരക്കണക്കിനാളുകള്‍ സംബംന്ധിക്കുന്ന മൗലിദില്‍ കുവൈത്തി പണ്ഡിതരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബംന്ധിക്കും.
രാവിലെ ഒമ്പതിന് ബുര്‍ദ മജ്ലിസോടെ ആരംഭിക്കുന്ന പരിപാടി, ഖലീല്‍ തങ്ങളുടെ ഹുബ്ബു റസൂല്‍ പ്രഭാഷണത്തോടും മൗലിദോടും കൂടി മൂന്ന് മണിയോടെ സമാപിക്കും. പരിപാടിയില്‍ സംബന്ധിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി കുവൈത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ഐ സി എഫ് ഭാരവാഹികള്‍ പറഞ്ഞു.