Travelogue
ഖ്വാജാ സുലൈമാനും പച്ചപിടിച്ച താഴ്വരയും
‘സർഹൻദറായോ’ മേഖലയിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ആളും അനക്കവുമില്ലാത്ത വിജനമായ പാതയിലൂടെയുള്ള യാത്ര. മലകൾക്കിടയിലൂടെ ചുറ്റി വളഞ്ഞു പോകുന്ന പാത. റോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടപ്പുണ്ട്. ഞങ്ങളുടെ മുന്നിൽ പോലീസ് വാഹനം ലൈറ്റും മിന്നിച്ചു കൊണ്ട് അകമ്പടി സേവിക്കുന്നുണ്ട്. ഇടക്കിടക്ക് വണ്ടി കുഴിയിൽ ചാടുന്നത് ഒഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല. സമയം ഉച്ച കഴിഞ്ഞു. ഞങ്ങൾ ഒരു ഗ്രാമത്തിലെത്തിച്ചേർന്നു. വിശാലമായ പുൽമേടുകളും തകര കൊണ്ട് മേൽക്കൂര തീർത്ത വീടുകളുമാണ് ദൃശ്യത്തിലുള്ളത്. തനി നാടൻ റഷ്യൻ ഗ്രാമമാണ് നാം കാണുന്നത്. കുറച്ചു വീടുകളേയുള്ളൂ. തൊണ്ണൂറ് വയസ്സ് പ്രായം തോന്നിക്കുന്ന നല്ല നീളവും ചുളിഞ്ഞ മുഖവുമുള്ള ഒരു വൃദ്ധൻ ഞങ്ങളെല്ലാവരെയും സ്വീകരിച്ചു. കൈകൾ പുണർന്ന് ആശ്ലേഷണവും അദ്ദേഹം സ്നേഹ വായ്പ്പായി ഞങ്ങൾക്ക് നൽകി. വല്ലാത്തൊരു ആർദ്രത കരങ്ങളിലും പെരുമാറ്റത്തിലും ഉണ്ടായിരുന്നു. വാഹനം നിർത്തിയ ഇടത്തിൽ നിന്നും താഴേക്ക് തന്റെ ഭവനത്തിലേക്ക് അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു പറ്റം സ്ത്രീകളും കുട്ടികളും ഞങ്ങളെ കാത്ത് നിൽക്കുകയായിരുന്നു. വളരെ ആവേശത്തോടെ പുഞ്ചിരിക്കുന്ന മുഖത്തോടെ അവർ ഞങ്ങളെ സ്വീകരിച്ചു. വിദൂര ദേശത്ത് നിന്നും വരുന്ന അതിഥികളെ കാണാനുള്ള ആവേശമാണ്. ആ ഗ്രാമത്തിന്റെ കിടപ്പും രൂപവും കണ്ടപ്പോൾ വിദേശികൾ ഇങ്ങോട്ടേക്ക് സാധാരണയിൽ വരുന്നതായി തോന്നിയില്ല. സ്വാഭാവികമായും ആ ഒരു സന്തോഷവും ആശ്ചര്യവുമാണ് അവരുടെ മുഖത്ത് പ്രതിഫലിക്കുന്നത്.
