Connect with us

kk rema

മുസ്ലിം വ്യക്തി നിയമപ്രകാരം സ്ത്രീകള്‍ക്ക് തുല്യ അവകാശം ഇല്ലെന്ന് കെ കെ രമ എം എല്‍ എ; ലീഗ് പുരോഗമനപരമാകണം

സഭക്ക് പുറത്ത് വളരെ ദുര്‍ബലമാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിക്കുള്ളില്‍ കലഹം രൂക്ഷമാണ്. എല്ലാവര്‍ക്കും നേതാക്കളാകാനാണ് ആഗ്രഹം. കോണ്‍ഗ്രസ് പ്രവര്‍ത്തനരീതി മാറ്റിയില്ലെങ്കില്‍ എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തുന്ന സ്ഥിതിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | മുസ്ലിം വ്യക്തി നിയമപ്രകാരം സ്ത്രീകള്‍ക്ക് തുല്യ അവകാശം ഇല്ലെന്ന് ആര്‍ എം പി ഐ നേതാവും വടകര എം എല്‍ എയുമായ കെ കെ രമ. സമുദായ നേതാക്കള്‍ ഒരിക്കലും ഇക്കാര്യം അംഗീകരിക്കില്ല. അഡ്വ.ഷുക്കൂര്‍- ഷീന ദമ്പതിമാരുടെ രണ്ടാം വിവാഹത്തെ സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവര്‍. വരും നാളുകള്‍ മുസ്ലിം ലീഗ് കൂടുതല്‍ പുരോഗമനപരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ കെ രമ.

തിരഞ്ഞെടുപ്പില്‍ പിന്തുണച്ചു എന്ന കാരണം കൊണ്ട് ശരിയായ രാഷ്ട്രീയ നിലപാട് എടുക്കാതിരുന്നിട്ടില്ല. മതേതര പാര്‍ട്ടിയാണെങ്കിലും ലീഗ് സ്വീകരിക്കുന്ന പല നിലപാടുകളോടും ആര്‍ എം പിക്ക് ശക്തമായ വിയോജിപ്പുണ്ട്. കാള്‍ മാര്‍ക്‌സും ഏംഗല്‍സും സദാചാരവിരുദ്ധരാണെന്ന ലീഗ് നേതാവ് എം കെ മുനീര്‍ എം എല്‍ എയുടെ അഭിപ്രായത്തെ തള്ളിക്കളയുന്നു. ഇക്കാര്യം തെറ്റാണെന്ന് അദ്ദേഹത്തോട് താന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, അതിലേക്ക് പോകണമോയെന്നായിരുന്നു അവര്‍ പ്രതികരിച്ചത്. പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവിടെ എത്താന്‍ പറ്റണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും രമ പറഞ്ഞു. ജീവിതം ആസ്വദിക്കാനാണ് വിവാഹശേഷം രാഷ്ട്രീയം വിട്ടതെന്ന്, അന്ന് എസ് എഫ് ഐയുടെ വൈസ് പ്രസിഡന്റായിരുന്ന രമ വ്യക്തമാക്കി. 2012ന് മുമ്പ് പൂര്‍ണമായും ചന്ദ്രേട്ടനെ (ടി പി ചന്ദ്രശേഖരന്‍) അവലംബിച്ചായിരുന്നു ജീവിതം. അദ്ദേഹത്തോടൊപ്പമില്ലാത്ത ജീവിതം വിചാരിക്കാന്‍ പോലും സാധ്യമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

