child kidnap
തട്ടിക്കൊണ്ടുപോകൽ: പത്മകുമാറിനെയും കുടുംബത്തെയും കുടുക്കിയ ഹീറോകൾ ഇവരാണ്
വഴിയിൽ തെരുവുനായ ശല്യം രൂക്ഷമായതിനെ തുടർന്ന് നായ്ക്കൾ വന്നാൽ പ്രതിരോധിക്കാൻ കൈയിൽ കരുതിയ വടി ഉപയോഗിച്ച് ജോനാഥൻ ആക്രമികളെ ചെറുത്തു. സഹോദരിയെ രക്ഷപെടുത്താൻ തന്നാലാകും വിധം എല്ലാകാര്യങ്ങളും ആ ചുരുങ്ങിയ സമയത്തിനുള്ളിൽ അവൻ ചെയ്തു. അബിഗേലിനെ രക്ഷിക്കാൻ സാധിച്ചില്ലെങ്കിലും ജോമോന്റെ അസാമാന്യ ധൈര്യവും നടന്ന കാര്യങ്ങൾ വ്യക്തമായി പോലീസിനു നൽകാൻ കഴിഞ്ഞതുമാണ് അക്ഷരാർത്ഥത്തിൽ അവനെ കേരളത്തിന്റെ ഹീറോ ആക്കിയത്.
കൊല്ലം | കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ടുപോകലും തുടർകഥകളും കഴിഞ്ഞ ദിവസങ്ങളിൽ കേരളമാകെ ചർച്ച ചെയ്യുകയായിരുന്നു. വളരെ ആസൂത്രിതമായി ഒരു കുടുംബം നടപ്പിലാക്കിയ കിഡ്നാപ്പിംഗിന്റെ ചുരുളഴിയുംവരെ ശ്വാസമടക്കിപ്പിടിച്ചാണ് നാം ഓരോ കഥകളും കേട്ടത്. എന്നാൽ ആറുയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങി കടംവീട്ടാമെന്ന് വ്യാമോഹിച്ച പത്മകുമാറിന്റെയും കുടുംബത്തിന്റെയും പദ്ധതികൾ പൊളിച്ചടക്കിയതിൽ നിർണായക പങ്ക് വഹിച്ചത് മൂന്ന് ഹീറോകളാണ്.
ഒരു വർഷക്കാലം പദ്ധതിയിട്ട്, അബിഗേൽ സാറാ റെജിയെ ആസൂത്രിതമായി തട്ടികൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പദ്മകുമാറിനും കുടുംബത്തിനുമേറ്റ ആദ്യ തിരിച്ചടി അവളുടെ സഹോദരൻ ജോനാഥനിൽ നിന്നായിരന്നു. അബിഗേലും ജോനാഥനും ട്യൂഷന് പോയി മടങ്ങുംമ്പോഴാണ് വെളുത്ത കാറിലെത്തിയ സംഘം അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടികൾക്ക് നേരെ ഒരു തുണ്ട് കടലാസ് നീട്ടി അമ്മക്ക് നൽകണമെന്ന് പറഞ്ഞ് വാഹനം നിർത്തിയ പ്രതികൾ കുട്ടികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചു. ഇതിനിടയിൽ കുതറി രക്ഷപ്പെട്ട ജോനാഥൻ കുഞ്ഞനുജത്തിയെ രക്ഷിക്കാനും ശ്രമം നടത്തി.
