Connect with us

International

യുകെയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുനേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം

ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതില്‍ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു.

Published

|

Last Updated

ലണ്ടന്‍| യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുനേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം. ഹൈക്കമ്മീഷനു പുറത്തെ ഇന്ത്യന്‍ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കി. വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിന്റെ ഫോട്ടോ പതിച്ച പതാകകളും പോസ്റ്ററുകളുമായാണ് ഒരു കൂട്ടം പ്രതിഷേധക്കാര്‍ എത്തിയത്. ഫ്രീ അമൃത്പാല്‍ സിംഗ്, നീതി നടപ്പാക്കുക, സ്റ്റാന്‍ഡ് വിത്ത് അമൃത്പാല്‍ സിംഗ് എന്നിവ എഴുതിയ പ്ലക്കാര്‍ഡുകളും പതാകകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആക്രമണത്തിനിടെ കമ്മീഷന്‍ പ്രതിനിധി ഓടി രക്ഷപ്പെട്ടു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിന് മുന്നിലെ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതില്‍ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷനുനേരെ നടന്ന സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് ഇന്ത്യ വ്യക്തമാക്കി. ഡല്‍ഹിയില്‍ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ക്രിസ്റ്റിന സ്‌കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. ലണ്ടനില്‍ നടന്ന സംഭവങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി അപലപിക്കുന്നുവെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു.

ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ് പൊലീസ് നടപടികള്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം.

 

 

 

---- facebook comment plugin here -----

Latest