Connect with us

Ongoing News

ഗൾഫ് മലയാളികളുടെ കൊല: അടിസ്ഥാന കാരണങ്ങൾ കണ്ടെത്തണമെന്ന് പരക്കെ ആവശ്യം

അടുത്തിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

Published

|

Last Updated

ദുബൈ | ഗൾഫ് കേന്ദ്രീകരിച്ചു സ്വർണം, വിദേശ കറൻസികൾ കടത്തി ചതിയിൽപെട്ടു പ്രവാസികൾക്ക് ജീവഹാനി സംഭവിക്കുന്നത് കേരളത്തിൽ പതിവാകുന്ന സാഹചര്യത്തിൽ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തണമെന്ന് പരക്കെ ആവശ്യം. അടുത്തിടെയായി മൂന്ന് ജീവനുകളാണ് ഇത്തരത്തിൽ പൊലിഞ്ഞത്. കോഴിക്കോട് പന്തിരിക്കര സ്വദേശി ഇർശാദ് മരിച്ചത് ഇത്തരം ഗൂഢസംഘത്തിന്റെ മർദനമേറ്റാണെന്ന് സംശയിക്കുന്നു.

മാസങ്ങൾക്ക് മുമ്പ് ക്രൂരമായി മർദനമേറ്റ അഗളി സ്വദേശി വാക്യത്തൊടി അബ്ദുൽ ജലീൽ ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു. സഊദിയിൽ വെച്ച് 1.2 കിലോ സ്വർണം കൈമാറിയതാണ് തുടക്കം. നാട്ടിലെത്തിക്കാൻ നാല് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. മെയ് 15നു ജലീൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങി. ഉടൻ ജലീലിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയി. ദിവസങ്ങളോളം മർദനമായിരുന്നു. അവശനിലയിൽ ആയപ്പോൾ ആശുപത്രിയിലെത്തിച്ചു. രാത്രി ജലീൽ മരിച്ചു. കേസിൽ ആക്കപ്പറമ്പ് സ്വദേശി മുഹമ്മദ് യഹ്യ പിടിയിലായി. ഗൾഫിൽ നിന്ന് സ്വർണം കൊടുത്തു വിടുന്നവർ തന്നെ തട്ടിയെടുക്കാൻ സംഘത്തെ നിയോഗിച്ചതാണെന്ന് പറയുന്നു. കമ്മീഷനായി നൽകിയ തുക തിരിച്ചു പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

കഴിഞ്ഞ മാസം കാസർകോട് മുഗു സ്വദേശി അബൂബക്കറും ഇങ്ങനെ മരിച്ചിരുന്നു. ഗൾഫിലായിരുന്ന സിദ്ദീഖിനെ മഞ്ചേശ്വരത്തെത്തിച്ചു കെട്ടിയിട്ടു മർദിക്കുകയായിരുന്നു. ഡോളർ കടത്തുകാരാണ് പ്രതികൾ. സിദ്ദീഖിനൊപ്പം സഹോദരൻ അൻവർ, ബന്ധു അൻസാരി എന്നിവർക്കും ക്രൂരമായ മർദനമേറ്റിരുന്നു. ആദ്യം സഹോദരനെയാണ് തട്ടിക്കൊണ്ട് പോയത്. ഗൾഫിലേക്ക് ഡോളർ കടത്താൻ ഏൽപിച്ചത് നഷ്ടപ്പെട്ടു എന്നതായിരുന്നു പ്രശ്നമെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളെ ഗോവയിൽ നിന്നും മറ്റൊരാളെ കാസർകോട്ട് നിന്നും പോലീസ് പിടികൂടി. അബ്ദുല്‍ അസീസ് (36), അബ്ദുര്‍റഹീം (42) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മഞ്ചേശ്വരത്തെ ഉദ്യാവർ സ്വദേശികളാണ്.

സംഘം ഉപയോഗിച്ചിരുന്ന മൂന്ന് വാഹനങ്ങൾ ഇതിനകം പിടിച്ചെടുത്തു. സിദ്ദീഖിനെ മർദിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട പൈവളികെയിലെ വീടും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോറൻസിക് സംഘം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. മുഖ്യപ്രതികളിലൊരാൾ ഗൾഫിൽ എത്തിയതായി പോലീസ് അനുമാനിക്കുന്നു. ഇയാളെ കണ്ടെത്താൻ റെഡ് കോർണർ നോട്ടീസ് ഉടൻ പുറപ്പെടുവിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് സിദ്ദീഖിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെ വ്യാപക ബോധവത്കരണം വേണമെന്നാണ് പരക്കെയുള്ള ആവശ്യം.