വഴിയിൽ തെരുവുനായ ശല്യം രൂക്ഷമായതിനെ തുടർന്ന് നായ്ക്കൾ വന്നാൽ പ്രതിരോധിക്കാൻ കൈയിൽ കരുതിയ വടി ഉപയോഗിച്ച് ജോനാഥൻ ആക്രമികളെ ചെറുത്തു. സഹോദരിയെ രക്ഷപെടുത്താൻ തന്നാലാകും വിധം എല്ലാകാര്യങ്ങളും ആ ചുരുങ്ങിയ സമയത്തിനുള്ളിൽ അവൻ ചെയ്തു. അബിഗേലിനെ രക്ഷിക്കാൻ സാധിച്ചില്ലെങ്കിലും ജോമോന്റെ അസാമാന്യ ധൈര്യവും നടന്ന കാര്യങ്ങൾ വ്യക്തമായി പോലീസിനു നൽകാൻ കഴിഞ്ഞതുമാണ് അക്ഷരാർത്ഥത്തിൽ അവനെ കേരളത്തിന്റെ ഹീറോ ആക്കിയത്. ഒരുസിസി ടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണക്കെ വിവരങ്ങൾ അവൻ പോലീസിന് കൈമാറി. അതുകൊണ്ടുതന്നെ ഈ രക്ഷാദൗത്യത്തിൽ ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ അർഹിക്കുന്നതും ജോനാഥൻ തന്നെ. ജോനാഥനാണ് യഥാർഥ ഹീറോയെന്നാണ് എഡിജിപി അജിത്കുമാറും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
അബിഗേൽ തന്നെയാണ് മറ്റൊരു താരം. എന്നും കാണുന്ന ചുറ്റുമുള്ളവരെ ഒന്ന് ഓർത്തെടുത്ത് വരയ്ക്കാനോ ആ വ്യക്തിയെ വരയ്ക്കാനുള്ള നിർദ്ദേശങ്ങൾ നൽകാനോ പറഞ്ഞാൽ നമ്മളിൽ പലരും ഒന്നു കുഴങ്ങും. അവിടെയാണ് ഇന്ന് കേരളക്കരയെ ഞെട്ടിച്ച പ്രതികളുടെ രേഖചിത്രത്തിനുള്ള അടയാളങ്ങൾ കൃത്യമായി പറഞ്ഞു നൽകി അബിഗേൽ വ്യത്യസ്ഥയാകുന്നത്. ഒറ്റ തവണ കണ്ട മൂന്നുപേരെയും വളരെ കൃത്യമായി അബിഗേൽ പറഞ്ഞു നൽകുന്നിടത്താണ് പ്രതികൾ ലോക്കാവുന്നത്. രേഖാചിത്രം പുറത്തുവിട്ടതോടെ പ്രതികളെ പിടിക്കൂടുന്നതിന്റെ സാധ്യതകൾ ഏറെ വർദ്ധിക്കുകയും ചെയ്തു. പ്രതികളെ പിടിക്കൂടിയതിനു ശേഷം രേഖാചിത്രവുമായി പ്രതികൾക്കുള്ള സാമ്യം കണ്ട് അബിഗേലിനു കൈയ്യടിക്കുകയാണ് കേരളമൊന്നാകെ.
ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രതികളെ പിടികൂടാനായി പുറത്തുവിടുന്ന രേഖചിത്രങ്ങൾ പലപ്പോഴും പരിഹാസത്തിനിടയാകാറുണ്ട്. അവിടെയാണ് സർക്കാർ സ്ഥാപനമായ സിഡിറ്റിലെ ആർട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ ആർ ബി ഷജിത്തും ഭാര്യ സ്മിത എം ബാബുവും കൈയ്യടി അർഹിക്കുന്നത്. കേസിൽ പ്രതിയായ ചാത്തന്നൂർ സ്വദേശി പത്മകുമാർ ഉൾപ്പെടെയുള്ളവരുടെ രേഖാചിത്രങ്ങൾ പോലീസ് പുറത്തുവിട്ടതോടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പ്രതികളെ പിടിച്ചതിനു ശേഷം യഥാർത്ഥവുമായി അടുത്തുനിൽക്കുന്ന രേഖ ചിത്രം ഏറെ ചർച്ചാവിഷയമാവുകയും ചെയ്തു.
രേഖാചിത്രങ്ങൾ തയ്യാറാക്കാൻ സഹായിച്ച അഭിഗേൽ സാറയുടെ ഓർമശക്തിയെ അഭിനന്ദിച്ചുകൊണ്ട് രേഖാചിത്രം വരച്ച ദമ്പതികൾ ഇതിനോടകം സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. തങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ അന്വേഷണത്തിൽ നിർണായകമായെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഷജിത് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനുള്ള കേരള പോലീസിന്റെ അസാമാന്യമായ ശേഷിയും ഇത്തരുണത്തിൽ അഭിനന്ദിക്കപ്പെടേണ്ടത് തന്നെ. ഈ ഈ കേസ് എത്രയും പെട്ടന്ന് അവസാനിക്കാനിടയായത് പോലീസിന്റെ അന്വേഷണ മികവാണെന്ന കാര്യത്തിൽ സംശയമില്ല.