International
ജോർദാനും ഈജിപ്തും ഫലസ്തീൻ അഭയാർഥികളെ സ്വീകരിക്കില്ലെന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ
ഇപ്പോഴത്തെ പ്രശ്നങ്ങൾ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ആഭ്യന്തരമായി കൈകാര്യം ചെയ്യേണ്ടതാണെന്നും അത് മറ്റുള്ളവരുടെ ചുമലിൽ കെട്ടിവെക്കേണ്ട ആവശ്യമില്ലെന്നും അബ്ദുല്ല രാജാവ്
ബെർലിൻ | ഇസ്റാഈലിന്റെ കിരാതമായ ആക്രമണങ്ങൾ സഹിക്കവയ്യാതെ പലായനം ചെയ്യുന്ന ഫലസ്തീൻ അഭയാർഥികളെ ജോർദാനും ഈജിപ്തും സ്വീകരിക്കില്ലന്നെ് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ കൂടിക്കാഴ്ചയക്ക് ശേഷം അദ്ദേഹത്തിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അബ്ദുല്ല രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്.
ജോർദാനെ പ്രതിനിധീകരിച്ച് എനിക്ക് ഇവിടെ സംസാരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അതോടൊപ്പം തന്നെ ഞങ്ങളുടെ സുഹൃത്തുക്കളായ ഈജിപ്തിനെക്കുറിച്ചും. ഇതൊരു ചുവന്ന രേഖയാണ്. ജോർദാനിൽ ഫലസ്തീൻ അഭയാർഥികൾ ഉണ്ടാകില്ല. ഈജിപ്തിലും അഭയാർഥികളുണ്ടാകില്ല – അബ്ദുല്ല രാജാവ് വ്യക്തമാക്കി.
ഇപ്പോഴത്തെ പ്രശ്നങ്ങൾ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ആഭ്യന്തരമായി കൈകാര്യം ചെയ്യേണ്ടതാണെന്നും അത് മറ്റുള്ളവരുടെ ചുമലിൽ കെട്ടിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷം ലഘൂകരിക്കാനും സംഘർഷമേഖലയിൽ നിന്ന് പലായനം ചെയ്യുന്ന ഫലസ്തീനികളുടെ സ്ഥിതി മെച്ചപ്പെടുത്താനും ചർച്ചകൾ നടത്തുന്നതിന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇസ്റാഈലും ഈജിപ്തും സന്ദർശിക്കാനിരിക്കൊണ് അബ്ദുല്ല രാജാവിന്റെ പ്രഖ്യാപനം. ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടി ഈജിപ്ത് അതിർത്തി തുറന്നിടുമെന്നായിരുന്നു ഷോൾസിന്റെയും പാശ്ചാത്യ നേതാക്കളുടെയും പ്രതീക്ഷ.