Connect with us

Travelogue

ഖുറാസാൻ വിശേഷങ്ങൾ

14 മണിക്കൂർ നീണ്ട ട്രെയിൻ യാത്രക്കിടെ ഒരു സ്റ്റോപ്പിലും ചായക്കാരുടെ കലപിലയോ കടലക്കാരുടെ ആരവങ്ങളോ കണ്ടില്ല. മാലിന്യങ്ങളോ ദുർഗന്ധമോ എവിടെയുമില്ല. മസാറുകൾക്കരികിലോ പാതയോരങ്ങളിലോ യാചകരായി ആരുമില്ല. ബസാറുകളിൽ പറയത്തക്ക ചൂഷണങ്ങളോ അസഹ്യമായ വില പേശലുകളോ ഇല്ല. ഖുറാസാൻ പ്രവിശ്യയിൽപ്പെട്ട ഉസ്ബക്കിസ്ഥാനിപ്പോൾ ശാന്തിയുടെ ശാദ്വല തീരത്താണ്. രാജ്യാന്തര സന്ദർശകരുടെ മനം കവരാൻ ധാരാളം സമൃദ്ധികളുണ്ടവിടെ.

Published

|

Last Updated

ഴിഞ്ഞ ഏപ്രിൽ 27ന് ഉച്ചതിരിഞ്ഞ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ഉസ്ബക്കിസ്ഥാൻ എയർവേഴ്സിൽ പുറപ്പെട്ട് വൈകീട്ടോടെ ഉസ്ബക് തലസ്ഥാനമായ താഷ്കന്റ്ഇസ്‌ലാം കരീമോവ് ഇന്റർനാഷനൽ എയർപോർട്ടിൽ വിമാനമിറങ്ങിയത് തന്നെ ശാന്തത തളംകെട്ടി നിൽക്കുന്ന കാലാവസ്ഥയിലേക്കാണ്. എയർപോർട്ടിന്റെ അകത്തോ പുറത്തോ ആരവങ്ങളില്ല. ശബ്ദകോലാഹലങ്ങളില്ല. പുറത്തിറങ്ങിയപ്പോൾ തണുത്ത കാലാവസ്ഥ. ഏറെക്കാലവും ശൈത്യകാലാവസ്ഥയുള്ള ഇവിടം ഇപ്പോൾ നോർമൽ തണുപ്പാണത്രെ. എന്നാൽ, ഞങ്ങൾ 33 അംഗസംഘത്തിൽ ഭൂരിപക്ഷം പേരും കോട്ടും ജാക്കറ്റുമായി തണുപ്പിനെ നേരിടാനുറച്ചു. രാത്രിയോടെ താമസിക്കുന്ന ഹോട്ടലിലെത്തി ഫ്രഷായി.

പിന്നീട് ബസിൽ ദീപാലങ്കാരമുള്ളൊരു നഗരം കാണാനിറങ്ങി. പുറത്തിറങ്ങി അഞ്ചുപത്ത് മിനുട്ട് ഫോട്ടോയെടുത്തും മറ്റും ആസ്വദിച്ചപ്പോഴേക്കും അസഹ്യമായ തണുത്ത കാറ്റടിച്ച് ഞങ്ങൾ ഞെട്ടിവിറച്ച് ബസിൽ ഓടിക്കയറുകയായിരുന്നു.

ഏത് തണുപ്പിലും സുബ്ഹി നിസ്കാരം ജമാഅത്തായി നിസ്കരിക്കുക എന്നത് യാത്രാസംഘത്തിന്റെ അമീർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയുടെ നിർബന്ധ ശൈലിയാണ്. അതിനായി താമസ സ്ഥലത്തെ പള്ളികളെക്കുറിച്ച് അദ്ദേഹം സെർച്ച് നടത്തും. പള്ളിയില്ലെങ്കിൽ ഹോട്ടലിൽ അതിനായി സൗകര്യം സംഘടിപ്പിക്കും. ആദ്യ സുബ്ഹി നിസ്കാരം 200 മീറ്റർ അകലെ റകാത്ത് ഗ്രാൻഡ് മസ്ജിദിലായിരുന്നു. പള്ളിനിറയെ ആളുകൾ. പ്രായമേറിയവർ ധാരാളം. എല്ലാവരും ഓവർ കോട്ടും തൊപ്പിയും ഷോക്സും അണിഞ്ഞിട്ടുണ്ട്.

