Kerala
കിഫ്ബി മസാല ബോണ്ട് കേസ്; ഇഡി അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഹരജിയ്ക്ക് പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തീര്‍പ്പാക്കിയത്.
കൊച്ചി|മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥിയായതിനാല്‍ ഇഡി മുമ്പാകെ ഹാജരാകുന്നതില്‍ നിന്ന് സിംഗിള്‍ ബെഞ്ച് തോമസ് ഐസക്കിനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ഇഡി അപ്പീല്‍ നല്‍കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഹരജിയ്ക്ക് പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തീര്‍പ്പാക്കിയത്.
ബുധനാഴ്ച സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തീര്‍പ്പാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇടക്കാല ഉത്തരവിന്റെ കാലാവധിയും കഴിഞ്ഞെന്ന് ഇഡി ബോധിപ്പിച്ചെങ്കിലും കോടതി ഇടപെടാന്‍ തയാറായില്ല. താന്‍ ഇഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതാണെന്നുമാണ് തോമസ് ഐസക്കിന്റെ നിലപാട്.