നൂറുകണക്കിന് സെറാമിക് പാത്രങ്ങളിൽ സുഭിക്ഷമായ ഭക്ഷണം തീന്മേശയിൽ തയ്യാറായി നിൽക്കുന്നുണ്ട്. അധികവും അത്തി, ബദാം, പിസ്ത, മുന്തിരി പോലുള്ളവയാണ്. ഇറച്ചി വിഭവങ്ങളിൽ ആടും കോഴിയും ഉണ്ട്. ഒപ്പം വലിയ റൊട്ടിയും. ആ പ്രായമുള്ളയാൾ ഓടിനടന്നു ഞങ്ങളെ ഊട്ടാൻ ശ്രമിക്കുകയാണ്. ഓരോ ആളുകളിലേക്കും ചെന്ന് കുടിക്കാനും തിന്നാനും അദ്ദേഹം നിർബന്ധിക്കുന്നു. ആ സ്നേഹത്തിന്റെ മുന്നിൽ ഞങ്ങൾ ആകെ ഇല്ലാതെയായി. ആറടിയിലധികം ഉയരവും വെള്ളാരം കണ്ണുകളും പല്ലുകൾ ഇല്ലാത്ത ഒഴിഞ്ഞ വായയും നിറഞ്ഞ ചിരിയും വെളുത്ത താടിയും നീളൻ കോട്ടും പരമ്പരാഗത നീല തലപ്പാവും ധരിച്ചിട്ടുള്ള ആ വൃദ്ധന്റെ പേര് ഖ്വാജാ സുലൈമാൻ എന്നാണ്. ഉസ്‌ബെക്കും റഷ്യനുമല്ലാത്ത ഒരു ഭാഷയും അദ്ദേഹത്തിന് അറിയില്ല. ഭക്ഷണ ശേഷം ഞാൻ ആ വീടിനു സമീപത്തുള്ള പറമ്പിലേക്ക് ഇറങ്ങിനടന്നു. എന്നോടൊപ്പം ആ വീട്ടിലെ ഒരു ബാലനുമുണ്ടായിരുന്നു. ഇലകൾ പൊഴിച്ച മരങ്ങളും പച്ചപിടിച്ച താഴ്്വാരങ്ങളുമുള്ള ആ തൊടിയിലൂടെ നടക്കുമ്പോൾ ഹൃദയത്തിന് ശാന്തത കൈവരിക്കുന്നതായി തോന്നി. മറ്റൊരു ഭാഗത്തിലൂടെ മലയിൽ നിന്നും വരുന്ന വെള്ളത്തെ ഒരടിയും രണ്ടടിയും വീതിയുള്ള ചെറു തോടുകളാക്കി കൃഷിയിടങ്ങളിലൂടെ തിരിച്ചുവിട്ടിട്ടുമുണ്ട്. വേറൊരു ഭാഗത്ത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു പഴയ കെട്ടിടം, ഖ്വാജ സുലൈമാന്റെ പഴയ വീടാണ്. ഇപ്പോൾ അതിനുള്ളിൽ നാരങ്ങാ കൃഷി ചെയ്യുന്നു. മഞ്ഞു വീണു നശിക്കാതിരിക്കാനും സൂര്യപ്രകാശം ലഭിക്കാനും മുകളിൽ സുതാര്യമായ ടാർപ്പായ കെട്ടിയിട്ടുണ്ട്. ഞാൻ പറമ്പിലൂടെ ഉലാത്തൽ കഴിഞ്ഞു വരുമ്പോഴേക്ക് സഹയാത്രികർ അവിടെ നിന്നുമിറങ്ങിയിരുന്നു. ആ വീട്ടിലെ ചെറിയ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ അടുത്തു വന്നു എന്നോട് സംസാരിക്കുന്നുണ്ട്. അവരിലൊരാളുടെ ഭാഷ പോലും എനിക്ക് മനസ്സിലായില്ല. പക്ഷേ, എന്റെ സുഖ വിവരമന്വേഷിക്കുന്നതായും ഭക്ഷണം നന്നായി കഴിച്ചില്ലേയെന്നുള്ളതും ഇനിയും ഉസ്ബെക്കിസ്ഥാനിലേക്ക് വരുകയാണേൽ അവരുടെ ഗ്രാമം സന്ദർശിക്കണം എന്നുമാകും പറയുന്നതെന്ന് ഞാൻ ഊഹിച്ചു. അല്ലെങ്കിലും സ്നേഹ സംഭാഷണത്തിന് ഭാഷയുടെ ആവശ്യമില്ലല്ലോ! തീർച്ചയായും ആവതുണ്ടെങ്കിൽ വീണ്ടും സന്ദർശിക്കുമെന്നും നിങ്ങളുടെ ആതിഥ്യ രീതികളെ എന്റെ നാട്ടിലും പറയുമെന്നും അവരോട് ഞാനും പറഞ്ഞു. അവരെല്ലാവരും എന്നോടൊപ്പം നിന്നു ഒരു ചിത്രമെടുത്തു. ചിലർക്ക് എന്റെ കൈയിൽ നേരിട്ട് പഴങ്ങൾ തരാനുള്ള ആഗ്രഹം. നിഷ്കളങ്കതയുടെ അങ്ങേയറ്റം! ഒരുപക്ഷെ ഇത്തരം ഇടങ്ങളിൽ നിന്നാകും നമ്മൾ “മനുഷ്യരെ’ കണ്ടുമുട്ടുന്നത്!. വീടിനു പുറത്ത് എന്നെ കാത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. മുന്നേ നടന്നുപോയ സഹയാത്രികരിലേക്ക് എന്നെ വഴിനടത്താൻ വേണ്ടി അയാൾ കാത്തുനിൽക്കുകയാണ്.