നിസ്കാരത്തിൽ ഈണത്തിലുള്ള ഖുർആൻ പാരായണം മനസ്സിനും കുളിരേകി. നിസ്കാര ശേഷം ചെറിയൊരു പ്രാർഥന. അത് കഴിഞ്ഞ് അൽപ്പം ദിക്ർ ചൊല്ലി വീണ്ടും പ്രാർഥന. ഇമാമിന് പുറമെ, തൊട്ടടുത്തിരിക്കുന്നവരെക്കൊണ്ടും ദുആ ചെയ്യിപ്പിക്കും. അക്കൂട്ടത്തിൽ ഡോ. അസ്ഹരിയെക്കൊണ്ടും ദുആ ചെയ്യിപ്പിച്ചു. ഉസ്താദിന്റെ അൽപ്പ നേരത്തെ പ്രഭാഷണവും ദുആയും അന്നാട്ടുകാരെ വല്ലാതെ ആകർഷിച്ചു. തുടർന്ന് പലരും അസ്ഹരിയെയും അംഗങ്ങളെയും ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും സൗഹൃദം പങ്കിട്ടു. തുടർന്ന് ഡോ. അസ്ഹരിയോടൊപ്പം ഏതാനും കിലോമീറ്റർ നടക്കാനിറങ്ങി.

നാടിന്റെ മനോഹാരിതയും പ്രകൃതി സൗന്ദര്യവും ഞങ്ങളുടെ തണുപ്പിനെ വകഞ്ഞു മാറ്റി. ഒരു ഡസനിലധികം രാഷ്ട്രങ്ങൾ സന്ദർശിക്കാൻ ഇതിനകം ഭാഗ്യം ലഭിച്ചതിൽ ഏറെ വൈവിധ്യങ്ങളാൽ പ്രൗഢമായിരുന്നു, ഉസ്ബക്കിസ്ഥാൻ യാത്ര. പഴയ സോവിയറ്റ് യൂനിയനിൽ നിന്ന് വേർപിരിഞ്ഞ നാടെന്നറിയാം. ഏറെ പോരാട്ടങ്ങളുടെയും പിടിച്ചടക്കലിന്റെയും കഥയുമുണ്ട്. വീണ്ടും വീണ്ടും നാടിനെ കെട്ടിപ്പടുത്തത് ചരിത്ര പുരുഷൻമാർ. യാത്രയിലുടനീളം അതനുഭവിച്ചു. വിചാരിച്ചതിലധികം പ്രൗഢിയുണ്ട് ഈ നാടിന്. പൗരാണിക നിർമിതികൾ ആധുനിക സംവിധാനങ്ങളെ വെല്ലുന്ന തരത്തിലുള്ളതാണ്.

കൊത്തുപണികളാൽ അലംകൃതമായ ചാരുതയാർന്ന കെട്ടിടങ്ങൾ കണ്ണഞ്ചിപ്പിക്കും കാഴ്ചയാണ്. സമ്പത്തിന്റെ മൂല്യം നന്നെ കുറവാണവിടെ. ഒരു ചായ കിട്ടണമെങ്കിൽ ചുരുങ്ങിയത് 10,000 സൂമ് വേണം. പക്ഷേ, ജനങ്ങളുടെ സ്നേഹത്തിനും പുഞ്ചിരിക്കും ഒരു നയാക്കാശും കൊടുക്കേണ്ട. എയർ പോർട്ടിൽ നിന്ന് തുടങ്ങി പള്ളിയിലെ ഹൗളിൻ കരയിൽ വരെ സ്നേഹത്തിന്റെ തലോടൽ ലഭ്യമാണവിടെ. താമസിച്ച ഹോട്ടലുകളിൽ, റെസ്റ്റോറന്റുകളിൽ, അങ്ങാടികളിൽ, മസാറുകളിൽ, മസ്ജിദുകളിൽ, ബസുകളിൽ, ട്രെയിനുകളിൽ… എല്ലായിടത്തും ആവശ്യത്തിന് സഹായിക്കാൻ ആളുകളുണ്ട്. പുഞ്ചിരിക്കുന്ന മുഖവുമായി തലതാഴ്ത്തി ഭവ്യതയോടെ അവർ നമ്മെ സ്വീകരിക്കും.
സലാം ചൊല്ലും, ആലിംഗനം ചെയ്യും. അവരുടെ മനസ്സ് അവരുടെ രൂപംപോലെ തന്നെ തിളക്കമാർന്നതാണ്. മഖ്ബറകളിലെത്തിയാൽ അവിടെ തിക്കും തിരക്കുമില്ലാതെ, എല്ലാവരേയും ചുറ്റുമിരുത്താൻ അവിടുത്തെ ഖാദിമുകൾ മത്സരിക്കും. അതിനായി ചുറ്റുപാടും ചെയറുകളും സോഫാസെറ്റുകളും റെഡിയാണ്.

