Connect with us

Qatar

ഖത്വര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കം

വ്യാപാരം, ഊര്‍ജം, ആഗോളവത്ക്കരണം, സാങ്കേതികവത്ക്കരണം, നിക്ഷേപം എന്നിങ്ങനെ വിവിധ മേഖലകളെ കുറിച്ച് ഫോറം ചര്‍ച്ച ചെയ്യും.

Published

|

Last Updated

ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൂടിക്കാഴ്ച നടത്തുന്നു

ദോഹ | നാലാമത് ഖത്വര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി. ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിച്ച ഉച്ചകോടിയില്‍ ഖത്വര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ആമുഖ പ്രഭാഷണം നടത്തി.

ഖത്വറിന്റെ സാമ്പത്തിക വ്യവസായ മേഖലയിലെ വളര്‍ച്ചയെ വിശദീകരിച്ചു കൊണ്ട് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ സംസാരിച്ചു. സാങ്കേതിക മേഖലയില്‍ ഖത്വര്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പോളണ്ട് പ്രസിഡന്റ് ആന്ദേസ് ഡ്യൂഡ, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍ വര്‍ ഇബ്‌റാഹീം, ഇന്തോനേഷ്യയിലെ നിയുക്ത പ്രസിഡന്റ് പ്രബാവോ സുബിയാന്തോ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനി മേധാവികള്‍ മുതലായവര്‍ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.

വ്യാപാരം, ഊര്‍ജം, ആഗോളവത്ക്കരണം, സാങ്കേതികവത്ക്കരണം, നിക്ഷേപം എന്നിങ്ങനെ വിവിധ മേഖലകളെ കുറിച്ച് ഫോറം ചര്‍ച്ച ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഖത്വര്‍ സാമ്പത്തിക ഫോറം സംഘടിപ്പിക്കുന്നത് ബ്ലുംബെര്‍ഗ് ആണ്. സാമ്പത്തിക ഫോറം വേദിയില്‍ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, ഖത്വര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡറുമായും സാമ്പത്തിക ഫോറം വേദിയില്‍ വെച്ച് യൂസഫലി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും ഖത്വറും തമ്മിലുള്ള വാണിജ്യ മേഖലയിലെ സഹകരണത്തിന് ലുലു ഗ്രൂപ്പ് നല്‍കുന്ന സംഭാവനകളെ അംബാസഡര്‍ വിപുല്‍ എക്‌സില്‍ ശ്ലാഘിച്ചു. ലുലു ഗ്രൂപ്പ് ഖത്വര്‍, യു എസ്, യൂറോപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫും സംബന്ധിച്ചു.

 

Latest