Connect with us

thamarassery kidnapping

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഒരാഴ്ച പിന്നിട്ടിട്ടും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

Published

|

Last Updated

താമരശ്ശേരി | പ്രവാസിയെ തോക്കുമായെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ ഇവരിലുണ്ട്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മാഈല്‍ ആസിഫ്, സുബൈര്‍, ഹുസൈൻ എന്നിവരെയാണ് ദിവസങ്ങൾക്ക് മുമ്പ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയവരെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും. പോലീസ് കസ്റ്റഡി അപേക്ഷ നൽകും. അതേസമയം, ഒരാഴ്ച പിന്നിട്ടിട്ടും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

മഞ്ചേശ്വരത്ത് നിന്ന് സാഹസികമായാണ് ക്വട്ടേഷൻ സംഘാംഗങ്ങളെ പിടികൂടിയത്. ശാഫിയെ പരപ്പന്‍പൊയിലില്‍ നിന്ന് കയറ്റിക്കൊണ്ടുപോയ സ്വിഫ്റ്റ് കാര്‍ സുബൈറാണ് വാടകക്കെടുത്ത് നല്‍കിയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നൗഷാദും ഇസ്മാഈല്‍ ആസിഫുമാണ് ഈ കാര്‍ ക്വട്ടേഷന്‍ സംഘത്തിന് എത്തിച്ചുകൊടുത്തത്. ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം എത്തിയതായും സൂചനയുണ്ട്. സംഘം ഉപയോഗിച്ച മറ്റൊരു കാര്‍ കഴിഞ്ഞ ദിവസം കാസര്‍കോട് ചെര്‍ക്കളയിലെ വര്‍ക്‌ഷോപ്പില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കാര്‍ വാടകക്കെടുത്ത് ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയത് കാസര്‍കോട് സ്വദേശി ഹുസൈനാണ്.

അധോലോക കുറ്റവാളി രവി പൂജാരിയുടെ സേനയിലെ പ്രധാനിയായ മോനായി എന്ന നിസാം സലീമിന്റെ സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സൂചനയുണ്ടെങ്കിലും ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കണക്കുകൂട്ടലുകൾക്കപ്പുറമാണ് ക്വട്ടേഷൻ സംഘത്തിന്റെ അടിവേര് എന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. കാസർകോട് മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള സംഘത്തിന്റെ പിടിയിലാണ് ശാഫിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ വിദേശത്തുള്ള കോട്ടയം സ്വദേശിയായ മോനായിയാണ് ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മംഗളുരു കേന്ദ്രീകരിച്ച് ക്വട്ടേഷൻ പ്രവർത്തനം നടത്തുന്ന മോനായി വലിയ കേസുകൾ മാത്രമാണ് ഏറ്റെടുക്കുന്നത്. സഊദി രാജ കുടുംബത്തിന്റെ 325 കിലോ സ്വർണം കവർച്ച ചെയ്തതാണ് തട്ടിക്കൊണ്ടുപ്പോകലിന് കാരണമെന്ന് ക്വട്ടേഷൻ സംഘം പുറത്തുവിട്ട ശാഫിയുടെ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. രണ്ടാമത്തെ വീഡിയോയിൽ ശാഫിയുടെ സഹോദരൻ നൗഫലിനെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. സ്വർണക്കവർച്ച സംബന്ധിച്ച സൂചനകൾ നേരത്തേ തന്നെ പുറത്തുവന്നതാണ്. ഇത് സാധൂകരിക്കുന്ന രീതിയാലണ് ശാഫിയുടെ വീഡിയോ സന്ദേശങ്ങളും.

മാസങ്ങളോളമുള്ള തയ്യാറെടുപ്പിനൊടുവിലാണ് തട്ടിക്കൊണ്ടുപോയത് എന്നതിനാല്‍ തന്നെ ശാഫിയെ കണ്ടെത്താന്‍ ഇനിയും ധാരാളം കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഈ മാസം ഏഴിന് രാത്രിയാണ് ശാഫിയെ തോക്കുമായെത്തിയ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയത്. കൊടുവള്ളി സ്വദേശിയായ സാലിക്ക് ശാഫി 1.35 കോടി നല്‍കാനുണ്ടെന്നും ഇതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത് എന്നുമായിരുന്നു ആദ്യ ദിവസങ്ങളില്‍ പോലീസ് കരുതിയിരുന്നത്. സാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ശാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സാലിയാണെന്ന ആരോപണത്തില്‍ ശാഫിയുടെ ബന്ധുക്കള്‍ ഉറച്ചുനിന്നതിനാല്‍ പോലീസിന്റെ അന്വേഷണം ദിവസങ്ങളോളം അതുവഴിക്കായിരുന്നു.

ഭീഷണിപ്പെടുത്തിയെന്ന കേസില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്ത് മൂന്ന് ദിവസത്തോളം ചോദ്യം ചെയ്‌തെങ്കിലും തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച ഒരു തുമ്പും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് പഴയ കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. ഒരാളെ വീണ്ടും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് അന്വേഷണം മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള സംഘത്തിലേക്ക് നീങ്ങിയത്.

Latest