Connect with us

Kerala

ഖലീലുൽ ബുഖാരി തങ്ങളെ സമസ്ത സെക്രട്ടറിയായി തെരെഞ്ഞെടുത്തു

സമസ്ത സെക്രട്ടറിയായിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് ഖലീലുൽ ബുഖാരി തങ്ങളെ തെരെഞ്ഞെടുത്തത്.

Published

|

Last Updated

കോഴിക്കോട് | കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. കാരന്തൂർ മർകസിൽ ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് തീരുമാനം. സമസ്ത സെക്രട്ടറിയായിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് ഖലീലുൽ ബുഖാരി തങ്ങളെ തെരെഞ്ഞെടുത്തത്.

ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് കാര്യദര്‍ശി, അഖിലേന്ത്യാ വിദ്യാഭ്യാസ ബോര്‍ഡ് ഉപാധ്യക്ഷൻ തുടങ്ങിയ സ്ഥാനങ്ങളും ഖലീൽ തങ്ങൾ വഹിക്കുന്നുണ്ട്. ഗ്ലോബല്‍ മൂവ്‌മെന്റ് ഓഫ് മോഡറേറ്റ്‌സ് അംഗം, ജി 20 മത സൗഹാര്‍ദ്ദ ഉച്ചകോടി സംഘാടക സമിതി അംഗം, സമാധാന പ്രവര്‍ത്തകര്‍ക്കുള്ള ഐക്യരാഷ്ട്ര സഭ പദ്ധതിയിലെ അംഗം, കാംബ്രിജ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായുള്ള മാനുസ്‌ക്രിപ്റ്റ് അസോസിയേഷന്‍ അംഗം എന്നീ സുപ്രധാന അന്താരാഷ്ട്ര പദവികളും അദ്ദേഹം വഹിക്കുന്നു. മലേഷ്യ ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ ഇന്റര്‍ഫൈത്ത് ഇനിഷ്യേറ്റീവിന്റെ തലവനാണ് അദ്ദേഹം.

ജി 20 ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മത സൗഹാര്‍ദ്ദ ഉച്ചകോടികളില്‍ സ്ഥിരം പ്രതിനിധിയാണ് സയ്യിദ് ഖലീല്‍ തങ്ങള്‍. ആസ്‌ട്രേലിയ, ജര്‍മനി, ചൈന,അര്‍ജന്റീന എന്നിവിടങ്ങളിലെ ജി 20 മത സൗഹാര്‍ദ്ദ സമ്മേളനങ്ങളുടെയും അടുത്ത വര്‍ഷങ്ങളില്‍ നടക്കുന്ന ജപ്പാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരിപാടികളുടെ മുഖ്യ സംഘാടകരിലൊരാളാണ്.