Connect with us

Prathivaram

ഗിജ്ദുവാനിലെ പട്ടം പറത്തുന്ന ബാല്യങ്ങൾ

മൗനം തളം കെട്ടി നിൽക്കുന്ന താഴ്്വരയിൽ ദിവ്യ പ്രണയത്തിന്റെ മഴ വർഷിക്കുന്നതായി അനുഭവപ്പെടുന്നയിടമാണ് ശൈഖ് ഗിജ്ദുവാനി(റ) യുടെ മൗസോളിയം. അല്ലാഹുവിന്റെ ഏകത്വത്തിന്റെ മഹത്തായ സന്ദേശം നൽകുന്ന ഒരൊറ്റ മിനാരം അവിടെ തല ഉയർത്തി നിൽക്കുന്നുണ്ട്. ഗിജ്ദുവാൻ പ്രദേശത്തിന്റെയും നീല താഴികക്കുടത്തിന്റെയും ഹൃദ്യമായ ദൃശ്യമനുഭവിക്കാൻ എല്ലാവരും ആ മിനാരത്തിലേക്ക് കയറി.

Published

|

Last Updated

നഖ്‌ശബന്ദി സൂഫി സരണിയിലെ പ്രധാന കണ്ണിയാണ് ശൈഖ് അബ്ദുൽ ഖാലിഖ് ഗിജ്ദുവാനി. ആത്മീയ ഉത്കർഷത്തിനു വേണ്ടി മഹാൻ തയ്യാറാക്കിയ ചില തത്വങ്ങൾ സൂഫി ലോകത്ത് ഏറെ പ്രശസ്തമാണ്. “11 നഖ്‌ശബന്ദി രഹസ്യങ്ങൾ’ എന്നാണ് അതിന് പറയുക.

1. ഓരോ ശ്വാസവും അറിഞ്ഞുകൊണ്ടാകുക (ഹഷ് ദർദം) മനസ്സ് വിസ്‌മൃതിയിലാവാതിരിക്കുകയെന്ന് ചുരുക്കം.
2. ഓരോ ചവിട്ടടിയും നീ അറിയുക (നസർ ബാർ ഖദം) ലക്ഷ്യത്തിലേക്ക് നിരന്തരം സ്വയം നയിക്കുക.
3. വീട്ടിലേക്കുള്ള മടക്കയാത്രയിലാകുക (സഫർ ദർ വതൻ) ‌മായയുടെ ലോകത്ത് അഭിരമിക്കുന്നതിനു പകരം യാഥാർഥ്യ ലോകത്തേക്കുള്ള യാത്രയിൽ ശ്രദ്ധിക്കുക.
4. ആൾക്കൂട്ടത്തിൽ ഏകാന്തനാകുക (ഖൽവത്ത് ദർ അഞ്ചുമൻ) ഹൃദയത്തിലെ പ്രിയനുമായി നിരന്തരം സംവദിക്കുക, ബാഹ്യ ലോകത്ത് അപരിചിതനാകുക.
5. സ്മരണ (യാദ് കർദ്) അല്ലാഹുവുമായുള്ള സാന്നിധ്യത്തിൽ ഏകാഗ്രത, നഖ്‌ശബന്ദി സരണിയിൽ മൗനത്തിനാകും കൂടുതൽ പ്രാധാന്യം.
6. നശീകരണ വസ്തുവിൽ നിന്നുള്ള മടക്കം (ബസ് ഗശ്ത്) അല്ലാഹുവുമായുള്ള സ്മരണക്ക് വിഘാതമാകുന്ന സർവതിൽ നിന്നുള്ള മടക്കം.
7. ജാഗരൂകത (നിഘ ദശ്ത്) മരണമില്ലാ ലോകത്തെ കുറിച്ചുള്ള ജാഗ്രത.
8. നിരന്തരമായ അഭ്യർഥന (യാദ് ദശ്ത്) ഓരോ നിമിഷവും പ്രണയ സാഫല്യത്തിന് വേണ്ടിയുള്ള നിരന്തരമായ അഭ്യർഥന തന്നെ.
9. മറ്റൊരാളുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള അവബോധം (വുഖൂഫെ സമാൻ) ഗുരു ശിഷ്യ നിയന്ത്രണങ്ങൾ ഇതിൽ വരുന്നുണ്ട്.
10. സംഖ്യയെക്കുറിച്ചുള്ള അവബോധം (വുഖൂഫെ അദദി) അല്ലാഹുവിനുള്ള ദിക്റിൽ വരുന്ന എണ്ണങ്ങളിലെ ബോധം.
11. ഹൃദയത്തെ കുറിച്ചുള്ള അവബോധം (വുഖൂഫെ ഖൽബി) മറ്റൊന്നും ഇല്ല എന്ന മട്ടിൽ പ്രിയപ്പെട്ടവനുമായി ഹൃദയം സഹവസിക്കുക.
ഇതിൽ അവസാനത്തെ മൂന്നെണ്ണവും ഇമാം ബഹാഹുദ്ധീൻ നഖ്‌ശബന്ദി (റ) കൂട്ടിച്ചേർത്തതാണ്. മൗനം തളംകെട്ടി നിൽക്കുന്ന താഴ്്വരയിൽ ദിവ്യ പ്രണയത്തിന്റെ മഴ വർഷിക്കുന്നതായി അനുഭവപ്പെടുന്നയിടമാണ് ശൈഖ് ഗിജ്ദുവാനി(റ) യുടെ മൗസോളിയം. അല്ലാഹുവിന്റെ ഏകത്വത്തിന്റെ മഹത്തായ സന്ദേശം നൽകുന്ന ഒരൊറ്റ മിനാരം അവിടെ തലയുയർത്തി നിൽക്കുന്നുണ്ട്. ഗിജ്ദുവാൻ പ്രദേശത്തിന്റെയും നീല താഴികക്കുടത്തിന്റെയും ഹൃദ്യമായ ദൃശ്യമനുഭവിക്കാൻ എല്ലാവരും ആ മിനാരത്തിലേക്ക് കയറി.