സോവിയറ്റ് യൂനിയൻ ഭരണകാലത്ത് കിരാതമായ അക്രമങ്ങൾക്ക് ഇരയായ ആളാണ് ഖ്വാജാ സുലൈമാൻ. മുസ്്ലിം പേരുള്ള ആളുകളെ തിരഞ്ഞുപിടിച്ചു കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്ന ആപത് ഘട്ടത്തിൽ പോലും വിശ്വാസ ദൃഢതയോടെ ദീനിൽ അണിനിരന്നയാളാണെന്നു സംസാരത്തിൽ നിന്നുമറിയാൻ കഴിഞ്ഞു. യെമനിലെ വിശ്രുത പണ്ഡിതൻ ഹബീബ് ഉമർ ബിൻ മുഹമ്മദ് ഹഫീളിന്റെ പിതാവ് ശഹീദ് മുഹമ്മദ് എന്നവർ രക്തസാക്ഷിത്വം വഹിക്കുന്നത് യമനിലേക്കുണ്ടായ കമ്യൂണിസ്റ്റ് കുടിയേറ്റത്തിന്റെ ഭാഗമായാണ്. സൈനിക ജീപ്പിന്റെ പിറകിൽ കെട്ടി വലിച്ചിട്ടും ചരൽക്കല്ലുകളിലൂടെ കയർ കെട്ടി വലിച്ചിട്ടും കൊടിയ പീഡനങ്ങളാണ് മുസ്്ലിംകൾക്ക് നേരെ അവർ അഴിച്ചു വിട്ടത്. ഇതുപോലെയുള്ള നിരവധി ആക്രമണങ്ങളെ അതിജീവിച്ചാണ് ഖ്വാജാ സുലൈമാൻ ഇന്നും ജീവിക്കുന്നത്. ഈ കഥ അറിഞ്ഞതോടു കൂടെ ഖ്വാജാ സുലൈമാനോട് എന്തെന്നില്ലാത്ത ബഹുമാനം വർധിച്ചു.
നടത്തത്തിനൊടുവിൽ അടുത്ത ഗ്രാമത്തിലെ ഒരു പുരാതന മസ്ജിദിലാണ് നാം എത്തിയത്. അതിന്റെ താഴ്്വാരത്തിലൂടെ ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്. ചുറ്റിലും ഉണങ്ങിയ ഇലകൾ നിറഞ്ഞ വലിയ ചിനാർ മരങ്ങൾ തഴച്ചു വളർന്നിട്ടുണ്ട്. നമ്മൾ മസ്ജിദിന്റെ ഉമ്മറത്തുള്ള തറയിൽ വട്ടമിട്ടിരുന്നു. അലി അക്ബർ സൈഫുദീനോവ് ത്വലഅൽ ബദറുവിലെ വരികൾ മനോഹരമായി ആലപിച്ചു. ശേഷം ഖ്വാജാ സുലൈമാൻ ഉസ്ബെക് ഭാഷയിലെ തിരു പ്രകീർത്തനവും സഹയാത്രികൻ നദീമും സഹോദരനും ഉറുദുവിലെ നഅതും ആലപിച്ചു. അരമണിക്കൂറോളം നീണ്ടുനിന്ന നല്ലൊരു സദസ്സ്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മലിനീകരണമില്ലാത്ത അന്തരീക്ഷവും നിഷ്കളങ്കരായ ഒരു മനുഷ്യസമൂഹവും പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ് നമുക്ക് നൽകിയത്. സദസ്സ് പിരിയും മുന്നേ ഖ്വാജാ സുലൈമാനും അലി അക്ബർ സൈഫുദീനോവും കൂടി ഞങ്ങൾക്കെല്ലാവർക്കും മധ്യേഷ്യൻ പരമ്പരാഗത വസ്ത്രമായ “ചാപ്പൻ’ അണിയിച്ചു തന്നു. വളരെ മനോഹരമായ നിരവധി വർണങ്ങളുള്ള തുണികൾ കൊണ്ട് നിർമിച്ച നല്ല കട്ടിയുള്ള വസ്ത്രമാണ് ചാപ്പൻ. തണുപ്പ് നാടുകളിൽ ഉള്ളിൽ നല്ല പോലെ ചൂട് പകരാൻ സഹായിക്കുന്ന വസ്ത്രമാണിത്. ഒപ്പം ഒരു തൊപ്പിയും അരയിൽ ചാപ്പൻ മുറുകി നിൽക്കാൻ വേണ്ടി ഒരു ബെൽറ്റായി മറ്റൊരു തുണിയുമുണ്ടാകും.
എല്ലാവരും ചാപ്പൻ ധരിച്ചതോടെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി ആകെ ചിരിമയമായി അന്തരീക്ഷം. ഇതൊരു പരമ്പരാഗത വസ്‌ത്രമാണെങ്കിലും ഇന്നിത് അൽപ്പം പ്രായമുള്ള ആളുകൾ മാത്രമാണ് ധരിക്കുന്നത്. ഞങ്ങൾ തദ്ദേശ വസ്ത്രം ധരിച്ചപ്പോൾ അവർക്കും നമ്മളോടൊപ്പം നിന്ന് ഫോട്ടോ പിടിക്കാനും മറ്റും ആവേശമേറെയായി. സന്തോഷം നിറഞ്ഞ നല്ലൊരു സായാഹ്നം സമ്മാനിച്ച ഖ്വാജാ സുലൈമാനോടും കൂട്ടരോടും നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ തിർമിദ് എയർപോർട്ടിലേക്ക് നീങ്ങി. സൂര്യൻ കത്തിയാളുന്നുണ്ട്. മടക്കവഴിയിൽ നേരത്തെ കണ്ട പുൽമേടുകളിലും ഒഴിഞ്ഞ ഇടങ്ങളിലുമൊക്കെ കുറച്ച് ആളുകൾ കുടുംബസമേതം പ്രകൃതി ആസ്വദിക്കാൻ വന്നത് കണ്ടു. മടങ്ങും നേരം ഞാൻ പതുക്കെ അബ്ദുൽ അഅസമിനോട് ചാപ്പന്റെ കമ്പോള വില ചോദിച്ചു. 100 ഡോളറോളം വിലയുണ്ടത്രേ! ഞങ്ങൾ ഇരുപതോളം ആളുകൾക്ക് നല്ല മുന്തിയ “ചാപ്പൻ’ സ്നേഹം കൊണ്ട് പുതച്ച ഖ്വാജാ സുലൈമാന്റെ ഓർമകളുമായി ഞങ്ങൾ താഷ്കെന്റിലേക്ക് പറന്നു.