Connect with us

Career Education

ഖാനിതാത്: വിറാസ് ഗേള്‍സ് ബിരുദദാന സമ്മേളനം 25 മുതല്‍

32 പേരാണ് പ്രഥമ കോണ്‍വെക്കേഷനില്‍ സനദ് സ്വികരിക്കുന്നത്.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികളുടെ ബിരുദദാന സമ്മേളനം സെപ്തംബര്‍ 25 മുതല്‍ നോളജ് സിറ്റിയിലെ ക്വൂന്‍സ് ലാന്‍ഡില്‍ നടക്കും. ഫൈവ് ഇയര്‍ പ്രോഗ്രാം ഇന്‍ ഇന്റര്‍ ഗ്രേറ്റഡ് ഇസ്‌ലാമിക് സ്റ്റഡീസ്, ത്രീ ഇയര്‍ ബാച്ചിലര്‍ പ്രോഗ്രാം ഇന്‍ ഇസ്‌ലാമിക് റിവീല്‍ഡ് സയന്‍സ് എന്നീ കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവരാണ് സനദ് സ്വീകരിക്കുന്നത്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, മര്‍കസ് ലോ കോളജ് ഉള്‍പ്പെടെയുള്ള നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വൂന്‍സ് ലാന്‍ഡ് ആവിഷ്‌കരിച്ച ഇസ്‌ലാമിക് തിയോളജിയിലുള്ള ഡിപ്ലോമ സ്വന്തമാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സംഗമത്തില്‍ വിതരണം ചെയ്യും.

സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മര്‍കസും നോളജ് സിറ്റിയും മുന്നോട്ടുവെക്കുന്ന സങ്കല്‍പ്പങ്ങളുടെ പരിഛേദമാണ് വിറാസ് ഗേള്‍സ്. ആഴത്തിലുള്ള മതപഠനം ആണ്‍കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെട്ടുപോയ കാലത്ത് കേരളത്തിലെ പാരമ്പര്യ പള്ളി ദര്‍സുകളിലെ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച ശരീഅത്ത് പഠനകേന്ദ്രമാണിത്. മീസാന്‍ മുതല്‍ ശറഹുല്‍ അഖാഇദ് വരെ നീളുന്ന മുഖ്തര്‍ കോഴ്സാണ് സ്ഥാപനത്തിലെ പഠനത്തിലൂടെ സനദ് സ്വന്തമാക്കുന്ന അല്‍വാരിസകള്‍ പൂര്‍ത്തിയാക്കിയത്. അതോടൊപ്പം ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി കോഴ്സുകളും വിജയകരമായി പൂര്‍ത്തിയാക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. 32 പേരാണ് പ്രഥമ കോണ്‍വെക്കേഷനില്‍ സനദ് സ്വികരിക്കുന്നത്. പഠനം പൂര്‍ത്തീകരിച്ച അല്‍വാരിസകള്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലടക്കം ഉപരിപഠനം നടത്തുകയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുകയും ചെയ്യുന്നുണ്ട്.

നിലവില്‍ ഹ്യൂമാനിറ്റീസ്, സയന്‍സ് ഹയര്‍ സെക്കന്‍ഡറി കോഴ്സുകളിലും ബി എസ് സി സൈക്കോളജി, ബി സി എ, ബി ബി എ, ബി എ ഇംഗ്ലീഷ്, ബി എ അറബിക്, ബി എ സോഷ്യോളജി എന്നീ ഡിഗ്രി കോഴ്സുകളിലുമാണ് സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്.

25ന് രാവിലെ ഒമ്പതിന് അദീല്‍ അഹമദ് സബ്തി, കോണ്‍വെക്കേഷന്‍ ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ ഒമ്പതിന് നടക്കുന്ന തീം ടോക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുസലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, അഹ്മദ് ആശിഖ് സഖാഫി സംബന്ധിക്കും. ഉച്ചക്ക് രണ്ടിന് മീറാസ് വാര്‍ഷിക കൗണ്‍സില്‍ സയ്യിദലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ഇബ്റാഹീം സഖാഫി താത്തൂര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജബ്ബാര്‍ സഖാഫി അണ്ടോണ, അബ്ദുല്ലാഹ് ഉനൈസ് നൂറാനി സംബന്ധിക്കും.

വൈകിട്ട് ഏഴിന് ആരംഭിക്കുന്ന ആത്മീയ സംഗമത്തിന് ശൈഖ റജബ് സഖാഫ് നേതൃത്വം നല്‍കും. ബാസില അബ്ദുര്‍റഹ്മാന്‍, സുമയ്യ താജുദ്ദീന്‍ സംബന്ധിക്കും. 27ന് രാവിലെ ഒമ്പതിന് നടക്കുന്ന ഇജാസാത് സംഗമത്തില്‍ സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുല്‍ ഫതാഹ് അവേലം, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി പി ഉബൈദുല്ലാഹ് സഖാഫി, ഡോ. മുഹമ്മദ് റോഷന്‍ നൂറാനി സംബന്ധിക്കും.

രണ്ട് മണിക്ക് ആരംഭിക്കുന്ന സമാപന സംഗമത്തില്‍ ശൈഖ റജബ് സഖാഫ് സനദ് ദാനം നിര്‍വഹിക്കും.