Connect with us

Editors Pick

ഖാസി ഫൗണ്ടേഷൻ: മഹല്ലുകൾ പൂർണ വരുതിയിലാക്കാൻ ഉറച്ച് ലീഗ്

മഹല്ലുകളിൽ പാണക്കാട് തങ്ങൻമാരുടെ ഫോട്ടോ പതിച്ച ബോർഡ് വെക്കണമെന്ന് നിർദേശം

Published

|

Last Updated

കൽപ്പറ്റ| പുതുതായി രൂപവത്കരിക്കുന്ന പാണക്കാട് ഖാസി ഫൗണ്ടേഷനെ മുൻനിർത്തി ഇ കെ വിഭാഗം മഹല്ലുകൾ പൂർണമായി വരുതിയിലാക്കാൻ ഉറച്ച് മുസ്‍ലിം ലീഗ്. പാണക്കാട്ടെ തങ്ങൻമാർ ഖാസിമാരായ മഹല്ലുകളിലെ ഭാരവാഹികളുടെ നേതൃ സംഗമം അടുത്ത മാസം 17ന് കോഴിക്കോട്ട് ചേരാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മഹല്ലുകളിൽ വിപുലമായ പ്രചാരണം നടത്താൻ ലീഗ് അനുകൂല ഇ കെ വിഭാഗം നേതാക്കൾ മഹല്ല് ഭാരവാഹികൾക്ക് നിർദേശം നൽകി. മഹല്ലുകളിൽ സംഗമത്തിന്റെ പ്രചാരണ ബോർഡുകൾ വെക്കണമെന്നും ഇതിൽ മഹല്ലിന്റെ പേരിനൊപ്പം പാണക്കാട് തങ്ങൻമാരുടെ ഫോട്ടോയും ഉണ്ടായിരിക്കണമെന്നുമാണ് നിർദേശം.

ജില്ലാതല പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ കൽപ്പറ്റയിലെ “സമസ്ത’ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച സർക്കുലർ വിതരണം ചെയ്തു. പാണക്കാട് തങ്ങൾ ഖാസി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മഹല്ല് നേതൃസംഗമം ഫെബ്രുവരി 17ന് മർഹൂം പി എം എസ് എ പൂക്കോയ തങ്ങൾ നഗർ (സരോവരം-കോഴിക്കോട്) ചേരും എന്നാണ് പ്രചാരണ ബോർഡിൽ വെക്കേണ്ടത്. മഹല്ല് പ്രതിനിധികളായി പത്തിൽ കുറയാത്ത ആളുകൾ പങ്കെടുക്കണമെന്നും സർക്കുലറിൽ പറയുന്നു.

ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂലികളും ഖാസി ഫൗണ്ടേഷൻ രൂപവത്കരണ കമ്മിറ്റിയുടെ സ്വാഗതസംഘം ഭാരവാഹികളുമായ എം സി മായിൻ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, പി സി ഇബ്റാഹീം ഹാജി കമ്പളക്കാട് എന്നിവരുടെ പേരിലാണ് സർക്കുലർ.

നേരത്തേ കണ്ണൂരിലും കോഴിക്കോട്ടുമെല്ലാം ജില്ലാതല പ്രചാരണ യോഗങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ സ്വാദിഖലി തങ്ങൾ പങ്കെടുത്ത യോഗം വയനാട്ടിൽ ചേർന്നത്. ജില്ലയിലെ ഇ കെ വിഭാഗത്തിന്റെ ഭൂരിഭാഗം നേതാക്കളും പങ്കെടുത്തെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഇ കെ സമസ്ത ജില്ലാ പ്രസിഡന്റ് ഹംസ മുസ്‍ലിയാരും പോഷക സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

എന്നാൽ മുശാവറ അഗം പി മൂസക്കോയ മുസ്‍ലിയാർ, ഇ കെ വിഭാഗം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്‍റാഹീം ഫൈസി പേരാൽ തുടങ്ങിയവർ വിട്ടുനിന്നു. വയനാട്ടിൽ ഇ കെ വിഭാഗത്തിന് മൂന്നൂറിലേറെ മഹല്ലുകളുണ്ടെന്നും ഇതിൽ 75 മഹല്ലുകളിൽ നിന്നായി 120 ഓളം പേർ മാത്രമാണ് പങ്കെടുത്തതെന്നും ലീഗ്‌ വിരുദ്ധ ചേരിയിലെ പ്രമുഖ നേതാവ് പറഞ്ഞു. ഇ കെ വിഭാഗത്തിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ലീഗ് അനുകൂലികളുടെ ഒരു യോഗമാണ് നടന്നതെന്നും ഇതിൽ പങ്കെടുത്തവരിൽ ഏറെയും ലീഗിന്റെ ഭാരവാഹികളാണെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് ഖാസി ഫൗണ്ടേഷന് ഔദ്യോഗിക ബന്ധമുണ്ടാകില്ലെന്ന് സംഘാടകനായ അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നു. നിലവിൽ ഇ കെ വിഭാഗത്തിന് സുന്നി മഹല്ല് ഫെഡറേഷൻ ഉണ്ട്. ഇത് പോരെന്നു മനസ്സിലാക്കി മഹല്ലുകളുടെ കൂട്ടായ്മ രൂപവത്്കരിച്ച് മഹല്ലുകളുടെ കേന്ദ്രം പാണക്കാട്ടേക്ക് മാറ്റുകയുമാണ് ഖാസി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതെന്നാണ് മറുപക്ഷം പറയുന്നത്. ഇതിനായാണ് പാണക്കാട് ഖാസി ഹൗസ് രൂപവത്്കരിക്കുന്നത്.

ലീഗ് അനുകൂല നേതാക്കളെ മാത്രം മുൻനിർത്തി നടത്തുന്ന ഈ നിക്കത്തിലൂടെ ഇ കെ വിഭാഗത്തിന്റെ നിയന്ത്രണം പൂർണമായും വരുതിയിലെത്തുമെന്ന് മുസ്്ലിം ലീഗ് കണക്കുകൂട്ടുന്നു.

Latest