National
ഡല്‍ഹി രാംലീല മൈതാനത്ത് കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത് ആരംഭിച്ചു
രാംലീല മൈതാനിയില്‍ കര്‍ഷകര്‍ മുദ്രാവാക്യം മുഴക്കുകയാണ്. വനിതാ, തൊഴിലാളി, യുവജന സംഘടനകളും മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നുണ്ട്.
ന്യൂഡല്‍ഹി|കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡല്‍ഹി രാംലീല മൈതാനത്ത് കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത് ആരംഭിച്ചു.വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് മഹാപഞ്ചായത്തില്‍ അണിചേരുന്നത്. രാംലീല മൈതാനിയില്‍ കര്‍ഷകര്‍ മുദ്രാവാക്യം മുഴക്കുകയാണ്. വനിതാ, തൊഴിലാളി, യുവജന സംഘടനകളും മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഫെബ്രുവരി 22ന് ചണ്ഡീഗഢില്‍ ചേര്‍ന്ന യോഗത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തത്. വിളകള്‍ക്കുള്ള മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരിക, എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ സമ്പൂര്‍ണമായി എഴുതിത്തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള 30,000-ത്തിലധികം കര്‍ഷകര്‍ ദേശീയ തലസ്ഥാനത്ത് എത്തുമെന്ന് പറഞ്ഞിരുന്നു. 800-ലധികം ബസുകളിലും ട്രക്കുകളിലും ട്രെയിനുകളിലുമായി കര്‍ഷകര്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ മഹാപഞ്ചായത്ത്. മാര്‍ച്ച് 11ന് ഡല്‍ഹി പോലീസും മുനിസിപ്പല്‍ കോര്‍പ്പറേഷനും മഹാപഞ്ചായത്തിന് അനുമതി നല്‍കിയിരുന്നു. കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. സമാധാനപരമായി സമ്മേളനത്തില്‍ പങ്കെടുത്തശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു. മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 5000ത്തില്‍ കൂടരുതെന്നാണ് പോലീസ് നിര്‍ദേശം. അതേസമയം ഡല്‍ഹിയില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.