Kerala
കിഫ്ബി വെന്റിലേറ്ററില്‍: വി ഡി സതീശന്‍
കേന്ദ്രത്തിനൊപ്പം നിന്ന് പ്രതിപക്ഷം കേരളത്തിന്റെ കേസ് തോല്‍പ്പിക്കരുതെന്ന് ധനമന്ത്രി
![](https://assets.sirajlive.com/2025/02/vds-and-knb-897x538.jpg)
തിരുവനന്തപുരം | കിഫ്ബി ഇപ്പോള്‍ വെന്റിലേറ്ററിലായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി പദ്ധതികള്‍ നിലയ്ക്കുന്നുവെന്ന് ആരോപിച്ച് റോജി എം ജോണ്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തെ മുന്‍നിര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി പരാജയപ്പെട്ട മോഡലാണ്. വെന്റിലേറ്റര്‍ ഊരേണ്ടത് എപ്പഴാണെന്ന് ചോദിക്കേണ്ട അവസ്ഥയാണ്. കിഫ്ബി ആരുടേയും തറവാട് സ്വത്ത് വിറ്റ പണം അല്ല. പെട്രോള്‍ മോട്ടോര്‍ വാഹന സെസ് ആണ് കിഫ്ബിയുടെ അടിസ്ഥാനം. കിഫ്ബി ഭരണഘടനാ വിരുദ്ധമായ ബദല്‍ സംവിധാനം ആയി മാറി. കിഫ്ബിയെ ഓഡിറ്റിങ്ങില്‍ നിന്നു ഒഴിവാക്കുന്നു. കിഫ്ബി വെള്ളാനയായി മാറി.
സംസ്ഥാന ബജറ്റിന്റ മീതെ കിഫ്ബി ഇന്ന് ബാധ്യത ആയി നില്‍ക്കുകയാണ്. എന്നിരുന്നാലും കിഫ്ബി ഭയങ്കര സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കിഫ്ബി ഇല്ലെങ്കിലും കടം എടുത്തു പദ്ധതികള്‍ നടപ്പാക്കാമായിരുന്നു. സംസ്ഥാനം ട്രിപ്പിള്‍ ടാക്‌സ് പിടിക്കുകയാണ്. ഇന്ധന സെസ്, മോട്ടോര്‍ വാഹന നികുതി, പിന്നെ ഇപ്പോള്‍ റോഡ് ടോളിലേക്ക് കടക്കുന്നതായും അദ്ദേഹം പറഞ്ഞു.കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കിഫ്ബി വഴി വരുമാനദായക പദ്ധതികള്‍ ഇനിയും കൊണ്ട് വരുമെന്നും ടോളിനെ സഭയിലും ന്യായീകരിച്ച് ധന മന്ത്രി പറഞ്ഞു. കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയൊന്നുമില്ല. കേന്ദ്രത്തിനൊപ്പം നിന്ന് പ്രതിപക്ഷം കേരളത്തിന്റെ കേസ് തോല്‍പ്പിക്കരുത്. കിഫ്ബി വഴി വലിയ മാറ്റമാണ് ഉണ്ടായത്.
ഡ്രിപ്പും ബൂസ്റ്റും കൊടുത്ത് ബിജെപിയെ വളര്‍ത്തുന്നത് പ്രതിപക്ഷമാണ്. മോന്‍ ചത്താലും മരുമോളുടെ കണ്ണീരെന്ന നയമല്ലേ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എടുത്തതെന്നും ധനമന്ത്രി ചോദിച്ചു. കിഫ്ബിയുടെ പേരിലെ വിമര്‍ശനത്തിന് ആത്മാര്‍ഥതയില്ലെന്ന് പ്രസംഗം കേട്ടാല്‍ തന്നെ തോന്നും. റോജി എം ജോണിന്റെ മണ്ഡലത്തില്‍ വരെ വികസനം എത്തിച്ചത് കിഫ്ബിയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ റോജി എം ജോണ്‍ ആരോപിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ പതിനായിരം കോടിയുടെ പദ്ധതി മാത്രമാണ് നടപ്പാക്കിയത്. ഇത് വരെ പൂര്‍ത്തിയായത് 18,000 കോടിയുടെ പദ്ധതി മാത്രമാണ്.
ഒച്ചിഴയുന്ന വേഗത്തിലാണ് കിഫ്ബി വഴിയുള്ള വികസനം. കിഫ്ബി റോഡുകളിലൂടെ ഇനി കെ ടോളുകളും സംസ്ഥാനത്ത് വരുമെന്നാണ് വിവരം. കേരളത്തിലെ ഒരു പാലത്തിനും റോഡിനും ടോള്‍ ഉണ്ടാകില്ലെന്നായിരുന്നു കിഫ്ബിയുടെ പിതാവ് തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ സ്ഥിതി മാറുകയാണ്. നികുതി വരുമാനം ആണ് കിഫ്ബിയിലേക്ക് വകമാറ്റുന്നത്. ഇടത് മുന്നണിയില്‍ പോലും അഭിപ്രായ ഐക്യമില്ലെന്നും എന്താണ് കിഫ്ബി ടോളില്‍ ഇടത് നയമെന്നും റോജി എം ജോണ്‍ ചോദിച്ചു.