Kerala
സ്വര്‍ണക്കടത്ത് സംഘാംഗത്തെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികള്‍ കീഴടങ്ങി
വലിയതുറ സ്വദേശികളായ ഹക്കീം, സായിദ്, മാഹിന്‍, നിഷാദ്, ഷഫീഖ് എന്നിവരാണ് വഞ്ചിയൂര്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
തിരുവനന്തപുരം | സ്വര്‍ണക്കടത്ത് സംഘത്തിലെ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ അഞ്ച് പ്രതികള്‍ കീഴടങ്ങി. വലിയതുറ സ്വദേശികളായ ഹക്കീം, സായിദ്, മാഹിന്‍, നിഷാദ്, ഷഫീഖ് എന്നിവരാണ് വഞ്ചിയൂര്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരത്ത് നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. തലസ്ഥാനം കേന്ദ്രീകരിച്ചുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് വെളിപ്പെടുത്തി.
തമിഴ്‌നാട് സ്വദേശി ഉമറിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വിദേശത്ത് നിന്നും കടത്തികൊണ്ടുവന്ന സ്വര്‍ണം വാങ്ങാനെത്തിയ ഇവര്‍ ഉമറിന്റെ കൈയില്‍ സ്വര്‍ണമില്ലെന്നു കണ്ടാണ് ഉപേക്ഷിച്ചത്. ഉമറിന് കൈമാറാനായി കാരിയര്‍ കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.