First Gear
കിയ കാരന്‍സ് അവതരണം ഫെബ്രുവരി 15ന്
ബുക്കിംഗ് തുക 25,000 രൂപയായി നിശ്ചയിച്ച് നിലവില്‍ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.
ന്യൂഡല്‍ഹി| ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് മൂന്നു വരി എംപിവി കാരന്‍സിനെ ഫെബ്രുവരി 15ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയിലെ കിയയുടെ നാലാമത്തെ മോഡലാണ് കാരന്‍സ്. ബുക്കിംഗ് തുക 25,000 രൂപയായി നിശ്ചയിച്ച് നിലവില്‍ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. കിയ കാരന്‍സിന്റെ ആദ്യ യൂണിറ്റ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ നിര്‍മ്മാണശാലയില്‍ നിന്ന് കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയിരുന്നു. കിയ കാരന്‍സ് ഇന്ത്യയില്‍ നിര്‍മ്മിക്കുകയും 80 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.
പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളുമായാണ് കിയ കാരന്‍സ് എത്തുന്നത്. 1.4-ടര്‍ബോ പെട്രോള്‍, 1.5 പെട്രോള്‍, 1.5-ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ കാരന്‍സ് വാഗ്ദാനം ചെയ്യും. എഞ്ചിനുകള്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്, കൂടാതെ ഏഴ് സ്പീഡ് ഡിസിടി (ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്സും ഉള്‍പ്പെടുത്തും.
പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ കാരന്‍സ് ലഭ്യമാക്കും. 10.25 ഇഞ്ച് പ്രധാന ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേയ്ക്കും ആന്‍ഡ്രോയിഡ് ഓട്ടോയ്ക്കുമുള്ള വയര്‍ലെസ് കണക്റ്റിവിറ്റി, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, സണ്‍റൂഫ് എന്നീ നിരവധി ഹൈലൈറ്റുകള്‍ ടോപ്പ് വേരിയന്റില്‍ ഉള്‍ക്കൊള്ളുന്നു. 14 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയായിരിക്കും ലോഞ്ച് ചെയ്യുമ്പോള്‍ വാഹനത്തിന്റെ എക്സ്-ഷോറൂം വില.
ഡീസല്‍ എഞ്ചിന്‍ 115 എച്ച്പി, 250 എന്‍എം, 1.5 ലിറ്റര്‍ യൂണിറ്റാണ്. കൂടാതെ കിയ ഇതിന് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിന്‍-ഗിയര്‍ബോക്സ് കോമ്പിനേഷനുകള്‍ സെല്‍റ്റോസില്‍ നല്‍കിയിരിക്കുന്നതിന് സമാനമാണ്.