Kerala
കെ കെ രമക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു; ഇനിയും വിമര്‍ശിക്കുമെന്നും എംഎം മണി
പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് നേരത്തെ എം എം മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു
ഇടുക്കി | കെ കെ രമ എംഎല്‍എക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എം എം മണി. നിയമസഭയില്‍ വന്നാല്‍ ഇനിയും വിമര്‍ശം കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. രമയെ മുന്‍ നിര്‍ത്തിയുള്ള യുഡിഎഫിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചതെന്നും എം എം മണി തൊടുപുഴയില്‍ പറഞ്ഞു.
പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് നേരത്തെ എം എം മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്നും ആരോപിച്ചിരുന്നു. കെ കെ രമ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയില്‍ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര്‍ സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രതിപക്ഷം പ്രത്യേകം സമയം അനുവദിച്ചു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് എം എം മണി വിശദീകരിച്ചത്