Connect with us

First Gear

കാരെന്‍സിന് പിന്നാലെ ഒരു ഇലക്ട്രിക് വാഹനവുമായി കിയ ഇന്ത്യ

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ഇവി6 ആയിരിക്കുമെന്നാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| കാരെന്‍സ് എന്ന യൂട്ടിലിറ്റി വാഹനത്തെ അടുത്തിടെ ഇന്ത്യന്‍ വിപണിക്ക് നല്‍കിയ കിയ മോട്ടോര്‍സ് ഇനി അവതരിപ്പിക്കുന്നത് ഒരു ഇലക്ട്രിക് വാഹനത്തെ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. കിയയുടെ അഞ്ചാം മോഡലിലൂടെ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡും രാജ്യത്തെ ഇവി വിപ്ലത്തിലേക്ക് കാലുകുത്തും. ഹ്യുണ്ടായിക്ക് ഏകദേശം 100 കോടി രൂപ നിക്ഷേപിക്കാനാണ് കിയ ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. 2028 ഓടെ പ്രാദേശികമായി ആറ് ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരാന്‍ 4,000 കോടിയാണ് കൊറിയന്‍ ബ്രാന്‍ഡ് നിക്ഷേപിക്കുക.

സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ഇവി6 ആയിരിക്കുമെന്നാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ക്രോസ്ഓവര്‍ ശൈലിയില്‍ ഒരുങ്ങിയിരിക്കുന്ന ഈ കാര്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ കാര്‍ ആഗോള തലത്തില്‍ അരങ്ങേറ്റവും നടത്തുകയുണ്ടായി.

ഇന്ത്യയിലേക്ക് എത്തുന്ന ഹ്യുണ്ടായി അയോണിക് 5 പോലെ ഇവി6 പതിപ്പിലും 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 58 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക് തന്നെയാണ് കിയയും ഉപയോഗിക്കുന്നത്. രണ്ട് വേരിയന്റുകളിലായി എത്തുന്ന എസ്യുവിയുടെ അടിസ്ഥാന ടൂ-വീല്‍-ഡ്രൈവ് മോഡലിന് 8.5 സെക്കന്റില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം വലിയ ബാറ്ററി പായ്ക്കുള്ള വേരിയന്റ് 321 ബിഎച്ച്പി പവറില്‍ 605 എന്‍എംടോര്‍ക്ക് പവര്‍ ഔട്ട്പുട്ട് വികസിപ്പിക്കാനും പ്രാപ്തമാണ്. ഇത് 5.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

കിയ ഇവി6 എസ്യുവിയുടെ ചെറിയ ബാറ്ററി പായ്ക്ക് വേരിയന്റിന് ഡബ്ല്യുഎല്‍ടിപി സൈക്കിളില്‍ ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കാന്‍ കഴിയുക. ഈ പതിപ്പായിരിക്കും ഇന്ത്യന്‍ വിപണിയിലേക്ക് കിയ അവതരിപ്പിക്കാന്‍ താത്പര്യപ്പെടുകയെന്നാണ് സൂചന. ഇലക്ട്രിക് ക്രോസ്ഓവറിന്റെ വലിയ ബാറ്ററി പായ്ക്കിന് ഒറ്റ ചാര്‍ജില്‍ 510 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ഉണ്ട്. പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള ജിടി വേരിയന്റിന് 585 ബിഎച്ച്പി കരുത്തും 740 എന്‍എം ടോര്‍ക്കും കൈവരിക്കാന്‍ കഴിയും. 350 കെഡബ്ല്യു ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 18 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതിനാല്‍ ഇതും ഒരു നേട്ടമാണ്.

ഇ-ജിഎംപി പ്ലാറ്റ്‌ഫോമാണ് ഈ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തിന് കാരണം. ഇതിനുപുറമെ കിയ ഇവി6 സ്റ്റാന്‍ഡേര്‍ഡ് 800വി ചാര്‍ജിംഗ് ശേഷിയും വാഗ്ദാനം ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവി6 അടുത്ത വര്‍ഷം പൂര്‍ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കന്നത്. ഇതിനു ശേഷം കിയയുടെ രണ്ടാമത്തെ ഇവിയായി ഇ-നിരോ ഇലക്ട്രിക് 2023ല്‍ രാജ്യത്ത് എത്തുകയും ചെയ്യും.

 

Latest