New parliament building
രാജ്യം ഇന്ന് മുതൽ പുതിയ പാർലിമെൻ്റ് മന്ദിരത്തിൽ
ഭരണഘടനയുടെ കോപ്പി കൈയില്‍ പിടിച്ച് പ്രധാനമന്ത്രി പുതിയ മന്ദിരത്തിലേക്ക് നടക്കും. എല്ലാ എം പിമാരും അദ്ദേഹത്തെ അനുഗമിക്കും.
ന്യൂഡൽഹി | പാർലിമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ. അഞ്ച് ദിവസം നീളുന്ന ലോക്‌സഭയുടെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ഇന്ന്. രാവിലെ 11ന് പഴയ പാർലിമെന്റിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഒത്തുകൂടും. മുഴുവൻ അംഗങ്ങളോടും സെൻട്രൽ ഹാളിൽ സമ്മേളിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
സെന്‍ട്രല്‍ ഹാളിലെ പ്രത്യേക പരിപാടിയില്‍ സംസാരിക്കാന്‍ ഏറ്റവും മുതിര്‍ന്ന പാര്‍ലിമെന്റ് അംഗങ്ങളായ ഡോ.മന്‍മോഹന്‍ സിംഗ്, ഷിബു സോറന്‍, മനേക ഗാന്ധി എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഹാളിലെ ഫോട്ടോ സെഷന് ശേഷം ഭരണഘടനയുടെ കോപ്പി കൈയില്‍ പിടിച്ച് പ്രധാനമന്ത്രി പുതിയ മന്ദിരത്തിലേക്ക് നടക്കും. എല്ലാ എം പിമാരും അദ്ദേഹത്തെ അനുഗമിക്കും. ശേഷം പുതിയ മന്ദിരത്തിൽ 1.15ന് ലോക്‌സഭയും 2.15ന് രാജ്യസഭയും സമ്മേളിക്കും.
കര്‍തവ്യപഥിലാണ് പുതിയ പാര്‍ലിമെന്റ് മന്ദിരം. മെയ് മാസത്തില്‍ പ്രധാനമന്ത്രി മോദിയാണ് ഉദ്ഘാടനം ചെയ്തത്. ത്രികോണാകൃതിയിലുള്ള പൂമുഖത്തോട് കൂടിയ മന്ദിരത്തില്‍ 888 ലോക്‌സഭാ അംഗങ്ങളെയും 300 രാജ്യസഭാ അംഗങ്ങളെയും ഉള്‍ക്കൊള്ളും. ഗണേശ ചതുർഥി ദിനത്തിലാണ് പുതിയ മന്ദിരത്തിൽ സമ്മേളനം ആരംഭിക്കുന്നത്.