വൃത്താകൃതിയിലുള്ള പടികൾ കയറി വേണം മുകളിലെത്താൻ. ഉയരത്തിലേക്ക് എത്തുംതോറും ഇടുക്കം കൂടുന്നുണ്ട്. മിനാരത്തിന്റെ വാതിലിനു നല്ല മുറുക്കമുണ്ട്. ഒരുപാട് കാലമായിട്ടുണ്ടാകും ഇതിന്റെ മുകളിലേക്ക് ആളുകൾ കയറിയിട്ടെന്ന് സംശയം. ബുഷ് ചെടികളുടെ നാട്ടൽ, താഴികക്കുടത്തിന്റെ പഴമയും ഗരിമയും ഉയരത്തിൽ നിന്നനുഭവിച്ചത് വാക്കുകൾക്കതീതമാണ്. ഗിജ്ദുവാനിൽ കണ്ണുമിഴിച്ചു കാണാൻ കാഴ്ചകൾ ഏറെയാണ്. ഞങ്ങൾ നടപ്പ് തുടർന്നു.
“സൂഫിസം’ വേഷം കെട്ടലിലും ആത്മ ജ്ഞാനശാസ്ത്രത്തിന്റെ സാങ്കേതിക ഭാഷാ പ്രയോഗത്തിലും മാത്രം ഒതുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണ്. മൗലാനാ ജലാലുദ്ദീൻ റൂമി(റ) യുടെ ആത്മീയ ബഹിർസ്ഫുരണ വാക്കുകൾ പൈങ്കിളി കഥകളുടെ മാത്രം ഉദ്ധരണികളായി ഉപയോഗിക്കുന്ന അവിവേകികളും കൂട്ടത്തിലുണ്ട്. മൗലവിയ്യ ത്വരീഖത്തിന്റെ ചിട്ടകളിലുള്ള “സമാ’ ചുവടുകളെയും അതിന്റെ വേഷ വിധാനങ്ങളെയും കോപ്പിയടിച്ചു മാപ്പിളപ്പാട്ടുകളിലും മദ്ഹ് ഗാനങ്ങളിലും അനാവശ്യമായി തിരുകി വൃത്തികേടാകുന്നവർ അറിയുന്നില്ല ഇതൊക്കെ ഓരോ മഹത്തുക്കളും ദിവ്യ പ്രണയത്തിന്റെ ഉന്നതിയിലെത്തുമ്പോഴുണ്ടാകുന്ന ചുവടുവെപ്പുകളാണെന്ന്. നിസ്കാരവും നോന്പും കൃത്യമായി കൊണ്ടുനടക്കാതെ അൽപ്പം ഗസലുകളും ആളുകൾക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള അറബി, ഫാർസി കവിതകളുടെയും ആലാപനവും മാത്രമാണ് സൂഫിസം എന്ന് നിനച്ചുപോയവർ അറിയുന്നില്ല തങ്ങൾ എത്തിപ്പെട്ടത് വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന്. വിശദമായി ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സൂഫിസം. അതിലേക്ക് വഴിയേ വരാം.

