Business
ദീര്‍ഘകാല സഹകരണ കരാറില്‍ ഒപ്പിട്ട് കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റിയും ഇറാം പവര്‍ ഇലക്ട്രോണിക്സ് കമ്പനിയും
ചരിത്ര നേട്ടമെന്ന് ഇറാം സി എം ഡി. ഡോ. സിദ്ദീഖ് അഹമ്മദ്.

ദമാം | കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റി (എന്‍ജിനീയറിങ് കോളജ്)യും ഇറാം പവര്‍ ഇലക്ട്രോണിക്സ് കമ്പനിയും തമ്മില്‍ ദീര്‍ഘകാല സഹകരണ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍ അല്‍-അഹ്സ ഗവര്‍ണര്‍ പ്രിന്‍സ് സഊദ് ബിന്‍ തലാല്‍, കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ: മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഒഹാലി, ഇറാം ഹോള്‍ഡിംഗ്‌സിനെ പ്രതിനിധീകരിച്ച് സി എം ഡി. ഡോ. സിദ്ദീഖ് അഹമ്മദ്, ഇറാം ഇലക്ട്രോണിക് ഡയറക്ടര്‍ സത്താം അല്‍ ഉമൈരി എന്നിവരാണ് ഒപ്പുവെച്ചത്.
ഇന്ത്യന്‍ മാനേജ്മെന്റ് കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായതും മികച്ച അംഗീകാരവുമാണ് കരാറെന്ന് ധാരണാപത്രം ഏറ്റുവാങ്ങി ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. സഊദിയുടെ വിദ്യാഭ്യാസ വളര്‍ച്ചക്ക് ഏറ്റവും അധികം സംഭാവന അര്‍പ്പിച്ച യൂണിവേഴ്സിറ്റിയാണ് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയില്‍ സ്ഥാപിതമായ കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റി.
170 വിദ്യാര്‍ഥികളും, 45 ഫാക്കല്‍റ്റികളുമായി ആരംഭിച്ച യൂണിവേഴ്സിറ്റിയില്‍ വിവിധ വിഭാഗങ്ങളിലായി 2024 ല്‍ പ്രവേശനം നേടിയത് 45,118 വിദ്യാര്‍ഥികളാണ്. ഫാക്കല്‍റ്റികളുടെ എണ്ണം 2,200 ആയി വര്‍ധിച്ചു. 650 ഓളം പാറ്റന്റുകളാണ് ഇതിനകം യൂണിവേഴ്സിറ്റി സ്വന്തമാക്കിയത്. ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ച യൂണിവേഴ്സിറ്റിയുമായി സഹകരിക്കാനാണ് ഇറാം പവര്‍ ഇലക്ട്രോണിക്സിന് അവസരം ലഭിച്ചത് എന്നതാണ് കരാറിന്റെ ഏറ്റവും വലിയ പ്രാധാന്യം. വിവിധ മേഖലകളില്‍ സ്വന്തം വ്യവസ്ഥകള്‍ക്കും ലഭ്യമായ വിഭവങ്ങള്‍ക്കും അനുസൃതമായി, ഇരു കക്ഷികളും സംയുക്തമായി സഹകരിക്കുന്നതിന് ധാരണാപത്രം വഴിയൊരുക്കുന്നു.
ഇറാം പവര്‍ ഇലക്ട്രിക് കമ്പനിയില്‍ ലഭ്യമായ സാങ്കേതിക, മാനുഷിക വിഭവങ്ങള്‍ വിദ്യാര്‍ഥികളുടെ വിവിധ പ്രോജക്ടുകള്‍ക്കായി ഉപയോഗിക്കുന്നതിന് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരങ്ങള്‍ നല്‍കും. അതോടൊപ്പം കോളജ് വിദ്യാര്‍ഥികള്‍ക്കും ബിരുദധാരികള്‍ക്കും പരിശീലനം നല്‍കുന്നതിനും കമ്പനി മുന്നോട്ട് വരും. പ്രദര്‍ശനങ്ങള്‍, പരിപാടികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയില്‍ പരസ്പരം സഹകരിക്കും. അതോടൊപ്പം വ്യവസായം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്ര പഠന സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങി മറ്റ് നിരവധി മേഖലകളിലും കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റിയും ഇറാം പവര്‍ ഇലക്ട്രോണിക്സ് കമ്പനിയും പരസ്പരം സഹകരിക്കും. മുന്‍കാലങ്ങളിലും വിവിധ സഊദി യൂണിവേഴ്സിറ്റികളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക്് വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള അവസരം ഇറാം പവര്‍ ഇലക്ട്രോണിക്സ് കമ്പനിക്ക് ലഭിച്ചിരുന്നു.