Kerala
കിഴ്വള്ളൂർ അപകടം; രണ്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
ബസിന്റെ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി
പത്തനംതിട്ട | പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി കിഴ്വള്ളൂര്‍ ഓര്‍ത്തഡോക്സ് പളളിക്ക് മുന്നിൽ അപകടത്തില്‍പ്പെട്ട കെ എസ് ആര്‍ ടി സി ബസിന്റെയും സൈലോ കാറിന്റെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി ആര്‍ ടി ഒ. എ കെ ദിലു അറിയിച്ചു. ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്.
ഈ മാസം 11ന് ഉച്ചയ്ക്ക് 1.47നാണ് പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന സൈലോ കാറും കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗവുമാണ് അപകടത്തിനിടയാക്കിയതെന്ന് സി സി ടി വി ദൃശ്യങ്ങള്‍ അടക്കം നോക്കി നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് ആര്‍ ടി ഒ പറഞ്ഞു.
റോഡിന് നടുവില്‍ ഓവര്‍ടേക്ക് ചെയ്യാതിരിക്കുന്നതിനുള്ള മഞ്ഞവര ഇരുവാഹനങ്ങളും മറികടന്നിരുന്നു. ബസിന്റെ പെര്‍മിറ്റ്, ഫിറ്റ്നസ്, ഇന്‍ഷുറന്‍സ് എന്നിവ സാധുവായിരുന്നു. അതേസമയം, സ്പീഡ് ഗവേര്‍ണറും ജി പി എസും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ആര്‍ ടി ഒ ഉത്തരവിടുകയും ചെയ്തു.