Connect with us

socialist

ദളിത് ഗവേഷക വിദ്യാര്‍ഥിനി ദീപയുടെ ജീവന്‍ രക്ഷിക്കണമെന്ന് കെ കെ രമ എം എല്‍ എ

ദീപയ്ക്ക് ഗവേഷണം പൂർത്തീകരിക്കാൻ എല്ലാ സൗകര്യവും ഒരുക്കുക മാത്രമല്ല, പ്രതിഭാധനയായ ഒരു വിദ്യാർത്ഥിനിയുടെ ജീവിതത്തിലെ ഇത്രയും വർഷങ്ങളും സ്വസ്ഥ ജീവിതവും സന്തോഷങ്ങളും കവർന്നെടുത്തവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ കൂടി സ്വീകരിക്കുക എന്നത് വളരെ പ്രധാനമാണ്.

Published

|

Last Updated

കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ജാതിവിവേചനത്തിനെതിരെ നിരാഹാര സമരം ചെയ്യുന്ന ദളിത് ഗവേഷക വിദ്യാര്‍ഥിനി ദീപ പി മോഹന്റെ ജീവന്‍ രക്ഷിക്കണമെന്ന് വടകര എം എല്‍ എ. കെ കെ രമ. ഹൈക്കോടതി വിധി, പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവ് തുടങ്ങിയവയൊന്നും നടപ്പാക്കാത്ത സര്‍വകലാശാല ഗുരുതര അലംഭാവം പ്രകടിപ്പിക്കുകയാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് പൂര്‍ണരൂപത്തില്‍:

എം.ജീ സർവ്വകലാശാലയിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്യുന്ന ദലിത് ഗവേഷക വിദ്യാർത്ഥിനി ദീപയുടെ ജീവൻ രക്ഷിക്കുക.

സർവകലാശാല അധികൃതർ പുലർത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി ദീപ പി.മോഹന്റെ നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സർക്കാരും സർവ്വകലാശാല അധികൃതരും എത്രയും പെട്ടന്ന് മുൻകൈ എടുക്കണം.

 

പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് നാനോ സയൻസ് പോലെ നൂതന വിഷയങ്ങളിൽ ഗവേഷണം വരെ എത്തിയ ഒരു ദലിത് വിദ്യാർത്ഥിനിക്ക് സർവ്വാത്മനാ പിന്തുണയും കൈത്താങ്ങുമാവേണ്ടതാണ് നമ്മുടെ സർവ്വകലാശാലകൾ. അതൊരു ഔദാര്യമല്ല, മറിച്ച് ഭരണഘടനാ ദത്തമായ അവകാശമാണ്. എന്നിട്ടാണ് കഴിഞ്ഞ പത്തു വർഷത്തിനടുത്തായി പഠനാവസരങ്ങൾ നിഷേധിച്ചും വ്യക്തിപരവും ജാതീയവുമായി അവഹേളിച്ചും സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചും ഈ പെൺകുട്ടിക്കെതിരെ ആ പഠന വിഭാഗത്തിലെ ചില അദ്ധ്യാപകർ യുദ്ധം നടത്തുന്നത്. ദീപയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി വന്നിട്ടും പട്ടിക വർഗ്ഗ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും സർവ്വകലാശാലയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് അതീവ ഗുരുതരമായ അലംഭാവമാണ്.
വളരെ ഗൗരവത്തിൽ കാണേണ്ടതും ഞെട്ടിക്കുന്നതുമായ അനുഭവങ്ങളാണ് ദീപയുടെ പരാതികളിൽ ഉള്ളത്.
ദീപയ്ക്ക് ഗവേഷണം പൂർത്തീകരിക്കാൻ എല്ലാ സൗകര്യവും ഒരുക്കുക മാത്രമല്ല, പ്രതിഭാധനയായ ഒരു വിദ്യാർത്ഥിനിയുടെ ജീവിതത്തിലെ ഇത്രയും വർഷങ്ങളും സ്വസ്ഥ ജീവിതവും സന്തോഷങ്ങളും കവർന്നെടുത്തവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ കൂടി സ്വീകരിക്കുക എന്നത് വളരെ പ്രധാനമാണ്.
ദീപയ്ക്കും സമരസമിതിക്കും അഭിവാദ്യങ്ങളും പിന്തുണയും അറിയിക്കുന്നു.
കെ.കെ.രമ