Connect with us

uthra murder case

പാമ്പിനെ ഉപയോഗിച്ച് കൊല; ഉത്ര വധക്കേസ് അന്വേഷണം പുസ്തകമായി

മുന്‍ ഉത്തരാഖണ്ഡ് ഡി ജി പി അലോക് ലാലും മകന്‍ മനാസ് ലാലും ചേര്‍ന്നാണ് പുസ്‌കമെഴുതിയത്

Published

|

Last Updated

തിരുവനന്തപുരം | ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്ര വധക്കേസ് അന്വേഷണം പുസ്‌കമായി. മുന്‍ ഉത്തരാഖണ്ഡ് ഡി ജി പി അലോക് ലാലും മകന്‍ മനാസ് ലാലും ചേര്‍ന്നാണ് പുസ്‌കമെഴുതിയത്.

‘ഫാന്‍ങ്‌സ് ഓഫ് ഡെത്ത് -എ ട്രൂ സ്റ്റോറി ഓഫ് കേരള സ്‌നേക്ക് ബൈറ്റ് മര്‍ഡര്‍’ എന്ന പേരിലാണ് പുസ്തകം ഒരുങ്ങിയത്. കൊല്ലം അഞ്ചലിലാണ് ഉത്രയെന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. രാജ്യത്ത് ഇതിന് മുന്‍പ് രണ്ട് തവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. പൂണെയില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലപ്പെടുത്താന്‍ പാമ്പിനെ ഉപയോഗിച്ചെന്നായിരുന്നു കേസ്. നാഗ്പൂരില്‍ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാന്‍ മകന്‍ തന്നെയാണ് പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപാതകം നടത്തിയത്. എന്നാല്‍ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിചാരണ കോടതികള്‍ വെറുതെ വിട്ടത് മഹാരാഷ്ട്രാ പോലീസിന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളിലൂടെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തു എന്നതാണ് ഈ കേസിനെ പുസ്തക രൂപത്തില്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നീക്കത്തിനു പിന്നില്‍. ജീവനുള്ള വസ്തുവിനെ ഉപയോഗിച്ചുള്ള കൊലപാതകം പിടിക്കപ്പെട്ടാലും കോടതിയിനിന്നു രക്ഷപ്പെടാമെന്ന അമിത ആത്മവിശ്വാസമായിരിക്കാം പ്രതിയെ കൊലപാതകത്തിന് ഈ വഴിതേടാന്‍ പ്രേരിപ്പിച്ചത്. കേരളാ പോലീസിന്റെ അന്വേഷണ ത്വരയും ഉയര്‍ന്ന ബൗദ്ധിക നിലവാരവും തെളിയിച്ച കേസ് എന്ന നിലയിലാണ് ഉത്രാ കേസ് അറിയപ്പെടുന്നത്.

കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പോലീസ് കുറ്റപത്രത്തില്‍ സൂരജിനെതിരെ ചുമത്തിയത്. പാമ്പ് പിടിത്തക്കാരന്‍ സുരേഷിന്റെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. കേസില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെട്ട സുരേഷിനെ പോലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. സൂരജിന് പാമ്പുകളെ കൊടുത്തിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാന്‍ സൂരജിന് അറിയാമെന്നും സുരേഷ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കൊല്ലാന്‍ വേണ്ടിയായിരുന്നു സൂരജ് പാമ്പിനെ വാങ്ങിയത് എന്നറിയില്ലായിരുന്നുവെന്ന സുരേഷിന്റെ മൊഴി അംഗീകരിച്ചാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം. എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി സൂരജിന് വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും ഏഴും ആകെ 17 വര്‍ഷം തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു.

പ്രതിയുടെ പ്രായവും ഇതിനു മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നതും പരിഗണിച്ചാണ് പ്രതിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയത്. നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു.