Kerala
കിഫ്ബി;അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിറകെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു
കിഫ്ബി പദ്ധതികള്‍ താളം തെറ്റിയെന്ന് ആരോപിച്ച് റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്
![](https://assets.sirajlive.com/2021/10/niyamasabha-n.jpg)
തിരുവനന്തപുരം | അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. കിഫ്ബി പദ്ധതികള്‍ താളം തെറ്റിയെന്ന് ആരോപിച്ച് റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കൊള്ള പലിശക്ക് കടമെടുത്ത് കൊള്ള പലിശ തിരിച്ചടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് റോജി എം ജോണ്‍ ആരോപിച്ചു. കിഫ്ബി പരാജയമാണെന്നും പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ ഒന്നൊന്നായി ശരിയാകുന്നുവെന്നും കിഫ്ബി ബാധ്യത ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും റോജി എം ജോണ്‍ നിയമസഭയില്‍ പറഞ്ഞു.
അതേ സമയം കിഫ്ബിയെ പിന്തുണച്ച് ധനകാര്യ മന്ത്രി മറുപടി നല്‍കി. ദേശീയപാത വികസനത്തിന് കിഫ്ബിയില്‍ നിന്നാണ് പണം നല്‍കിയതെന്നും കിഫ്ബിയ്ക്ക് വരുമാനദായക പദ്ധതികള്‍ വേണമെന്നാണ് നിലപാടെന്നും സഭയെ അറിയിച്ചു. വരുമാനദായക പദ്ധതി വേണമെന്ന പ്രതിപക്ഷ ആവശ്യവും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു. റോഡിന്റെ കാര്യം പറഞ്ഞ് ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്നും ധനകാര്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ അതോറിറ്റി എല്ലാ നിര്‍മ്മാണവും ടോള്‍ പിരിച്ചാണ് ചെയ്യുന്നതെന്നും ധനകാര്യ മന്ത്രി പറഞ്ഞു
ധനകാര്യ മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. കിഫ്ബിയുടെ പേരില്‍ ട്രിപ്പിള്‍ ടാക്‌സ് പിരിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ടോള്‍ പിരിക്കാനുള്ള നീക്കം നീതിരഹിതമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കിഫ്ബി സംസ്ഥാനത്തിനും ബജറ്റിനും ബാധ്യതയാണെന്നും കിഫ്ബിക്കായി 50 ശതമാനം തുക പ്ലാനില്‍ നിന്നും കട്ട് ചെയ്യേണ്ടി വന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിന് പിന്നാലെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു