From the print
കെ എം ബഷീറിന്റെ കൊലപാതകം: പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരായില്ല
വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാനായി സെപ്തംബര്‍ 22ലേക്ക് മാറ്റി.

തിരുവനന്തപുരം ്യു സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിന്റെ വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാനായി സെപ്തംബര്‍ 22ലേക്ക് മാറ്റി. അതേസമയം, കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ ഹാജരായില്ല. നിലവിലെ വിചാരണാ കോടതി തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
വഞ്ചിയൂര്‍ കോടതി സമുച്ചയത്തിലെ ഒന്നാം നിലയിലെ കോടതിയില്‍ നിന്ന് താഴത്തെ നിലയിലെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള കോടതിമാറ്റ ഹരജിയിലാണ് കോടതി മാറ്റമുണ്ടായത്. പ്രതിഭാഗം അഡ്വ. ബി രാമന്‍പിള്ളക്ക് ഒന്നാം നിലയിലെ വിചാരണാ കോടതിയിലേക്ക് ഗോവണിപ്പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ താഴത്തെ നിലയിലുള്ള അഡീഷനല്‍ ജില്ലാ കോടതിയിലേക്ക് മാറ്റം വേണമെന്ന പ്രതിയുടെ കോടതിമാറ്റ ഹരജി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി അനുവദിക്കുകയായിരുന്നു.
ട്രാന്‍സ്ഫര്‍ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സാക്ഷിവിസ്താര വിചാരണ നിര്‍ത്തിവെച്ചിട്ടുണ്ട്. പ്രതിയുടെ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെയാണ് സാക്ഷിവിസ്താരം മാറ്റിവെച്ചത്. ഇതോടെ സാക്ഷി സമന്‍സ് റദ്ദാക്കിയ കോടതി, നേരത്തേ അയച്ച സമന്‍സുകള്‍ തിരികെ വിളിപ്പിച്ചു. ഡിസംബര്‍ രണ്ടിന് വിചാരണ തുടങ്ങാന്‍ കോടതി നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്നു.
ഡിസംബര്‍ രണ്ട് മുതല്‍ 18 വരെയായി 95 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടത്. വിവിധ തീയതികളിലായി 95 സാക്ഷികള്‍ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. വിചാരണക്ക് മുന്നോടിയായി പ്രതിക്കുമേല്‍ കോടതി ആഗസ്റ്റില്‍ നരഹത്യാ കുറ്റം ചുമത്തിയിരുന്നു.