National
ബാഡ്മിന്റൺ ജോഡികളായ ചിരാഗ് ഷെട്ടിക്കും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിക്കും ഖേൽരത്ന; മുഹമ്മദ് ഷമിക്ക് അർജുന അവാർഡ്
26 കായികതാരങ്ങൾക്കാണ് അർജുന അവാർഡ്
ന്യൂഡൽഹി | ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും വലിയ ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് ബാഡ്മിന്റൺ താര ജോഡികളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അർജുൻ പുരസ്‌കാരത്തിന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെയും തിരഞ്ഞെടുത്തു. 2024 ജനുവരി 9 ന് രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കായിക അവാർഡുകൾ വിതരണം ചെയ്യുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.
മുഹമ്മദ് ഷമി ഉൾപ്പെടെ 26 കായികതാരങ്ങൾക്കാണ് അർജുന അവാർഡ് നൽകുക. ഓജസ് പ്രവീൺ ഡിയോട്ടലെ (അമ്പെയ്ത്ത്), അദിതി ഗോപിചന്ദ് സ്വാമി (അമ്പെയ്ത്ത്), ശ്രീശങ്കർ എം (അത്‌ലറ്റിക്‌സ്), പരുൾ ചൗധരി (അത്‌ലറ്റിക്‌സ്), മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിംഗ്), ആർ വൈശാലി (ചെസ്സ്), അനുഷ് അഗർവാല (അശ്വാഭ്യാസം), ദിവ്യകൃതി സിംഗ് (ഇക്വസ്ട്രിയൻ ഡ്രെസ്സേജ്), ദീക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പഥക് (ഹോക്കി), പുക്രംബം സുശീല ചാനു (ഹോക്കി), പവൻ കുമാർ (കബഡി), റിതു നേഗി (കബഡി), നസ്രീൻ (ഖോ-ഖോ), പിങ്കി, ഐശ്വരി പ്രതാപ് സിംഗ് തോമർ (ഷൂട്ടിംഗ്), ഇഷ സിംഗ് (ഷൂട്ടിംഗ്), ഹരീന്ദർ പാൽ സിംഗ് സന്ധു (സ്ക്വാഷ്), അയ്ഹിക മുഖർജി (ടേബിൾ ടെന്നീസ്), സുനിൽ കുമാർ (ഗുസ്തി), മിസ് ആന്റിം (ഗുസ്തി), നൗറെം റോഷിബിന ദേവി (വുഷു), ശീതൾ ദേവി (പാരാ അമ്പെയ്ത്ത്), ഇല്ലൂരി അജയ് കുമാർ റെഡ്ഡി (അന്ധ ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിംഗ്) എന്നിവരാണ് അർജുന അവാർഡ് നേടിയ മറ്റു താരങ്ങൾ.
ലളിത് കുമാർ (ഗുസ്തി), ആർ ബി രമേഷ് (ചെസ്സ്), മഹാവീർ പ്രസാദ് സൈനി (പാരാ അത്‌ലറ്റിക്‌സ്), ശിവേന്ദ്ര സിംഗ് (ഹോക്കി), ഗണേഷ് പ്രഭാകർ ദേവ്രുഖ്കർ (മല്ലഖാംബ്) എന്നിവർക്കാണ് ദ്രോണാചാര്യ പുരസ്കാരം.
സമിതികളുടെ ശിപാർശകളുടെ അടിസ്ഥാനത്തിലും കൃത്യമായ അന്വേഷണത്തിനു ശേഷവുമാണ് താരങ്ങളെയും പരിശീലകരെയും അവാർഡിന് തിരഞ്ഞെടുത്തതെന്ന് കായിക മന്ത്രാലയം അറിയിച്ചു.