യു ഡി എഫില്‍ വനിതാ നേതാക്കള്‍ ഇല്ലാത്തതുകൊണ്ടല്ല, നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത്. യു ഡി എഫിലെ കക്ഷികള്‍ സ്ത്രീകള്‍ക്ക് മതിയായ അവസരം നല്‍കാത്തതാണ് കാരണം. എല്‍ ഡി എഫുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പുരുഷകേന്ദ്രീകൃതമാണ് യു ഡി എഫ്. സഭക്ക് പുറത്ത് വളരെ ദുര്‍ബലമാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിക്കുള്ളില്‍ കലഹം രൂക്ഷമാണ്. എല്ലാവര്‍ക്കും നേതാക്കളാകാനാണ് ആഗ്രഹം. കോണ്‍ഗ്രസ് പ്രവര്‍ത്തനരീതി മാറ്റിയില്ലെങ്കില്‍ എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തുന്ന സ്ഥിതിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഒറ്റപ്പെട്ടല്‍ അനുഭവപ്പെട്ടെങ്കിലും ഇപ്പോള്‍ ഭരണപക്ഷ എം എല്‍ എമാര്‍ സൗഹൃദം പ്രകടിപ്പിക്കുന്നു. വടകരയുടെ കാര്യം വരുമ്പോള്‍ മന്ത്രിമാരും ഏറെ പിന്തുണ നല്‍കുന്നു. ഇപ്പോള്‍ യാതൊരു വിവേചനവുമില്ലെന്നും രമ പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി നല്ല ബന്ധമാണുള്ളത്. ഫിഫ ലോകകപ്പ് സമയത്ത് തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ട്രെയിനില്‍ വെച്ച് തന്റെ ഫോണില്‍ ഒരു ഫുട്‌ബോള്‍ മത്സരം മുഴുവനായി അദ്ദേഹത്തോടൊപ്പം കണ്ടിരുന്നു. അദ്ദേഹത്തിന്റെ സൗഹൃദത്തില്‍ ഏറെ അത്ഭുതപ്പെട്ടു. സി പി എം മാപ്പുപറഞ്ഞാല്‍ അവരോട് പൊറുക്കുമോയെന്ന ചോദ്യത്തിന്, ചന്ദ്രശേഖരനെ അവര്‍ തിരികെതരുമോയെന്നായിരുന്നു രമയുടെ മറുപടി.

യു ഡി എഫ് അടക്കമുള്ള മറ്റ് പാര്‍ട്ടികളുടെ പിന്തുണ കൂടാതെ അതിജീവനം സാധ്യമാകുമായിരുന്നില്ല. അതിജീവനം പ്രധാനമാണ്. എന്നാല്‍ ഇപ്പോഴും യു ഡി എഫിന്റെ ഭാഗമല്ല ആര്‍ എം പി. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ല. ബദല്‍ ഇടത് രാഷ്ട്രീയത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നത്. തീവ്ര ഇടതുരാഷ്ട്രീയവും പ്രത്യയശാസ്ത്രപരമായി എതിര്‍ചേരിയിലുള്ളവരുടെ പിന്തുണ അതിജീവനമായി ന്യായീകരിക്കുന്നതും എങ്ങനെ ഒത്തുപോകുമെന്ന് ചോദിച്ചപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അതിജീവനം ആവശ്യമാണെന്ന് അവര്‍ മറുപടി നല്‍കി. കോണ്‍ഗ്രസിന് ഈ പിന്തുണയില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ടാകും. എന്നാല്‍ അതിജീവനത്തിന് ആ പിന്തുണ തങ്ങള്‍ക്ക് അനിവാര്യമായിരുന്നു. അതിനെ ചിലര്‍ അവസരവാദമായി കണ്ടേക്കാം. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഒരിക്കലും സര്‍ക്കാറിന്റെ ഭാഗമാകില്ല. യു ഡി എഫില്‍ ഒരു ആര്‍ എം പി മന്ത്രിയുണ്ടാകുകയില്ലെന്നും രമ പറഞ്ഞു.

ടി പി വധക്കേസുമായി ബന്ധപ്പെട്ട് ചില വിട്ടുവീഴ്ചകള്‍ യു ഡി എഫ് നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാതിരുന്നത്. അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. അധികാരത്തിലിരിക്കെ കോണ്‍ഗ്രസ് എന്തിന് ഒത്തുതീര്‍പ്പിന് തുനിഞ്ഞുവെന്നത് അദ്ദേഹം വിശദീകരിക്കണം. അതേസമയം, സി പി എം ഏരിയ കമ്മിറ്റിയംഗം കുഞ്ഞനന്തനെങ്കിലും ശിക്ഷിക്കപ്പെട്ടതില്‍ സന്തുഷ്ടയാണ്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഇപ്പോഴും കോടതിയില്‍ പോരാടുന്നുണ്ട് ആര്‍ എം പി. കോണ്‍ഗ്രസുമായി അടുത്തതിന് ശേഷം, കേസന്വേഷണം അട്ടിമറിക്കപ്പെട്ടതിനെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ ചില സാങ്കേതിക കാരണങ്ങളാണ് നേതൃത്വം നല്‍കിയതെന്നും രമ പറഞ്ഞു.

 

Latest