Connect with us

lady doctor murdered

യുവ വനിതാ ഡോക്ടറുടെ കൊല: എന്തിനാണ് പോലീസിന് തോക്കെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി ചോദിച്ചു.

Published

|

Last Updated

കൊച്ചി | എന്തിനാണ് പോലീസിന് തോക്കെന്ന് ഹൈക്കോടതി. ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഹൈക്കോടതി, പോലീസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേ എന്നു ചോദിച്ചത്.

രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ? ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി ചോദിച്ചു.
ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പോലീസിനല്ലേയെന്നും കോടതി ചോദിച്ചു. വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാനാകാത്ത സംഭവമാണിത്. ഏറെ ദുഖകരമായ സംഭവമാണ് ഡോക്ടര്‍ വന്ദന ദാസിന്റെ മരണം. കൊല്ലപ്പെട്ട വന്ദനക്ക് ആദരാഞ്ജലികള്‍ രേഖപ്പെടുത്തുന്നു.
എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവന്‍ വേദന തിന്നും. നാലോ അഞ്ചോേപാലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴാണ് യുവ ഡോക്ടര്‍ കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാന്‍ പരിശീലനം കിട്ടിയവരല്ലേ പോലീസുകാരെന്നും കോടതി ചോദിച്ചു. ഈ ഘട്ടത്തില്‍ ഡോ. വന്ദന ദാസിന്റെ മരണത്തിന് കാരണം പോലീസിന്റെ പരാജയമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിഭാഷകനും കുറ്റപ്പെടുത്തി.

സുരക്ഷാ സംവിധാനം എന്തിനെന്ന് സര്‍ക്കാരിനോട് ചോദിച്ച കോടതി, സംഭവങ്ങളെ മുന്‍കൂട്ടി കാണാന്‍ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങള്‍ തടയാന്‍ പോലീസിനാകണമെന്നും പറഞ്ഞു. ഇതേ സംഭവം നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു.

സുരക്ഷ ഏര്‍പെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സര്‍വകലാശാലയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ഇത്തരം ആക്രമങ്ങള്‍ ചെറുക്കാന്‍ മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്നു കോടതി ചോദിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാന്‍ എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് പറയാനും പോലീസിനോട് ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.ഇതില്‍ക്കൂടുതല്‍ എന്ത് സംഭവിക്കാനാണെന്നും കോടതി ചോദിച്ചു.

യുവ ഡോക്ടറാണ് കൊല്ലപ്പെട്ടതെന്ന കാര്യം ആരും മറക്കരുത്. ഇക്കാര്യത്തില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടതായും കോടതി അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest