First Gear
കിയ കുതിപ്പ് തുടരുന്നു; അനന്തപൂർ പ്ലാന്റിൽ നിർമ്മിച്ചത് 15 ലക്ഷം കാർ
കിയയുടെ കാരൻസ് കാർ നിർമ്മിച്ചാണ് 15 ലക്ഷം യൂണിറ്റ് എന്ന പ്രധാന നേട്ടം പ്ലാന്റ് കൈവരിച്ചത്.

ഹൈദരാബാദ്|ഇന്ത്യൻ വാഹന വിപണിയിൽ കുതിപ്പ് തുടർന്ന് കൊറിയൻ കമ്പനിയായ കിയ. ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള നിർമ്മാണ പ്ലാന്റിൽ 15 ലക്ഷം കാർ നിർമ്മാണം എന്ന നാഴികക്കല്ല് കിയ പിന്നിട്ടു. കിയയുടെ കാരൻസ് കാർ നിർമ്മിച്ചാണ് 15 ലക്ഷം യൂണിറ്റ് എന്ന പ്രധാന നേട്ടം പ്ലാന്റ് കൈവരിച്ചത്. ഇതോടെ, 15 ലക്ഷം യൂണിറ്റ് ഉൽപാദന നാഴികക്കല്ല് മറികടക്കുന്ന ഏറ്റവും വേഗതയേറിയതും ഏറ്റവും പ്രായം കുറഞ്ഞതുമായ കാർ നിർമ്മാതാക്കളായി തങ്ങൾ മാറിയെന്ന് കിയ അവകാശപ്പെട്ടു.
2019 ഓഗസ്റ്റിലാണ് കിയ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. നേട്ടം കൈവരിച്ചതിന്റെ ആഘോഷമായി, 2025 മെയ് 8 ന് അപ്‌ഡേറ്റ് ചെയ്ത കാരെൻസ് പുറത്തിറക്കുമെന്ന് കിയ ഇന്ത്യ സ്ഥിരീകരിച്ചു. അപ്‌ഡേറ്റ് ചെയ്ത പതിപ്പിനൊപ്പം, എംപിവിക്ക് അതിന്റെ രൂപകൽപ്പനയിലും ഫീച്ചർ ലിസ്റ്റിലും മാറ്റങ്ങൾ ലഭിക്കും. സുരക്ഷാ ഘടകം വർദ്ധിപ്പിക്കുന്ന ലെവൽ 2 ADAS സവിശേഷതകൾ ചേർക്കുന്നതാണ് പ്രധാന അപ്‌ഡേറ്റുകളിൽ ഒന്ന്. 15 ലക്ഷാമത്തെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ വാഹനം പുറത്തിറക്കുന്നത് കിയ ഇന്ത്യയ്ക്കും ഈ യാത്രയിൽ പങ്കാളികളായ ഓരോരുത്തർക്കും അഭിമാനകരവും വൈകാരികവുമായ നിമിഷമാണെന്ന് കിയ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്‌ഗു ലീ പറഞ്ഞു.
കിയ സോണെറ്റ്, കാർണിവൽ, കാരൻസ്, അടുത്തിടെ അവതരിപ്പിച്ച സിറോസ് കോംപാക്റ്റ് എസ്‌യുവി എന്നിവയാണ് കിയയുടെ വാഹനനിരയിലുള്ളത്. 536 ഏക്കർ വിസ്തൃതിയുള്ള അനന്തപൂർ പ്ലാന്റ് ആഭ്യന്തര വിൽപ്പനയിൽ മാത്രമല്ല, കിയയുടെ കയറ്റുമതിയിലും നിർണായക പങ്ക് വഹിക്കുന്നു. ലോകമെമ്പാടുമുള്ള 90-ലധികം രാജ്യങ്ങളിൽ കിയക്ക് വിൽപ്പനയുണ്ട്.
ഉൽപ്പാദന കണക്കുകൾ പ്രകാരം കിയ കൂടുതൽ വിറ്റഴിച്ചത് സെൽറ്റോസ് ആണ്. 700,668 യൂണിറ്റുകൾ (46.7%). തൊട്ടുപിന്നിൽ സോണറ്റ് 519,064 യൂണിറ്റുകൾ (34.6%) ഉത്പാദിപ്പിച്ചു. കാരെൻസ് 241,582 യൂണിറ്റുകൾ (16.1%) സംഭാവന ചെയ്തു. അതേസമയം സിറോസ്, കാർണിവൽ പോലുള്ള പുതിയ മോഡലുകൾ യഥാക്രമം 23,036 യൂണിറ്റുകളും (1.5%) 16,172 യൂണിറ്റുകളും (1.1%) വിറ്റു.