Connect with us

Kerala

കിഫ്ബി, എക്‌സാ ലോജിക്ക്: നിര്‍ണായകമായ രണ്ടു കോടതി ഇടപെടല്‍ ഇന്ന്

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സി പി എം നീക്കങ്ങളില്‍ സുപ്രധാനം

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളേയും നേതാക്കളേയും നേരിടുന്ന ബി ജെ പി സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, ഇന്നു രണ്ടു കോടതി വിധികളില്‍ സി പി എം ഉറ്റു നോക്കുന്നു.

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നടപടിക്കെതിരെ മുന്‍ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കും കിഫ്ബി സിഇഒ കെ എം എബ്രഹാമും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി ‘എക്‌സാലോജിക്’ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ടു കേസുകളിലും കോടതി നിലപാട് ലോക സഭാതിരഞ്ഞെടുപ്പു പശ്ചാത്തലത്തില്‍ സി പി എമ്മിനു സുപ്രധാനമാണ്.

ഇ ഡി വേട്ടയാടുകയാണെന്നും സിംഗിള്‍ ബഞ്ച് ഉത്തരവിന് വിരുദ്ധമായാണ് സമന്‍സ് അയച്ചുതന്നുമാണു തോമസ് ഐസക്കിന്റെ വാദം. എന്നാല്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ക്ക് ഐസക് നല്‍കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നുമാണ് ഇ ഡി കോടതി അറിയിച്ചത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് അഞ്ചാം തവണയും ഇ ഡി നോട്ടിസ് അയച്ചിരുന്നു.

നാളെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നിശ്ചലമാക്കാന്‍ കിഫ്ബിയും തോമസ് ഐസക് അടക്കമുള്ള എതിര്‍കക്ഷികളും ബോധപൂര്‍വം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇഡി സമന്‍സിനെ എല്ലാവരും ഭയക്കുന്നത് എന്തിനെന്ന് ചോദിച്ച കോടതി പ്രാഥമിക വിര ശേഖരണത്തിനാണ് രേഖകള്‍ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സമന്‍സിനോട് പ്രതികരിക്കുകയാണ് വേണ്ടതെന്നും അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി ആവര്‍ത്തിച്ചിട്ടുണ്ട്.

കര്‍ണാടക ഹൈക്കോടതിയില്‍ ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ‘എക്‌സാലോജിക്’ സമര്‍പ്പിച്ച ഹര്‍ജി ഹര്‍ജി പരിഗണിക്കുക. രജിസ്റ്റാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണം എസ് എഫ് ഐ ഒ ഏറ്റെടുത്തത് നിയമപരമല്ലെന്നാണ് കമ്പനിയുടെ വാദം. കേസ് ഉച്ചയ്ക്ക് ശേഷമാവും പരിഗണിക്കുക. എസ്എഫ്‌ഐഒ ഡയറക്ടര്‍ക്ക് വേണ്ടി കര്‍ണാടക അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ എസ് ജി കുളൂര്‍ അരവിന്ദ് കാമത്താണ് ഹാജരാകുന്നത്. അന്വേഷണം സംബന്ധിച്ച് രേഖകള്‍ കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ കെ എസ് ഐ ഡി സി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി തള്ളി.

 

---- facebook comment plugin here -----

Latest