Connect with us

From the print

ഖത്മുൽ ബുഖാരി ആത്മീയ സംഗമം നാളെ; സുൽത്വാനുൽ ഉലമയുടെ സ്വഹീഹുൽ ബുഖാരി ദർസ് 60 വർഷം പിന്നിടുന്നു

സ്വഹീഹുൽ ബുഖാരി അധ്യാപന രംഗത്ത് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ 60 വർഷം പിന്നിട്ട സവിശേഷ മുഹൂർത്തത്തിൽ നടക്കുന്ന ഖത്മുൽ ബുഖാരി സംഗമത്തെ ഏറെ പ്രാധാന്യത്തോടെയാണ് പണ്ഡിത ലോകവും സ്‌നേഹജനങ്ങളും കാണുന്നത്

Published

|

Last Updated

കോഴിക്കോട് | മർകസ് സനദ്്ദാന പൊതുസമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഖത്മുൽ ബുഖാരി ആത്മീയ സമ്മേളനം നാളെ രാവിലെ ആറിന് ആരംഭിക്കും. സ്വഹീഹുൽ ബുഖാരി അധ്യാപന രംഗത്ത് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ 60 വർഷം പിന്നിട്ട സവിശേഷ മുഹൂർത്തത്തിൽ നടക്കുന്ന ഖത്മുൽ ബുഖാരി സംഗമത്തെ ഏറെ പ്രാധാന്യത്തോടെയാണ് പണ്ഡിത ലോകവും സ്‌നേഹജനങ്ങളും കാണുന്നത്.
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികം എന്ന സവിശേഷതയുള്ള ഇസ്‌ലാമിക ഗ്രന്ഥമാണ് ഇമാം ബുഖാരി (റ)യുടെ സ്വഹീഹുൽ ബുഖാരി. വിശ്വപ്രസിദ്ധമായ ഈ ഹദീസ് ഗ്രന്ഥത്തിന്റെ ദർസ് കാന്തപുരം ഉസ്താദിന്റെ മതാധ്യാപന ചരിത്രത്തിൽ ഏറെ പ്രധാനമാണ്. ആഗോള കീർത്തി നേടിയ ദർസിൽ പങ്കെടുക്കാൻ വിദേശികളടക്കം മർകസിൽ എത്താറുണ്ട്. 1964 ഫെബ്രുവരി 28 ശവ്വാൽ 14ന് വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിലെ മങ്ങാട് ജുമുഅത്ത് പള്ളിയിൽ വെല്ലൂർ ബാഖിയാത്തിലെ മുദർരിസും പ്രമുഖ ഹദീസ് പണ്ഡിതനുമായ ശൈഖ് ഹസൻ ഹസ്‌റത്താണ് സുൽത്വാനുൽ ഉലമയുടെ ബുഖാരി ദർസിന് തുടക്കമിടുന്നത്. അന്ന് മുതൽ മങ്ങാട്, കോളിക്കൽ, കാന്തപുരം അസീസിയ്യ അറബിക് കോളജ്, മർകസ് ശരീഅ കോളജ് എന്നിവിടങ്ങളിലായി നടത്തിയ ദർസാണ് 60 വർഷം പൂർത്തിയാകുന്നത്. 15,000ത്തോളം ശിഷ്യരാണ് ഈ ദർസുകളിൽ ഇതിനകം സ്ഥിരമായി പങ്കെടുത്തത്. ശിഷ്യത്വം ആഗ്രഹിച്ചും അനുഗ്രഹം തേടിയും പങ്കെടുത്തവർ അനേകമാണ്. കേരളത്തിലെ വിവിധ മതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉന്നത പഠനം ആരംഭിക്കുന്ന വിദ്യാർഥികളും ബിരുദം സ്വീകരിച്ച് പുറത്തിറങ്ങാനിരിക്കുന്നവരും അനുഗ്രഹം തേടി സുൽത്വാനുൽ ഉലമയുടെ സ്വഹീഹുൽ ബുഖാരി ദർസിൽ കണ്ണിചേരാൻ എത്തുന്നത് പതിവാണ്. വിശ്രുത ഹദീസ് പണ്ഡിതരായ ശൈഖ് മുഹമ്മദ് യാസീൻ അൽ ഫാദാനി ഉൾപ്പെടെയുള്ള ലോകപ്രശസ്ത പണ്ഡിതരുടെ ശിഷ്യത്വവും ഇജാസത്തുകളും ഇതിനകം ഉസ്താദ് കരസ്ഥമാക്കി.

മസ്ജിദുൽ ഹറം, മസ്ജിദുൽ അഖ്‌സ, ഇമാം ബുഖാരിയുടെ അന്ത്യവിശ്രമ കേന്ദ്രം തുടങ്ങി ചരിത്രപ്രാധാന്യമുള്ള വിവിധ കേന്ദ്രങ്ങളിലും കാന്തപുരം ദർസ് നടത്തിയിട്ടുണ്ട്. ബുഖാരി സേവനങ്ങൾ കൂടി കണക്കിലെടുത്ത് 2023ൽ മതപണ്ഡിതർക്കുള്ള മലേഷ്യൻ സർക്കാറിന്റെ പരമോന്നത ബഹുമതിയായ മഅൽ ഹിജ്‌റ പുരസ്‌കാരത്തിന് കാന്തപുരത്തെ തിരഞ്ഞെടുത്തിരുന്നു. ആ വർഷം മുതൽ മലേഷ്യൻ സർക്കാറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി വാർഷിക പാരായണ സംഗമത്തിന് നേതൃത്വം നൽകാൻ സർക്കാർ അതിഥിയായി ക്ഷണിക്കപ്പെടുന്നതും അധ്യാപന രംഗത്തെ സുൽത്വാനുൽ ഉലമയുടെ പാരമ്പര്യം കണക്കിലെടുത്താണ്. ബുഖാരി അധ്യാപന കാലത്തെ ഗവേഷണവും വിശകലനവും ഉൾപ്പെടുത്തി തദ്കീറുൽ ഖാരി എന്ന വ്യാഖ്യാന ഗ്രന്ഥത്തിന്റെ പത്ത് വാള്യങ്ങളുടെ രചനയും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.

കൊവിഡ് കാലത്തും യാത്രകൾക്കിടയിൽ പോലും ദർസ് മുടങ്ങിയിട്ടില്ല. ഒരു ദിവസത്തെ ദർസിൽ തന്നെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം യുവപണ്ഡിതർ പങ്കെടുക്കുന്നു. ചരിത്ര മുഹൂർത്തത്തിൽ നടക്കുന്ന ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമത്തിൽ വിശ്വപ്രസിദ്ധ പണ്ഡിതരും സാദാത്തുക്കളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും പങ്കെടുക്കും. പണ്ഡിതലോകം സുൽത്വാനുൽ ഉലമക്ക് നൽകുന്ന വൈജ്ഞാനിക ആദരം കൂടിയാവും ഇത്തവണത്തെ ഖത്മുൽ ബുഖാരി.