Kerala
കിഫ്ബി പദ്ധതി ലക്ഷ്യം കണ്ടു, ഇനി ബജറ്റില്‍ അധിക തുക നീക്കിവെക്കേണ്ടതില്ല: തോമസ് ഐസക്
50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനായിരുന്നു കിഫ്ബി രൂപവത്കരിച്ചത്. എന്നാല്‍ 80,000 കോടിയുടെ പദ്ധതികളാണ് വന്നത്. ഇതില്‍ ചില പദ്ധതികള്‍ ഒഴിവാക്കി.
പത്തനംതിട്ട | കിഫ്ബി പദ്ധതി ലക്ഷ്യം കണ്ടെന്നും അതിനാല്‍ ഇനി ബജറ്റില്‍ അധിക തുക നീക്കിവെക്കേണ്ടതില്ലെന്നും മുന്‍ ധമന്ത്രി ഡോ. ടി എം തോമസ് ഐസക്. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനായിരുന്നു കിഫ്ബി രൂപവത്കരിച്ചത്. എന്നാല്‍ 80,000 കോടിയുടെ പദ്ധതികളാണ് കിഫ്ബിയില്‍ വന്നത്. ഇതില്‍ ചില പദ്ധതികള്‍ ഒഴിവാക്കി. ശേഷിച്ച പദ്ധതികളാണ് നടന്നുവരുന്നത്. പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തിയായെന്നും തോമസ് ഐസക് പറഞ്ഞു.
തന്നെയുമല്ല കിഫ്ബിയെ കേന്ദ്രം വിടാതെ പിന്തുടരുകയുമാണ്. എല്ലാ സ്വകാര്യ നിക്ഷേപവും കേരളം സ്വാഗതം ചെയ്യുന്നുണ്ട്. ഒരു കാലത്തും സ്വകാര്യ നിക്ഷേപത്തെ സി പി എം എതിര്‍ത്തിട്ടില്ല. ചെയ്യുന്ന ജോലി്ക്കാവശ്യമായ കൂലി നല്‍കണമെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സംരംഭകരെ കേരളത്തിലേക്ക് എത്തിക്കുകയും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് നയം. വിദേശ സര്‍വകലാശാലാ കാമ്പസ് കേരളത്തില്‍ കൊണ്ടുവരുന്നതിനെയും എതിര്‍ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല. എസ് എഫ് ഐ അടക്കമുള്ള പ്രസ്ഥാനങ്ങള്‍ക്ക് ആശങ്ക ഉണ്ടാകുന്നത് ന്യായമാണ്, തുടക്കത്തില്‍ ഇത്തരത്തിലുള്ള ആശങ്കകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും സ്ഥാനാര്‍ഥിയാകും. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി നിര്‍ണയം ആയിട്ടില്ല. ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും തോമസ് ഐസക് പറഞ്ഞു.