നൂറ്റാണ്ടുകൾക്ക് മുന്നേ അവിടെയുള്ള കെട്ടിടങ്ങളിൽ ഉപയോഗിച്ച ജനലും വാതിലുകളുമൊക്കെ സമീപത്തായുള്ള കെട്ടിടങ്ങളിൽ സൂക്ഷിച്ചു വെച്ചതായി കാണാൻ കഴിഞ്ഞു. ഇഷ്ടിക കൊണ്ടുണ്ടാക്കിയ കെട്ടിടങ്ങൾക്കിത്രയേറെ ഭംഗിയുണ്ടെന്നു മനസ്സിലാക്കിത്തന്നത് ഉസ്‌ബെക്കിസ്ഥാനാണ്. ഈ ഉദ്യാനത്തിനു നനക്കാനായി വലിയൊരു കുളം പറമ്പിന്റെ നടുവിൽ കുഴിച്ചിട്ടുണ്ട്. ആ ഭൂമിയിൽ പെയ്യുന്ന ഓരോ തുള്ളി വെള്ളവും കൃത്യമായി ഓടകളിലൂടെ വന്ന് കുളത്തിലേക്ക് ചേരാനുള്ള പാത്തികളും അവിടെ കാണാം. സമാനമായി ബുഖാറക്കാർ മറപ്പെട്ടു കിടക്കുന്ന പല മസ്‌ജിദുകളിലും മഖ്‌ബറകളിലും ഇങ്ങനെ കാണാൻ കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ വളപട്ടണത്തെ ജലാലുദ്ദീൻ ബുഖാരി (റ)തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന കക്കുളങ്ങര പള്ളിയിലും വേറെ പല ഭാഗത്തും ഉള്ളതായി അറിവുണ്ട്. ഡോ. ഹകീം അസ്ഹരി ഉസ്താദിന് ആ പാത്തികളും സംവിധാനങ്ങളും വളരെ ഇഷ്ടമായെന്ന് തോന്നുന്നു. അദ്ദേഹം കുറച്ചധികം നേരം അവിടെ ചെലവഴിച്ചു. പാത്തികളും ഓടകളും നോക്കി കണ്ടു. അതിന്റെ ചിത്രങ്ങൾ പ്രത്യേകം എടുപ്പിച്ചു. യാത്ര കഴിഞ്ഞു മർകസ് നോളജ് സിറ്റിയിലെത്തിയപ്പോഴാണ് അതിന്റെ ഫലം കാണാൻ കഴിഞ്ഞത്. നോളജ് സിറ്റിയിൽ പെയ്യുന്ന എല്ലാ മഴവെള്ളവും ഒരു തുള്ളി പോലും നഷ്ടപ്പെടാത്ത രീതിയിൽ സംഭരിക്കാൻ വേണ്ടി മാത്രം ധാരാളം ഡ്രെയിനേജുകൾ പണിത് അതിന്റെ ഒരറ്റത്തായി വലിയൊരു ആർട്ടിഫിഷ്യൽ തടാകം പണിതുവെപ്പിച്ചു അദ്ദേഹം. മർകസ് നോളജ് സിറ്റി സന്ദർശിക്കുന്നവർക്ക് അതൊരു കൗതുകക്കാഴ്ചയാണ്.
ഗിജ്ദുവാനിൽ നിന്നും മടങ്ങാൻ വേണ്ടി ബസ് കയറാനിരിക്കെ കുറച്ച് തദ്ദേശീയരായ ആൺകുട്ടികളും പെൺകുട്ടികളും ഞങ്ങളെ വളഞ്ഞു. അവർക്ക് ഞങ്ങളോട് പലതും ചോദിക്കാനുണ്ടത്രേ! പക്ഷേ, ഭാഷ തടസ്സം തന്നെ. പുഞ്ചിരിയിലൂടെ ആ നിഷ്കളങ്ക ബാല്യങ്ങൾക്ക് ഞങ്ങൾ മറുപടി നൽകി. അവരിൽ ചിലർ പട്ടം പറത്തി കളിക്കുന്നുണ്ട്. അതിനോടൊപ്പം ചേരാൻ അവർ ഞങ്ങളെ ക്ഷണിച്ചു. കാതങ്ങൾക്കകലെ പേരും വിലാസവും അറിയാത്ത കുരുന്നു ബാല്യങ്ങളോടൊപ്പം ഞങ്ങളിൽ പലരും കുട്ടികളുടെ ഭാവമണിഞ്ഞ് അവരെ സന്തോഷിപ്പിക്കുകയായിരുന്നു.