vismaya case
മകള്‍ക്ക് നീതി ലഭിച്ചെന്ന് വിസ്മയയുടെ മാതാപിതാക്കള്‍
കിരണിന് പരമാവധി ശിക്ഷ ലഭിക്കണം: മറ്റാര്‍ക്കും ഈ വിധി വരരുത്
കൊല്ലം | സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിതയും. പ്രതി കിരണ്‍ കുമാര് കുറ്റക്കാരനാണെന്ന സെഷന്‍സ് കോടതി വിധിയില്‍ സന്തോഷമുണ്ട്. മറ്റാര്‍ക്കും ഈ ഗതി വരരുത്. അതിന് ഉതകുന്നതാകും ഈ കേസിലെ വിധി. കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. നാളെ കോടതി ശിക്ഷ വിധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഇവര്‍ പറഞ്ഞു.
കേസില്‍ കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും നിരവധി പേരുടെ പ്രാര്‍ഥനയുടെ ഫലമാണ് അനുകൂല വിധിയെന്നും വിസ്മയയുടെ സഹോദരന്‍ വിജിത്ത് പ്രതികരിച്ചു.
വിധി കേള്‍ക്കാനായി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമയന്‍ നായര്‍ കോടതിയില്‍ നേരിട്ടെത്തിയിരുന്നു. രാവിലെ വീട്ടില്‍ നിന്നും നിറകണ്ണുകളോടെ പ്രാര്‍ഥനക്ക് ശേഷം ആദ്ദേഹം സ്വന്തമായി കാറോടിച്ച് കോടതിയിലെത്തുകയായിരുന്നു. മാതാവ് സജിതയും മറ്റു ബന്ധുക്കളും വീട്ടിലിരുന്നാണ് കോടതി വിധി കേട്ടത്. മാതൃകാപരമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.