Connect with us

kodiyeri Balakrishnan

കോടിയേരിയുടെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമെന്ന് ഖലീല്‍ തങ്ങൾ

ഭിന്നശേഷി വിദ്യാര്‍ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനാവശ്യമായ പദ്ധതികളും ആശയങ്ങളും വൈസനിയം ഭിന്നശേഷി സമ്മേളനത്തില്‍ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.

Published

|

Last Updated

മലപ്പുറം | കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മരണ വിവരം ഏറെ ദുഃഖത്തോടെയാണ് കേട്ടത്. വിനീതനുമായി വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. സൗമ്യതയോടെ ഇടപെടുന്ന പ്രകൃതമായിരുന്നു കോടിയേരി ബാലകൃഷ്ണന്റേതെന്നും അദ്ദേഹം ഓർത്തു.

ഒരു ഈദ് ദിനത്തില്‍ പെരുന്നാള്‍ സന്തോഷം പങ്കുവെക്കാന്‍ ഞാന്‍ ആശംസാ സന്ദേശം ഫോണില്‍ അയച്ചു. കണ്ട ഉടന്‍ എന്നെ തിരിച്ചുവിളിച്ച് ഒരുപാട് സംസാരിച്ചു. ഒരുമിച്ച് യാത്ര ചെയ്തപ്പോള്‍ പങ്കുവെച്ച ചിന്തകളും ആശയങ്ങളും ഇന്നും ഓര്‍മയിലുണ്ട്. പുഞ്ചിരിയോടെ കാര്യങ്ങള്‍ തുറന്നുപറയുന്ന അദ്ദേഹത്തിന്റെ സംസാരം ഏറെ ആകര്‍ഷിച്ചിരുന്നു. ഏതൊരു വിഷയവും പഠിച്ച ശേഷമാണ് കൈകാര്യം ചെയ്യാറുള്ളത്. ഹലാല്‍ വിവാദ സമയത്ത് തിരുവനന്തപുരത്ത് വെച്ച് കണ്ടപ്പോള്‍ ഹലാലിനെ കുറിച്ചും ഹറാമിനെ കുറിച്ചും വസ്തുനിഷ്ഠമായി ചോദിച്ചറിഞ്ഞു. ഞാന്‍ വിശദീകരിച്ച് കഴിയുന്നത് വരെ സാകൂതം കേള്‍ക്കുകയും തുടര്‍ന്ന് ഹസ്തദാനം ചെയ്ത് സന്തോഷം പങ്കുവെക്കുകയുമുണ്ടായി. അന്ന് വൈകുന്നേരം അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹലാലിന്റെ വിവക്ഷയും വിവാദങ്ങള്‍ക്കുള്ള കൃത്യമായ മറുപടി നല്‍കുകയുമുണ്ടായി.

രാഷ്ട്രീയവിയോജിപ്പുകള്‍ക്കപ്പുറം എല്ലാ വിഭാഗം ജനങ്ങളെയും ഒത്തൊരുമിപ്പിക്കാനും സൗഹാര്‍ദം കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ചെറുപ്പ കാലം മുതല്‍ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്ന പരിചയം കൊണ്ട് കേരളീയ സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍  അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയും അർഹമായ അവശ്യ സഹായങ്ങള്‍ ചെയ്തുതരികയും ചെയ്തിട്ടുണ്ട്.

മഅ്ദിന്‍ അക്കാദമിയുടെ തുടക്കത്തിലും ഇരുപതാം വാര്‍ഷികം വൈസനിയത്തിന്റെ ഭാഗമായും അദ്ദേഹം സ്ഥാപനം സന്ദര്‍ശിച്ചിരുന്നു. വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ മഅ്ദിന്‍ നടത്തിയ മുന്നേറ്റത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഭിന്നശേഷി വിദ്യാര്‍ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനാവശ്യമായ പദ്ധതികളും ആശയങ്ങളും വൈസനിയം ഭിന്നശേഷി സമ്മേളനത്തില്‍ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നുവെന്നും കുടുംബത്തിന്റെയും നാടിന്റെയും ദുഖത്തില്‍ പങ്ക് ചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും ഖലീല്‍ തങ്ങള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest