Connect with us

Kerala

കിരീട മൊഞ്ചിൽ മലപ്പുറം ഈസ്റ്റ്; കേരള സാഹിത്യോത്സവ് കൊടിയിറങ്ങി

മലപ്പുറം ഈസ്റ്റിലെ മുഹമ്മദ് ഇബ്‌റാഹീം അര്‍ശാദും കണ്ണൂര്‍ ജില്ലയിലെ മുഹമ്മദ് എ പിയും കലാപ്രതിഭാ പട്ടം പങ്കിട്ടു. മലപ്പുറം ഈസ്റ്റ് ജില്ലയിലെ അന്‍ശിദ ഷെറിന്‍ സര്‍ഗപ്രതിഭയായി

Published

|

Last Updated

മഞ്ചേരി | 31ാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവ് മഞ്ചേരിയില്‍ സമാപിച്ചപ്പോള്‍ ആതിഥേയരായ മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കളായി. 861 പോയിന്റ് നേടിയാണ് മലപ്പുറം ഈസ്റ്റ് കിരീടം നേടിയെടുത്തത്. 826 പോയിന്റോടെ കോഴിക്കോട് ജില്ല രണ്ടാമതും 783 പോയിന്റ് നേടി മലപ്പുറം വെസ്റ്റ് മൂന്നാമതുമെത്തി. മലപ്പുറം ഈസ്റ്റിലെ മുഹമ്മദ് ഇബ്‌റാഹീം അര്‍ശാദും കണ്ണൂര്‍ ജില്ലയിലെ മുഹമ്മദ് എ പിയും കലാപ്രതിഭാ പട്ടം പങ്കിട്ടു. മലപ്പുറം ഈസ്റ്റ് ജില്ലയിലെ അന്‍ശിദ ഷെറിന്‍ സര്‍ഗപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.

ഞായറാഴ്ച വൈകിട്ടു നടന്ന സമാപന സംഗമം കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കേരളം എന്ന ബ്രാന്‍ഡ് ഐഡന്റിറ്റി മൗലികമായി നവീകരിക്കാന്‍ നിക്ഷേപം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ തലമുറക്ക് അന്താരാഷ്ട്ര പൗരന്മാരായി വളരാന്‍ സൗകര്യം ഒരുക്കണം. പഠനത്തിനും പരിശീലനത്തിനുമായി പുറം നാടുകളെ ആശ്രയിക്കേണ്ടി വരുന്നത് ഗുണകരമല്ല. പുതു തലമുറയുടെ സാംസ്‌കാരിക വികസനത്തിന് കൂടുതല്‍ മൂലധന നിക്ഷേപം വേണം. യുവാക്കളുടെ ഉത്ഥാനത്തിന് സാംസ്‌കാരിക മൂലധനമാണ് കരുതി വെക്കേണ്ടത്. മാനവ വിഭവ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാലേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് എസ് എഫ് കേരള പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ജേതാക്കളെ അനുമോദിച്ച് വീഡിയോ സന്ദേശത്തില്‍ സംസാരിച്ചു.

ഹംസ മുസ്്‌ലിയാര്‍ മഞ്ഞപ്പറ്റ, അബൂഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, സി പി ഉബൈദുല്ല സഖാഫി, അശ്‌റഫ് പാണ്ഡ്യാല്‍ സംസാരിച്ചു. സയ്യിദ് ഹൈദ്‌റൂസ് മുത്തുക്കോയ തങ്ങള്‍, ശറഫുദ്ദീന്‍ ജമലുല്ലൈലി, അലവി സഖാഫി കൊളത്തൂര്‍, കെ വൈ നിസാമുദ്ദീന്‍ ഫാളിലി സംബന്ധിച്ചു.

ഇന്ന് നടന്ന വിവിധ സെഷനുകളില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, ദാമോദര്‍ പ്രസാദ്, മജീദ് സെയ്ദ്, കെ നുഐമാന്‍, മുസ്തഫ പി എറയ്ക്കല്‍ സംസാരിച്ചു.

വിവിധ ക്യാമ്പസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സാഹിത്യ പരിശീലന ക്യാമ്പും സമാപിച്ചു. വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ഓഫറോടെ വില്‍പ്പനക്കെത്തിച്ച ‘പുസ്തകലോകം’, ഉന്നത പഠന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി ‘എജ്യൂസൈന്‍’ പവലിയന്‍ എന്നിവയും സാഹിത്യോത്സവ് നഗരിയില്‍ സംവിധാനിച്ചിരുന്നു. അതോടൊപ്പം, ഐ പി ബി പ്രസിദ്ധീകരിച്ച 25 പുസ്തകങ്ങളുടെ പ്രകാശനവും സാഹിത്യോത്സവിനോടനുബന്ധിച്ച് നടന്നു.