Connect with us

Kerala

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: നാല് പേര്‍ കൂടി കസ്റ്റഡിയില്‍

കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മാഈല്‍ ആസിഫ്, സുബൈര്‍, മടവൂര്‍ സ്വദേശി മുനീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

താമരശ്ശേരി | പ്രവാസിയെ തോക്കുമായെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ അന്വേഷണം ക്വട്ടേഷന്‍ സംഘത്തിലേക്ക്. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ ഉള്‍പ്പെടെ നാല് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മാഈല്‍ ആസിഫ്, സുബൈര്‍, മടവൂര്‍ സ്വദേശി മുനീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

മുനീറിനെ മാനന്തവാടിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവിടെ ക്വാറി നടത്തുന്ന മുനീര്‍ ക്വട്ടേഷന്‍ സംഘത്തിന് സഹായം ചെയ്തുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. മറ്റു മൂന്നുപേരെയും മഞ്ചേശ്വരത്ത് നിന്ന് സാഹസികമായാണ് പിടികൂടിയത്. ഇവരെ ഇന്നലെ രാത്രി പത്തോടെ താമരശ്ശേരിയിലെത്തിച്ചു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി.

ശാഫിയെ പരപ്പന്‍പൊയിലില്‍ നിന്ന് കയറ്റിക്കൊണ്ടുപോയ സ്വിഫ്റ്റ് കാര്‍ സുബൈറാണ് വാടകക്കെടുത്ത് നല്‍കിയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നൗഷാദും ഇസ്മാഈല്‍ ആസിഫുമാണ് ഈ കാര്‍ ക്വട്ടേഷന്‍ സംഘത്തിന് എത്തിച്ചുകൊടുത്തത്. ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം എത്തിയതായും സൂചനയുണ്ട്. ഈ കാര്‍ കണ്ടെത്താനായിട്ടില്ല.

സംഘം ഉപയോഗിച്ച മറ്റൊരു കാര്‍ കഴിഞ്ഞ ദിവസം കാസര്‍കോട് ചെര്‍ക്കളയിലെ വര്‍ക്‌ഷോപ്പില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കാര്‍ വാടകക്കെടുത്ത് ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയ കാസര്‍കോട് സ്വദേശി ഹുസൈനും പോലീസിന്റെ കസ്റ്റഡിയിലാണ്. ഹുസൈനെയും മുനീറിനെയും ഇന്നലെ എ എസ് പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ശാഫിയെ കര്‍ണാടകയിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. മാസങ്ങളോളമുള്ള തയ്യാറെടുപ്പിനൊടുവിലാണ് തട്ടിക്കൊണ്ടുപോയത് എന്നതിനാല്‍ തന്നെ ശാഫിയെ കണ്ടെത്താന്‍ ഇനിയും ധാരാളം കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഒരാഴ്ചക്കാലം രാപകല്‍ ഭേദമന്യേ നടത്തിയ നീക്കത്തിലാണ് കൃത്യത്തില്‍ പങ്കാളികളായവര്‍ ഉള്‍പ്പെടെ കസ്റ്റഡിയിലായത്.

ഈ മാസം ഏഴിന് രാത്രിയാണ് ശാഫിയെ തോക്കുമായെത്തിയ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയത്. കൊടുവള്ളി സ്വദേശിയായ സാലിക്ക് ശാഫി 1.35 കോടി നല്‍കാനുണ്ടെന്നും ഇതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത് എന്നുമായിരുന്നു ആദ്യ ദിവസങ്ങളില്‍ പോലീസ് കരുതിയിരുന്നത്. സാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ശാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സാലിയാണെന്ന ആരോപണത്തില്‍ ശാഫിയുടെ ബന്ധുക്കള്‍ ഉറച്ചുനിന്നതിനാല്‍ പോലീസിന്റെ അന്വേഷണം ദിവസങ്ങളോളം അതുവഴിക്കായിരുന്നു.

ഭീഷണിപ്പെടുത്തിയെന്ന കേസില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്ത് മൂന്ന് ദിവസത്തോളം ചോദ്യം ചെയ്‌തെങ്കിലും തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച ഒരു തുമ്പും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് പഴയ കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. ഒരാളെ വീണ്ടും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് അന്വേഷണം മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള സംഘത്തിലേക്ക് നീങ്ങിയത്.

പ്രധാന പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്താല്‍ ശാഫിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നും വൈകാതെ തന്നെ ശാഫിയെ കണ്ടെത്താനാവുമെന്നുമാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

 

---- facebook comment plugin here -----

Latest