Connect with us

India-Canada crisis

കാനഡയില്‍ ഖാലിസ്ഥാന്‍ വാദി നേതാവ് കൊല്ലപ്പെട്ട സംഭവം; ഇന്ത്യക്കെതിരായ നിലപാട് ആവര്‍ത്തിച്ച് അമേരിക്ക

ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമര്‍ശിച്ചും ക്വാഡ് രാഷ്ട്രങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കാനഡയില്‍ ഖാലിസ്ഥാന്‍ വാദി നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കെതിരായ നിലപാട് ആവര്‍ത്തിച്ച് അമേരിക്ക. അതിര്‍ത്തി കടന്നുള്ള അടിച്ചമര്‍ത്തലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രതികരണം. സംഭവത്തെക്കുറിച്ച് അമേരിക്കയും അന്വേഷിക്കുകയാണെന്നും അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ നിലപാടില്‍ ഇന്ത്യ പ്രതികരണം വന്നിട്ടില്ല.

എന്നാല്‍ അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടുന്ന ക്വാഡ് രാഷ്ട്ര സംഘടന അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ജപ്പാന്‍, ഓസ്ട്രേലിയ എന്നീരാജ്യങ്ങളാണു ക്വാഡിലെ മറ്റ് അംഗരാജ്യങ്ങള്‍. ന്യൂയോര്‍ക്കില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമര്‍ശിച്ചുമുള്ള പ്രസ്താവന പുറത്തിറക്കിയത്.

ഭീകരവാദികള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ഒളിത്താവളങ്ങള്‍ നല്‍കുന്നതും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാന്‍ സമഗ്രമായ നടപടികള്‍ തുടരുമെന്നും അംഗ രാഷ്ട്രങ്ങള്‍ വ്യക്തമാക്കി. ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്കെതിരെ കാനഡ ശക്തമായ നടപടികള്‍ എടുക്കുന്നില്ല എന്ന് ഇന്ത്യ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ക്വാഡ് പ്രസ്താവന.