വൃത്തികൊണ്ടും വെടിപ്പു കൊണ്ടും കേളികേട്ട ഈ നാട് കൃഷികളാൽ സമ്പന്നമാണ്. യാത്രയിലുടനീളം ഇരുവശത്തും കൃഷിയുടെ പച്ചപ്പരവതാനി വിരിച്ചു കിടക്കുന്നത് കാണാം. ധാന്യവർഗങ്ങളും പഴവർഗങ്ങളും നട്സുകളും അവിടം നിറഞ്ഞു നിൽക്കുന്നു. അവരുടെ സമ്പത്തിന്റെ പ്രധാന സ്രോതസ്സ് അതായിരിക്കുമെന്ന് കരുതുന്നു. പള്ളിയിൽ ജമാഅത്തിന്റെ ഏറെ സമയം മുന്പുതന്നെ മുൻ സ്വഫുകളിൽ ജനം സ്ഥാനം പിടിക്കും. പ്രായമുള്ളവരൊക്കെ താടി വളർത്തിയിട്ടുണ്ട്. തലയിൽ തൊപ്പിയും കാലിൽ ഷോക്സുമുണ്ട്. പള്ളികളിൽ ആരുടെയും മൊബൈൽ ഫോൺ പുറത്ത് കാണുന്നില്ല. പരസ്പര സംസാരമില്ല. തികഞ്ഞ ശാന്തത!. “റസൂലിന്റെ ശബ്ദത്തേക്കാൾ നിങ്ങൾ ശബ്ദമുയർത്തരുത്’ എന്ന ഖുർആൻ വാക്യം പല മസ്ജിദുകളിലും കൊത്തിവെച്ചത് നിശബ്ദതയുടെ വിളംബരമായി കാണാം.

പള്ളിയിലെത്തുന്നവർ മസ്ജിദുകളുടെ പ്രവേശന കവാടത്തിൽത്തന്നെ ചെരിപ്പുകളും ഷൂസുകളും കൃത്യമായി ഒതുക്കിവെക്കണം. ഇല്ലെങ്കിൽ, തിരിച്ചു വരുമ്പോഴേക്കും നാമറിയാതെ അന്നാട്ടുകാർ ഒതുക്കിവെക്കും. വുളുവെടുത്ത് വെള്ളം തുടയ്ക്കുവാൻ ഓരോരുത്തർക്കും രണ്ട് ടർക്കിയുണ്ടാകും. ഒന്ന്: മുഖവും കൈകളും തുടയ്ക്കാനും മറ്റേത്: കാല് തുടയ്ക്കാനും. വേറെ വേറെ ബോക്സിൽ നിന്നതെടുക്കാം. ഉപയോഗം കഴിഞ്ഞ് മറ്റു രണ്ട് ബോക്സുകളിൽ അത് നിക്ഷേപിക്കണം. അവ അലക്കിയുണക്കി വീണ്ടും ബോക്സുകളിലെത്തിക്കുന്നതാണ് രീതി. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലോ സൂഖുകളിലോ പൊതു റോഡിലോ പാർക്കുകളിലോ വൃത്തിഹീനമായി ഒന്നും കാണില്ല. തെരുവിലെ ഓടകളിലൂടെ തെളിനീർ ഒഴുകുന്നത് അത്ഭുതമായിത്തോന്നി!.

14 മണിക്കൂർ നീണ്ട ട്രെയിൻ യാത്രക്കിടെ ഒരു സ്റ്റോപ്പിലും ചായക്കാരുടെ കലപിലയോ കടലക്കാരുടെ ആരവങ്ങളോ കണ്ടില്ല. മാലിന്യങ്ങളോ ദുർഗന്ധമോ എവിടെയുമില്ല. മസാറുകൾക്കരികിലോ പാതയോരങ്ങളിലോ യാചകരായി ആരുമില്ല. ബസാറുകളിൽ പറയത്തക്ക ചൂഷണങ്ങളോ അസഹ്യമായ വില പേശലുകളോ ഇല്ല. ഖുറാസാൻ പ്രവിശ്യയിൽപ്പെട്ട ഉസ്ബക്കിസ്ഥാനിപ്പോൾ ശാന്തിയുടെ ശാദ്വല തീരത്താണ്. രാജ്യാന്തര സന്ദർശകരുടെ മനം കവരാൻ ധാരാളം സമൃദ്ധികളുണ്ടവിടെ.

Latest